ഒരു ട്രെഡിഷണൽ ഡിസൈനിലുള്ള മാല ആണ്…നല്ല നീളമുള്ളത്…..ശക്തിസ്വരൂപിണിയായി എഴുന്നള്ളി നിൽക്കുന്ന ഭഗവതിയുടെ ചിത്രം ആലേഖനം ചെയ്‌ത ഒരു ലോക്കറ്റും ഉണ്ട് അതിന്മേൽ…….മാലയുടെ വില ഒന്നുമല്ല പ്രശ്നം….അതിന്റെ അവകാശിയായ എന്റെ പെണ്ണ് എന്നോടൊന്നു മിണ്ടാൻ പോലും കൂട്ടാക്കാതെ കടന്നല് കുത്തിയ പോലെ മുഖവും വീർപ്പിച്ചു നടപ്പാണ്…..എത്ര ശ്രമിച്ചിട്ടും എന്താ കാരണമെന്ന് അവൾ വിട്ടു പറയുന്നുമില്ല….പുല്ല്….എല്ലാം പതിയെ ശരിയാകും എന്ന വിശ്വാസത്തിൽ തന്നെയാണ് ഞാൻ…..
താലി അണിയിക്കുമ്പോഴും, സിന്ദൂരം തൊടുവിക്കുമ്പോഴും ഭദ്ര തല കുമ്പിട്ട് പ്രാർത്ഥിച്ചു നിൽക്കുകയായിരുന്നു….
ചടങ്ങുകളെല്ലാം കഴിഞ്ഞ് പോരുമ്പോൾ, ആ തിരുനടയിൽ നിന്ന് ഒരുപാട് നേരം കണ്ണടച്ചു പ്രാർത്ഥിക്കുന്ന ഭദ്രയെത്തന്നെ ഞാൻ അല്പനേരം നോക്കി നിന്നു…മനസ്സിൽ ഉരുവിടുന്ന പ്രാർത്ഥനാ മന്ത്രങ്ങൾക്കൊപ്പം അനുസൃതമായി അവളുടെ അധരങ്ങളും പതിയെ ചലിക്കുന്നത് ഞാൻ കണ്ടു…ഒടുവിൽ തൊഴുതിറങ്ങുമ്പോൾ നെറ്റിയിൽ തൊട്ട ചന്ദനത്തിൽ നിന്നും അല്പ്പം എടുത്തു അവൾ താലിയിൽ തൊടുവിച്ചു….സാധാരണ സുമംഗലിയായ സ്ത്രീകൾ അങ്ങനെ ചെയ്യുന്നത് മുൻപും ശ്രദ്ധിച്ചിട്ടുണ്ട്…..ഭദ്രയുടെ മൗനവും അകൽച്ചയും സമ്മാനിക്കുന്ന മാനസിക പിരിമുറക്കങ്ങൾക്കിടയിലും അവളുടെ അത്തരം പ്രവർത്തികൾ എന്നെ ഒരുപാട് ആനന്ദിപ്പിച്ചിരുന്നു…..
****************************
അതിരാവിലെ തന്നെ വീട്ടിൽ പന്തലും അലങ്കാരപ്പണികളും മറ്റു ഒരുക്കങ്ങളും നടത്താൻ പണിക്കാർ എത്തിയിരുന്നു….കാറ്ററിംഗ് ശരതിനെ ആണ് ഏല്പിച്ചത്…. രാവിലെ തൊട്ട് ബന്ധുക്കളും വന്നു തുടങ്ങിയിരുന്നതിനാൽ ആകെ തിരക്കും ബഹളവുമായിരുന്നു പകൽ മുഴുവൻ…ഭദ്രയെ ശരിക്കുമൊന്ന് തനിച്ചു കാണാൻ പോലും പറ്റിയില്ല….ഭക്ഷണം കഴിക്കുമ്പോഴും ഞങ്ങൾ ഒരുമില്ല ഇരുന്നത്….
ഇടയ്ക്ക് സെലിനെ വിളിച്ചപ്പോൾ അവളും മമ്മിയും മായയും റിസെപ്ഷന്റെ സമയത്തു തന്നെ എത്തുമെന്നു പറഞ്ഞു….. ഞാൻ മിക്ക സമയവും ശരത്തിന്റെയും വിനുവിന്റെയും ജിതിന്റെയും ഒപ്പമായിരുന്നു..അച്ഛനും ചേട്ടനും മാമനുമെല്ലാം റിസപ്ഷൻന്റെ കാര്യങ്ങൾ ഒരുക്കുന്നതിലും അതിഥികളെ സ്വീകരിക്കുന്ന തിരക്കിലുമാണ്… ഉച്ച കഴിഞ്ഞ് ഭദ്രയുടെ വീട്ടുകാർ എത്തി…..വന്ന സമയം മുതൽ രേഷ്മ ഭദ്രയുടെ ഒപ്പം തന്നെയുണ്ട്….അവരുടെ പെരുമാറ്റം കണ്ടാൽ ഏട്ടത്തി പറഞ്ഞതിനു വിപരീതമായി മീനാക്ഷിയെക്കാൾ അടുപ്പം ഭദ്രയ്ക്ക് രേഷ്മയുമായിട്ടാന്ന് തോന്നും……
പകൽ സമയം ഇടയ്ക്ക് ഒന്ന് റൂമിൽ പോയപ്പോൾ അമ്മയും ഏട്ടത്തിയും മീനാക്ഷിയും മേമയുമെല്ലാം കാര്യമായി എന്തൊക്കയൊ അവരുടെ ആഭരണങ്ങൾ ഭദ്രയ്ക്ക് സമ്മാനിക്കുന്നത് ഞാൻ കണ്ടിരുന്നു….വീട്ടിൽ എല്ലാവർക്കും ഭദ്രയെ ഇഷ്ട്ടമാണ്…അവൾക്ക് അവരെ തിരിച്ചും…..ദേവൂട്ടിയെ സ്വന്തം മോളെ പോലെയാണ് ഭദ്ര എടുത്തുകൊണ്ട് നടക്കുന്നത്….അപ്പോഴും എന്റെ അടുത്ത് മാത്രം അവൾ ഈ കാണിക്കുന്ന അകൽച്ച എന്നെ ഒരുപാട് കുത്തിനോവിക്കുന്നുണ്ടായിരുന്നു…….