🤵പുലിവാൽ കല്യാണം 3👰 [Hyder Marakkar]

Posted by

“എടോ എഴുന്നേറ്റ് കട്ടിലിൽ കയറി കിടന്നോ”
എവിടെ………… ആര് കേൾക്കാൻ
എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇതിന് രാവിലെ ആവുമ്പോഴേക്കും എന്തെങ്കിലും പറ്റുമല്ലോ ഈശോയെ,

എനിക്ക് ആകെ ഒരു അസ്വസ്ഥത, എന്തോ അവള് ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ ഒരു വിഷമം…… ഹാാാ, ഇനിയും ഞാൻ ഒന്നും ചെയാതെ നിന്നിട്ട് കാര്യമില്ല….

അല്പം ചിന്തിച്ച ശേഷം ഞാൻ അത് ചെയ്തു, അതെ… അവളെ പിൻ കഴുത്തിലും തുടയ്ക്ക് താഴെ കൂടിയും കൈ ഇട്ട് പൊക്കി എടുത്തു, ന്റമ്മച്ചി……… ഞാൻ പ്രതീക്ഷിച്ചതിലും ഭാരം ഉണ്ടല്ലോ

എടുത്ത് ഉയർന്നപ്പോൾ വീഴാൻ പോയെങ്കിലും എങ്ങനെയോ ബാലൻസ് ചെയ്തു, ഭാഗ്യം അവൾ ഉണർന്നില്ല.

“ആാാ…….. തല്ലല്ലേ…. മീരമ്മേ……”
കട്ടിലിലേക്ക് കിടത്താൻ നോക്കുന്നതിന് ഇടയ്ക്ക് അവൾ എന്റെ കൈയിൽ കിടന്ന് പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടു, എന്തോ ചങ്ക് പിടച്ചുപോയി അവളുടെ നിഷ്കളങ്കമായ സ്വരം കേട്ടപ്പോൾ…. ആ തള്ളയെ ആയിരിക്കും ഇവൾ സ്വപ്‌നം കാണുന്നത്, പണ്ടാരം….. എങ്ങനെ തോന്നി കാണും അവർക്ക് ഇതിനെ ഉപദ്രവിക്കാൻ… ഛെ, അവരോടുള്ള ദേഷ്യം അടക്കാൻ കഴിയുന്നില്ല…….. അല്ല പറ്റും, എന്തും മറക്കാൻ പറ്റും, ഇവളുടെ മുഖത്തേക്ക് തന്നെ ഇങ്ങനെ നോക്കി നിന്ന മതി, മറ്റെന്തും മറക്കാം….. എന്നെക്കാൾ നാലഞ്ച് വയസിന് മൂത്തത് ആണെങ്കിലും ഇപ്പോഴും ഒരു കുട്ടിത്തം ആ മുഖത്ത് ഉണ്ട്…. എന്റെ ഒന്നും മുഖത്ത് ചെറുപ്പത്തിൽ പോലും ഉണ്ടായിട്ടുണ്ടാവില്ല.

 

“ഉമ്മ്മ്മ്…….”
കട്ടിലിൽ കിടത്തിയ ശേഷം കുറച്ചു നേരം നോക്കി നിന്നിട്ട് ഞാൻ ആ നെറ്റിയിൽ പതിയെ ഒരു ചുംബനം കൊടുത്തു, എന്റെ പെണ്ണിന് ഞാൻ നൽകുന്ന ആദ്യ ചുംബനം…. പക്ഷെ അവൾ അതൊന്നും അറിഞ്ഞിട്ട് പോലും ഇല്ല… നല്ല ചൂടുണ്ട് ഇപ്പോഴും….

എന്ത് ചെയ്യും???

പണ്ട് എനിക്ക് പനി വരുമ്പോൾ മേരി നേഴ്സ് ചെയ്യുന്ന കുറച്ച് സംഭവങ്ങളുണ്ട്, അതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കാം…… ആദ്യ പരീക്ഷണമാണ് കർത്താവേ മിന്നിച്ചേക്കണേ……..

 

ആദ്യം എന്തായാലും തുണി നനച്ചിട്ട് കൊടുക്കാം, ഞാൻ വേഗം പോയി ഒരു തുണി എടുത്ത് നനച്ച് കൊണ്ടുവന്നു.

“ലുട്ടാപ്പി……”
അവൾ ഉറക്കത്തിൽ പറഞ്ഞതാണ്, ഇവൾ ഇനി ഉറക്കത്തിൽ വല്ല ബാലരമയും വായിക്കുകയാണോ, ലുട്ടാപ്പിയോ?

തുണി നനച്ച് നെറ്റിയിൽ വച്ചപ്പോൾ അവൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു, കക്ഷി ഇപ്പോഴും സ്വപ്നത്തിൽ തന്നെ ആണെന്ന് തോന്നുന്നു.. എന്തായാലും ഇപ്പോ കണ്ടുകൊണ്ട് ഇരിക്കുന്നത് സന്തോഷകരമായ എന്തോ ആണ്. അത് പിന്നെ ലുട്ടാപ്പിയും ഡാകിനിയും ഒക്കെ അല്ലേ സ്വപ്നത്തിൽ വരുന്നത്…..

Leave a Reply

Your email address will not be published. Required fields are marked *