“ഞാൻ ചുക്ക് കാപ്പിയുണ്ടാക്കാം”
അതും പറഞ്ഞ് ഞാൻ വേഗം അടുക്കളയിലേക്ക് നടന്നു, പ്രധാന കാരണം അവളെ ഫേസ് ചെയ്യാൻ ഇപ്പോഴും ഒരു മടി, എന്തോ ഞാൻ ആ ഉമ്മ കൊടുത്തത് അവൾ അറിഞ്ഞിരിക്കുമോ?? ഏയ്, സാധ്യതയില്ല…. കാരണം അത് കഴിഞ്ഞ് ഞാൻ തുണി നനച്ചിട്ട് കൊടുക്കാൻ ചെല്ലുമ്പോഴും അവൾ എന്തോ പിച്ചും പെയ്യും പറയുന്നുണ്ടായിരുന്നു….
കർത്താവെ വല്യ കാര്യത്തിൽ ചുക്ക് കാപ്പി ഇട്ട് തരാമെന്ന് പറഞ്ഞു പോയി, ആ സാധനം ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അതെന്ന് അല്ല, ഇതുവരെ ജീവിതത്തിൽ ഞാൻ സ്വന്തമായി ഒരു ചായ പോലും ഉണ്ടാക്കിയിട്ടില്ല, എന്ത് ചെയ്യും??
മേരിയേ വിളിക്കണോ??
അല്ല വേണ്ട, യൂട്യൂബ് ഉണ്ടല്ലോ…… അതെ യൂട്യൂബ് ഉള്ളപ്പോൾ എന്തിനാണ് വെറുതെ മേരിയെ ഈ രാത്രി വിളിച്ച് പേടിപ്പിക്കുന്നത്. അവസാനം അത് തന്നെ ഉറപ്പിച്ചു, യൂട്യൂബിൽ വീഡിയോ നോക്കി ഞാൻ ചുക്ക് കാപ്പിയുണ്ടാക്കി…. അവര് അതിൽ പറഞ്ഞ മുഴുവൻ സാധനങ്ങളും കിട്ടാത്തത് കൊണ്ട് ഉള്ളത് വെച്ച് ഞാൻ അങ്ങ് ഒപ്പിച്ച് ഉണ്ടാക്കി.
ഒരു സിപ് എടുത്ത് കുടിച്ചു നോക്കിയപ്പോഴാണ് ഞാൻ ഉണ്ടാക്കിയ ചുക്ക് കാപ്പി, അല്ല… ചുക്കും കുരുമുളകും ഇട്ട വെള്ളം വായിൽ വെക്കാൻ കൊള്ളില്ല എന്ന കാര്യം ഞാൻ മനസിലാക്കിയത്. സാരമില്ല, പനി മാറാൻ അല്ലേ, ഇത് കുടിച്ചോട്ടെ.
“ഏയ്…….. ഡോ……. ഇത് കുടിക്ക്…”
കപ്പുമായി ചെന്ന് ഞാൻ വിളിച്ചപ്പോൾ അവൾ കഷ്ടപ്പെട്ട് എഴുന്നേറ്റിരുന്നു…
“ഇതാ……”.
എന്റെ കയ്യിൽ നിന്നും കപ്പ് വാങ്ങി അവൾ അത് ഊതി ഊതി കുടിക്കാൻ തുടങ്ങി
എന്നാലും എന്താണ് ഞാൻ മറന്നത്?? ആ വീഡിയോയിൽ അവർ ജീരകം ഇടാൻ പറഞ്ഞിരുന്നു പക്ഷെ അത് ഞാൻ തിരഞ്ഞിട്ട് കാണാത്തത് കൊണ്ട് ഇട്ടില്ല, പിന്നെ തുളസി…… അത് പിന്നെ ഈ രാത്രി മഴയത്ത് ഞാൻ എവിടെ പോയി പറക്കാനാണ്, സൊ അതും ഒഴിവാക്കി.
എന്നാലും മേരി ഉണ്ടാക്കി തരുമ്പോൾ ഇഞ്ചിയുടെയും കുരുമുളകിന്ടെയും ആ പിടുത്തം ഉണ്ടാവാറുണ്ടെങ്കിലും ഒരു ടേസ്റ്റ് ഒക്കെ കാണും….
അയ്യോ………. വെറുതെ അല്ല, ശർക്കര ഇടാൻ മറന്നുപോയി… അവളെ നോക്കിയപ്പോൾ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഞാൻ കൊടുത്ത ചുക്കും കുരുമുളകും ഇട്ട വെള്ളം കുടിച്ച് ഇറക്കുകയാണ്. എനിക്ക് ചിരിക്കണോ കരയണോ എന്ന് അറിയുന്നില്ല…
“അതേ….. കുടിക്കാൻ പറ്റുന്നുണ്ടോ, അതിൽ ശർക്കര ഇടാൻ മറന്നുപോയി”
“ഞാൻ എങ്ങനെ കട്ടിലിൽ എത്തി??”
എന്റെ ചോദ്യത്തിന് പകരം കുടിച്ചു കഴിഞ്ഞ കപ്പ് കാണിച്ച് തന്ന ശേഷം അവൾ അത് ചോദിച്ചപ്പോൾ ഒരു നിമിഷം എന്ത് പറയുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ.