രാവിലെ ഇപ്പോ യാമിനി അടുക്കളയിൽ പാത്രങ്ങളോട് യുദ്ധം ചെയ്യുന്ന ശബ്ദം കേട്ടുകൊണ്ട് ഉണരുന്നത് ഒരു ശീലം ആയിരിക്കുന്നു, ഇന്നും അത് തന്നെ സംഭവിച്ചു…..
“ഇതാ ചായ…….”
എഴുന്നേറ്റ് പല്ല് തേച്ച ശേഷം പുറത്ത് റോഡിലെ കാഴ്ചകൾ നോക്കി നിൽകുമ്പോൾ ഒരു ഗ്ലാസ്സ് കട്ടൻ ചായയുമായി യാമിനി എത്തി…
“താങ്ക്സ്…..”
ചിരിച്ചുകൊണ്ട് ഞാൻ ആ ഗ്ലാസ്സ് വാങ്ങി
പക്ഷെ അവൾ ഒന്ന് തിരിച്ച് ചിരിക്കുക പോലും ചെയ്യാതെ ഞാൻ നോക്കിയിരുന്ന സ്ഥലത്തേക്ക് എത്തിനോക്കി, നോം നോക്കി നിന്നത് വേറെ എങ്ങോട്ടും അല്ല, ഒരു ഡസൻ തരുണീ മണികൾ രാവിലെ തന്നെ കുളിച്ച് ഒരുങ്ങി വന്നു നിൽക്കുന്ന ബസ്‌സ്റ്റോപ്പിലേക്ക് തന്നെ ആയിരുന്നു, അത് അവൾ വ്യക്തമായി കണ്ടു…
“മ്മ്?? “
ഞാൻ അവളുടെ പ്രതികരണം അറിയാൻ വേണ്ടി മുഖത്തേക്ക് നോക്കിയപ്പോൾ അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി, ഞാൻ ഒന്നുമില്ല എന്ന രീതിക്ക് ചുമൽ അനക്കി കാണിച്ചു…
“വാ അകത്ത് പോയി ഇരുന്ന് കുടിക്കാ…….”
എന്നും പറഞ്ഞ് അവൾ എന്നെയും പിടിച്ചു വലിച്ച് അകത്തേക്ക് നടന്നു, എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി…. ഒന്നാമത് അവൾക്ക് ഞാൻ മറ്റുള്ള പെണ്ണുങ്ങളെ നോക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്നത് തന്നെ, പിന്നെ അവൾ അധികാരത്തോടെ എന്റെ കയ്യിൽ പിടിച്ചു വലിച്ചാണ് അകത്തേക്ക് നടക്കുന്നത്…. ഇത് മാത്രം മതി അവൾ എന്നെ ഭർത്താവായി അംഗീകരിച്ചു എന്ന് ഉറപ്പ് വരുത്താൻ……. കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്താലോ?? വേണ്ട ചീപ്പ് ആവും…
“മ്മ്…….. എന്താ??”
അകത്ത് എത്തിയ ശേഷം അവളെ നോക്കി ചിരിച്ചുകൊണ്ട് നിന്നപ്പോൾ അവൾ ചോദിച്ചു
“ഏയ് ഒന്നുമില്ല……… ഇനിയെങ്കിലും തുറന്ന് പറഞ്ഞൂടെ എന്നെ ഇഷ്ടമാണെന്ന്…”
“പറയാതെ തന്നെ മനസിലാക്കണം, അതാണ് യഥാർത്ഥ സ്നേഹം”
എന്നും പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കാതെ അവൾ തിരിഞ്ഞു നടന്നു…
“ഓ വല്യ ആള്, ഇന്നലെ ഞാൻ പറഞ്ഞപ്പോഴല്ലേ എന്റെ ഇഷ്ടം മനസിലായത്??”
ഞാൻ പുറകിൽ നിന്നും വിളിച്ച് ചോദിച്ചു…
“അല്ല….”
തിരിഞ്ഞ് നോക്കാതെ അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് നടന്നു…
“പിന്നെ??”