അകത്തെ അന്തരീക്ഷം പ്രതീക്ഷിച്ചതിലും മോശമായിരുന്നു….ആളുകൾ അങ്ങിങ്ങായി ഹാളിൽ കൂട്ടം കൂടി നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ട്……
സ്ത്രീജനങ്ങൾ ഉൾപ്പെടെ എല്ലാവരും കല്യാണം മുടങ്ങുമെന്നു ഉറപ്പായതിന്റെ മുറുമുറുപ്പിലാണ്….
അകത്തോട്ട് കയറി വന്ന ഞങ്ങളെയും ചിലർ സംസാരം നിർത്തി വീക്ഷിക്കുന്നുണ്ട്….
സ്റ്റേജ്ന്റെ തൊട്ട് മുന്നിൽ താഴെയായി ഒരു കസേരയിൽ സങ്കടത്തോടെ തല കുമ്പിട്ടിരിക്കുന്ന സുരേന്ദ്രനങ്കിളിനെ കണ്ടു…തൊട്ടടുത്തു ജിതിന്റെ അച്ഛനും ബന്ധുക്കളും ഒക്കെ ഇരിക്കുന്നുണ്ട്…..
ദിനേഷേട്ടനും ജിതിനും രേഷ്മയുടെ ഹസ്ബൻഡ് മിഥുനും കുറച്ചു മാറി നിന്ന് ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നത് കാണാം….
ഞങ്ങൾ സുരേന്ദ്രനങ്കിളിന്റെ അരികിലേക്ക് നടന്നു…
ഞങ്ങളെ കണ്ടതും അങ്കിൾ എഴുന്നേറ്റു വന്നു അച്ഛനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി….
“ന്റെ കുട്ടീടെ കല്യാണം മുടങ്ങിടാ….അവര്….അവര് ഞങ്ങളെ പറ്റിച്ചതാ…””
ആ പാവം മനുഷ്യൻ നിന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു അപ്പോൾ…..
അച്ഛൻ അങ്കിളിനെ ആശ്വസിപ്പിച്ചു….
ഞങ്ങളെ കണ്ട ദിനേഷേട്ടനും ജിതിനും അങ്ങോട്ട് വന്നു….കാര്യങ്ങളുടെ കിടപ്പുവശം എന്താണന്ന് അവരാണ് പറഞ്ഞു തന്നത്…..
“കല്യാണത്തിന് പങ്കെടുക്കാൻ ബാംഗ്ലൂരിൽ നിന്ന് വന്ന സുഹൃത്തുക്കളെ സുദേവൻ ടൗണിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ചിരുന്നു..
ഇന്നലെ അവരെ കണ്ടു ഹോട്ടലിൽ നിന്നും പോരാൻ നേരം, രാത്രി ഒരു പത്തു മണിക്ക് അവൻ ഭദ്രയെ വിളിച്ചു സംസാരിച്ചിട്ടുണ്ട്….പിന്നെ അവന്റെ ഫോൺ ഓഫ് ആയി…..ഹോട്ടലിൽ നിന്നും അര കിലോമീറ്റർ മാറി ഹൈവേ റോഡിൽ ഒരു ഒഴിഞ്ഞ ഭാഗത്തു അവന്റെ കാർ നിർത്തിയിട്ടിരിക്കുന്നതു ഇന്ന് പുലർച്ചെ 4 മണിക്ക് സുദേവനെ അന്വേഷിച്ചിറങ്ങിയവർ കണ്ടു….കാറിൽ അവന്റെ ഫോണും ഉണ്ടായിരുന്നു…ഫോൺ ഓഫ് തന്നെയായിരുന്നു അപ്പോഴും…അതിന് മുന്നേ രാത്രി ഒരു പന്ത്രണ്ടര ആയപ്പോൾ അവന്റെ ഫോൺ സ്വിച്ച് ഓൺ ആയിട്ടുണ്ട്…എന്നിട്ട് അതിൽ നിന്നും അവന്റെ അങ്കിളിന്റെ ഫോണിലേക്ക് ഒരു മെസ്സേജ്ഉം അയച്ചിരിക്കുന്നു….മെസ്സേജിൽ പറയുന്നത് എന്താന്ന് വച്ചാൽ….,,
“‘ഈ കല്യാണത്തിന് എനിക്കു താല്പര്യം ഇല്ല…കഴിഞ്ഞ കുറച്ചു ദിവസമായി ഞാൻ ചില പ്രശ്നങ്ങളിൽപ്പെട്ടിരിക്കുവാണെന്നും,, അത് കൊണ്ട് ഇപ്പൊ ഒരു കല്യാണത്തിന് തയ്യാറല്ല…..അറിഞ്ഞു കൊണ്ട് ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ തനിക്ക് ആകില്ല…തല്ക്കാലം ഈ നാട്ടിൽ നിന്നും വിട്ടു നിന്നെ പറ്റു…എന്നെ ആരും അന്വേഷിക്കണ്ട…പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച് ഞാൻ മടങ്ങി വരും…ഞാൻ കാരണം ഉണ്ടായ ബുദ്ധിമുട്ടിനു എല്ലാവരോടും മാപ്പ് പറയുന്നു……””
ഇത്രയുമായിരുന്നു ആ മെസ്സേജിൽ ഉണ്ടായിരുന്നത്…സുദേവൻ അയച്ച തന്ന ആ മെസ്സേജന്റെ സ്ക്രീൻ ഷോട്ട് സുദേവന്റെ അങ്കിൾ കുറച്ചു മുൻപ് ദിനേഷേട്ടന് അയച്ചു കൊടുത്തിരുന്നു..അത് ദിനേഷേട്ടൻ ഞങ്ങൾക്ക് കാണിച്ചു തന്നു…