എന്തിനും കൂടെ തന്നെ ഉണ്ടാവുമെന്ന് അവൾ പറഞ്ഞു, പക്ഷെ എന്റെ മനസ്സിൽ ആ നിമിഷം തോന്നിയത് മറ്റൊരു ചോദ്യമാണ്….
“എന്ത് സാഹചര്യം??”
അവൾ പറഞ്ഞ ആ സാഹചര്യം എന്താണെന്ന് എനിക്ക് മനസിലായില്ല
“അത് പിന്നെ……….. ആ വീട്ടിൽ നരക തുല്യമായ ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ ഞാൻ ഇടയ്ക്ക് സ്വപ്‌നം കാണാറുണ്ടായിരുന്നു എന്റെ കൃഷ്‌ണൻ എനിക്ക് വേണ്ടി ഒരാളെ അയക്കുന്നതും, അങ്ങനെ എന്റെ ജീവിതത്തിലേക്ക് സന്തോഷം കടന്നുവരുന്നത്…… ആ സ്വപ്‌നം ഇപ്പോ യാഥാർഥ്യം ആയില്ലേ”.
“ഇനി പഴയ കാര്യങ്ങൾ ഒന്നും ആലോചിക്കേണ്ട, പിന്നെ ആ തള്ളയ്ക്ക് വേണമെങ്കിൽ നമുക്ക് ഒരു പണി കൊടുക്കാം”
“ഏയ് വേണ്ട………. എനിക്ക് അവരോട് ഒരു ദേഷ്യവും ഇല്ല, നന്ദിയാണ്…….. അവർ അന്ന് ആ മുറിയിൽ കിടക്കാൻ പറഞ്ഞത് കൊണ്ടല്ലേ എനിക്ക് എന്റെ ലുട്ടാപ്പിനെ കിട്ടിയത്….”
വളരെ ഇമോഷണൽ ആയിട്ടാണ് അവൾ അത് പറഞ്ഞതെങ്കിലും അവസാനത്തെ ആ ലുട്ടാപ്പി എന്ന വിളി എനിക്ക് അത്ര ഇഷ്ടമായില്ല…
“വേണ്ടെങ്കിൽ വേണ്ട……… പക്ഷെ ഈ ലുട്ടാപ്പി വിളി ഒരു സുഖമില്ല ട്ടോ……”
“ന്റെ ലുട്ടാപ്പിനെ ഞാൻ പിന്നെ എന്താ വിളിക്കാ….”
അവൾ ചെറു പരിഭവത്തോടെ പറഞ്ഞു….. ആ മുഖഭാവം കാണുമ്പോൾ വേണ്ടെന്ന് പറയാൻ തോന്നില്ല….
“ശരി, നമ്മൾ മാത്രം ഉള്ളപ്പോൾ വിളിച്ചോ……… എന്റെ മീനൂട്ടിക്ക് ഇഷ്ടമുള്ളത് എന്തും”
ഞാൻ അത് പറഞ്ഞപ്പോൾ പക്ഷെ പെണ്ണിന്റെ മുഖം മാറി, ആാാ മുഖത്ത് വീണ്ടും സങ്കടം… ആ കണ്ണുകൾ വീണ്ടും നിറഞ്ഞു, പക്ഷെ അത് സന്തോഷംകൊണ്ട് ആയിരുന്നില്ല…
“അയ്യോ എന്ത് പറ്റി?? എന്തിനാ എന്റെ മീനൂട്ടി കരയുന്നത്??
അവളുടെ മുഖം കൈ വെള്ളയിൽ ഒതുക്കി കൊണ്ട് ഞാൻ ചോദിച്ചെങ്കിലും അവൾ കരഞ്ഞുകൊണ്ട് നിന്നു, എന്ത് പറ്റി പെട്ടെന്ന് എന്നറിയാതെ എന്റെ ഉള്ളും ഒന്ന് പിടച്ചു….
എന്ത് വിഷമം ആണെങ്കിലും ഞാൻ കൂടെ തന്നെ ഉണ്ടാവും എന്ന രീതിയിൽ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് കിടത്തി….
“അച്ഛനെ ഓർത്തു പോയി, അച്ഛനാണ് എന്നെ മീനൂട്ടി ന്ന് വിളിക്കാറ്….”
കുറച്ചു നേരം എന്റെ നെഞ്ചിൽ കിടന്ന ശേഷം കരച്ചിൽ അവസാനിപ്പിച്ചിട്ട് അവൾ പറഞ്ഞു…
അവളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു, ഞാൻ എന്റെ മീനൂനെ ഒന്നൂടെ മുറുകെ കെട്ടിപ്പിടിച്ചു….. പൊതുവെ ആളുകൾ കരയുന്നത് കണ്ടാൽ എനിക്ക് വിഷമം വരും, ഇത് എന്റെ മീനു…….. അവൾ വിഷമിക്കുന്നത് കാണുമ്പോൾ എന്റെ നെഞ്ച് പിടക്കുന്നു….. എന്ത് വില കൊടുത്തും അവളുടെ അച്ഛനെ ജയിലിൽ നിന്ന് ഇറക്കണം എന്ന് ഞാൻ തീരുമാനിച്ചു.