“അത് പിന്നെ…… വിളിച്ചിട്ട് താൻ എഴുന്നേറ്റില്ല….. അപ്പൊ ഞാൻ എടുത്ത് കിടത്തി…… താഴെ തണുപ്പിൽ കിടന്നാൽ പനി കൂടും എന്ന് കരുതി……….”
ഞാൻ അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു തിളക്കം കണ്ടു, പക്ഷെ പെട്ടെന്ന് തന്നെ അത് മാറി ഒരുമാതിരി ആക്കിയ ചിരിയായി മാറി.
ആ കോണച്ച ചിരി എനിക്ക് തീരെ ഇഷ്ടമായില്ല, ഉച്ചയ്ക്ക് മേരി എന്നെ പുച്ഛിച്ചു തള്ളുമ്പോഴും പെണ്ണിന്റെ മുഖത്ത് ഇതേ ചിരിയായിരുന്നു…
തത്കാലം പനി ആയതുകൊണ്ട് ക്ഷമിക്കാം…
“കിടന്നോ……. ഒന്ന് ഉറങ്ങി ഉണരുമ്പോഴേക്കും പനി ഒക്കെ പറപറക്കും, അതിനുള്ള എല്ലാ സെറ്റപ്പും ചെയ്തിട്ടുണ്ട്”
അവളെ കയ്യിൽ നിന്ന് കപ്പും വാങ്ങിയിട്ട് ഞാൻ പറഞ്ഞപ്പോൾ അനുസരണയോടെ അവൾ കിടന്നു… ഞാൻ നേരെ കപ്പും ആയിട്ട് അടുക്കളയിലേക്ക് ചെന്നു….
അവൾ ഇങ്ങനെ പനി പിടിച്ച് കിടക്കുമ്പോൾ ചൂട് പകർന്നുകൊണ്ട് ഒപ്പം കെട്ടിപ്പിടിച്ചു കിടക്കാൻ എന്റെ ഉള്ളം കൊതിച്ചു. “ഭാവിയിൽ എന്തായാലും സംഭവിക്കും” ആരോ ഉള്ളിൽ നിന്ന് പറഞ്ഞു….
പക്ഷെ അതിന് ഇനി അടുത്ത പനി വരുന്നത് വരെ കാത്തിരിക്കണ്ടേ…
###
“ഏയ്….. പനിക്കുമ്പോൾ പുതച്ച് മൂടി കിടക്കരുത്”
അടുക്കളയിൽ നിന്ന് തിരിച്ചു വരുമ്പോൾ പുതച്ചു കിടക്കുന്നത് കണ്ട് ഞാൻ പറഞ്ഞു…. അവൾ എന്നെ ദയനീയമായി നോക്കി കിടക്കുകയാണ്.
“ഇങ്ങ് കൊണ്ട…….. പുതച്ച് കിടന്നാൽ പനി വിടില്ല…..”
എന്നും പറഞ്ഞ് പുതപ്പ് ഞാൻ വലിച്ച് എടുത്തു…. പെണ്ണിന്റെ മുഖം കാണുമ്പോൾ പക്ഷെ പാവം തോന്നുന്നു, ഞാൻ കട്ടിലിൽ അവളുടെ അടുത്ത് ഇരുന്നു…..
“തണുക്കുന്നു…..”
അവൾ മെല്ലെ പറഞ്ഞു, പക്ഷെ മുഖത്തു ഇപ്പോ നേരത്തെ കണ്ട അത്ര ക്ഷീണമില്ല, പനി വിടുന്നുണ്ടെന്ന് തോന്നുന്നു…. ഹ്മ്മ്, കൈ പുണ്യമുണ്ട്…. നല്ലോണം പഠിച്ച് വല്ല ഡോക്ടറും ആയാൽ മതിയായിരുന്നു.
“അയിന്??”
ഞാൻ ഒരു പുച്ഛ ഭാവത്തിൽ തിരിച്ച് ചോദിച്ചപ്പോൾ എന്റെ കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന പുതപ്പിലേക്ക് കണ്ണ് കാണിച്ചുകൊണ്ട് അവൾ എന്നെ ഒരു നോട്ടം നോക്കി, ഉഫ്…… കണ്ണിൽ ചോരയുള്ള ആരായാലും അത് കൊടുത്തുപോവും, പക്ഷെ ഞാൻ കൊടുത്തില്ല….. അതിനർത്ഥം ഞാനൊരു കണ്ണിൽ ചോരയില്ലാത്ത ദുഷ്ടൻ ആണെന്ന് ഒന്നുമല്ല, പനി മാറാനല്ലേ…..
“പ്ലീസ്……”
“ഒരു പ്ലീസുമില്ല….. അടങ്ങി കിടക്കാൻ നോക്ക്…..”
ഞാൻ അല്പം കനത്തിൽ തന്നെ പറഞ്ഞത് കൊണ്ട് പിന്നെ പെണ്ണ് ഒന്നും മിണ്ടിയില്ല, കൈ രണ്ടും കൂട്ടി തലയ്ക്ക് അടിയിൽ വച്ച് ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് തന്നെ ചരിഞ്ഞു എന്റെ മുഖത്തേക്ക് നോക്കി കിടക്കുകയാണ് അവൾ.