തുണി നനച്ച് നെറ്റിയിൽ വച്ച ശേഷം ഞാൻ നേരെ അടുക്കളയിൽ പോയി വെളുത്തുള്ളി ചതച്ച് അല്പം വെളിച്ചെണ്ണ എടുത്ത് അതിൽ കലക്കി. ഇതും മേരി എനിക്ക് ചെയ്ത് തന്നിരുന്ന ഒരു കാര്യമാണ്… ഈ നീര് കാലിനടിയിൽ തേച്ച് മസ്സാജ് ചെയ്യണം… മേരി ചെയ്ത് തന്നിരുന്ന കാര്യങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നായിരുന്നു ഇത്….
ഞാൻ അതുമായി തിരിച്ച് പനിക്കാരിയുടെ അടുത്ത് പോയി ഇരുന്നു, ഇപ്പോ അനക്കം ഒന്നുമില്ല, പിച്ചും പെയ്യും പറച്ചിലും നിർത്തിയിട്ടുണ്ട്.
ഞാൻ മെല്ലെ കട്ടിലിൽ അവളുടെ കാല് വെച്ച ഭാഗത്ത് ഇരുന്ന ശേഷം കാല് രണ്ടും എടുത്ത് എന്റെ മടിയിലേക്ക് വച്ചു, ഇല്ല അവൾ ഒന്നും അറിഞ്ഞിട്ടില്ല…. ഇതിനെ ഈ അവസ്ഥയിൽ രാത്രി തട്ടി കൊണ്ട് പോവാൻ എളുപ്പം ആണല്ലോ, ഛെ…… ഞാൻ എന്തിനാണ് തട്ടി കൊണ്ടു പോവുന്ന കാര്യം ഒക്കെ ചിന്തിക്കുന്നത്, ഈ കിടക്കുന്നത് എന്റെ സ്വന്തം ഭാര്യയല്ലേ……. എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചത് ആയതുകൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് ഞാൻ അത് മറന്ന് പോവും…. ഇപ്പോഴും പക്ഷെ വിശ്വസിക്കാൻ പറ്റുന്നില്ല, കല്യാണത്തെ പറ്റി എനിക്ക് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോ ഇതിനെ കാണുമ്പോൾ ഞാൻ സ്വപ്നം കണ്ടിരുന്നതിനേക്കാൾ മികച്ച ഭാവിയിലാണ് ഞാൻ ജീവിക്കാൻ പോവുന്നത് എന്ന് തോന്നുകയാണ്…. അല്ല, തോന്നൽ അല്ല, സത്യമാണ്….. ഉണ്ണിമായ പറഞ്ഞത് പോലെ എല്ലാം ഒരു നിയോഗം ആണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇപ്പോ ഇഷ്ടം.
ഞാൻ ആ നീര് കയ്യിൽ ആക്കിയിട്ട് അവളുടെ കാലിനടിയിൽ പുരട്ടി, മെല്ലെ മസാജ് ചെയ്തു….. നല്ല മൃദുവായ പാദങ്ങൾ, ഉഴിയുമ്പോൾ കൈ വഴുതി പോവുന്നു, അത്രയും മൃദുലം….. പുറത്ത് തകർത്തു പെയ്യാൻ തുടങ്ങിയ മഴയെയും ചുറ്റുമുള്ള മറ്റെന്തിനെയും മറന്നുകൊണ്ട് ഞാൻ ആ കാല് പാദങ്ങളിൽ പൂർണ്ണ ശ്രദ്ധയും കൊടുത്തു, ഈ പാദങ്ങൾക്ക് ഒക്കെ ഇത്ര ഭംഗി ഉണ്ടാവുമെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്.
എത്ര നേരം ഞാൻ ആ കാല് പാദങ്ങളിൽ വിരലുകൾ ഓടിച്ചിരുന്നു എന്നറിയില്ല, പെട്ടെന്ന് എന്തോ തോന്നി അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ഞാൻ കാണുന്നത് കണ്ണും തുറന്ന് എന്നെ തന്നെ നോക്കി കിടക്കുന്ന യാമിനിയെ ആണ്, എന്താണ് അവളുടെ മുഖത്തെ ഭാവം എന്ന് മനസിലാവുന്നില്ല….. പക്ഷെ ഞാൻ ശരിക്കും പതറി പോയി, ഞാൻ എന്തൊക്കെ ന്യായീകരണം പറഞ്ഞാലും സമ്മതം ഇല്ലാതെ കാലിൽ കയറി പിടിച്ചത് അവൾക്ക് ഇഷ്ടമായി കാണില്ല…
“സോറി………. ഞാൻ……….. അത്…………. പിന്നെ………… അത്…………. പനിയുണ്ടെന്ന് കണ്ടിട്ട്………. പനി മാറാൻ…..”
അവളുടെ കാലുകൾ മടിയിൽ നിന്നും മാറ്റി എഴുന്നേറ്റു നിന്ന ശേഷം ഞാൻ മടിച്ചു മടിച്ച് പറഞ്ഞു…. പക്ഷെ മറുപടിയായി ഒന്നും മിണ്ടാതെ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് അവൾ ചെയ്തത്, അതും ഒരു വോൾടേജ് കുറഞ്ഞ ചിരി, പനിയുടെ ക്ഷീണം ആ മുഖത്ത് എടുത്ത് കാണിക്കുന്നുണ്ട്. ഇടയ്ക്ക് ഒന്നു രണ്ട് വട്ടം ചുമക്കുന്നതും കണ്ടു… എന്നാലും അവളുടെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല…