“തിരിച്ചു വരും…….. ശക്തമായി”
മേരിയെ നോക്കി പഞ്ചിൽ അതും പറഞ്ഞ് അവൻ പോയി.
“എന്ന നമുക്കും ഇറങ്ങാം മേരിയമ്മേ??”
വിഷ്ണു പോയപ്പോൾ മേരിയെ നോക്കി രമേശേട്ടൻ ചോദിച്ചു
“അഹ് ഒരു മിനിറ്റ് രമേശാ, നീ ഇങ്ങോട്ട് വന്നെ.”
രമേഷേട്ടനോട് പറഞ്ഞിട്ട് മേരി എന്നെയും പിടിച്ചു വലിച്ചുകൊണ്ട് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു.
“മ്മ്…… എന്താ മേരി??”
മാറി നിന്ന ശേഷം ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.
“ആ കൊച്ചിനെ കരയിപ്പിക്കരുത് കേട്ടോ മോനു”.
“മ്മ…..”
ഞാൻ വെറുതെ മൂളി, പക്ഷെ മനസ്സിൽ മേരി പറഞ്ഞത് പോലെ യാമിനിയെ ഇനി കരയാൻ വിടരുത് എന്നൊരു തീരുമാനം എടുക്കുകയായിരുന്നു.
“അതൊരു പാവം ആണ് ലേ മോനു….”
“മ്മ……..”
അത് അത്ര ഇഷ്ടമാവാത്ത പോലെ ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മൂളി, അതിന്റെ കാരണം എനിക്ക് അറിയില്ല, ചിലപ്പോൾ എന്റെ മേരി മറ്റൊരാളെ പൊക്കി പറയുന്നത് കേൾക്കുമ്പോൾ എന്റെ ഉള്ളിൽ മുളയ്ക്കുന്ന അസൂയ കാരണം ആവാം.
“പിന്നെ മോനു……….”
“ഹാ എന്താണ് മേരി, പറ……..”
എന്തോ പറയാൻ വന്നിട്ട് മടിച്ച് കളിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.
“അത് പിന്നെ മോനു…… അപ്പനോട് ദേഷ്യം തോന്നരുത് കേട്ടോ, പുള്ളിക്കാരന് നീ എന്ന് പറഞ്ഞ ജീവനാണ്. ഞാൻ കാണുന്നതല്ലേ നീ പോയതിന് ശേഷമുള്ള മൂപ്പരുടെ അവസ്ഥ……… നീ ഒന്ന് വീട്ടിലേക്ക് വാ, അപ്പൻ എന്തായാലും നിങ്ങളോട് ക്ഷമിക്കും”.
മേരി മെല്ലെ മെല്ലേ പറഞ്ഞു.
“ഏയ് അത് ശരിയാവില്ല മേരിയേ, ഇനി ഒരിക്കലും ആ പടി ചവിട്ടരുതെന്ന് അപ്പൻ തന്നെയാണ് പറഞ്ഞത്….. അപ്പൊ അത് ധിക്കരിക്കുന്നത് ശരിയല്ല”
“ഹോ….. അപ്പനും മോനും കണക്കാണ്, രണ്ടാളും ഈ വാശിയും കെട്ടിപ്പിടിച്ച് ഇരുന്നോ”.
മേരി പെട്ടെന്ന് തന്നെ പിണങ്ങി.