ഭക്ഷണം കഴിക്കാൻ വരാൻ ഞാൻ കുറെ നിർബന്ധിച്ചെങ്കിലും വിശപ്പില്ലന്ന് പറഞ്ഞു ഭദ്ര ഒഴിഞ്ഞു മാറി……പിന്നാലെ ഏട്ടത്തി പോയി വിളിച്ചപ്പോഴും അവൾ വന്നില്ല…..തലവേദന കൂടുതൽ ആണെന്ന് പറഞ്ഞപ്പോൾ ഒരു ടാബ്ലെറ്റ് എടുത്തു കൊടുത്തു എന്നും അത് കഴിച്ചു അവൾ ഉറങ്ങാൻ കിടന്നു എന്നും ഏട്ടത്തി പറഞ്ഞു….
ഭദ്രയുടെ ഇന്നത്തെ പെരുമാറ്റവും സുദേവന്റെ പേര് പറഞ്ഞുള്ള കരച്ചിലുമെല്ലാം അമ്മയിൽ അവളോട് നല്ല നീരസമുണ്ടാക്കിയിട്ടുണ്ട്….ഒപ്പം അച്ഛൻ വിലക്കിയിട്ടും എന്നെ അറിയിക്കാതെ രേഷ്മയോടൊപ്പം ഹോസ്പിറ്റലിൽ പോയതും അമ്മയ്ക്ക് ഇഷ്ട്ടമായിട്ടില്ല…..”ഒന്നും തിന്നാ തെയും കുടിക്കാതെയും ഇത്രയ്ക്കങ്ങോട്ട് സങ്കടപ്പെട്ടിരിക്കാൻ സുദേവൻ അവളുടെ ആരാ..?” എന്നതായിരുന്നു അമ്മയുടെ ഭാഷ്യം….അമ്മയുടെ മുറുമുറുപ്പ് പിന്നെയും തുടർന്നപ്പോൾ അച്ഛൻ ഇടപെട്ട് രംഗം ശാന്തമാക്കി…..
കുറച്ചു മുൻപ് അച്ഛന്റെ ഫോണിലേക്ക് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചിരുന്നു……ഭദ്രയോട് നാളെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട് എസ് ഐ…
സുദേവന്റെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണസംബന്ധമായി എന്തൊക്കയോ ചോദിച്ചറിയാൻ വേണ്ടിയാണ്…..
എന്നോട് നാളെ ഭദ്രയെ കൂട്ടി കൊണ്ട് സ്റ്റേഷനിൽ പോയി വരാൻ അച്ഛൻ ആവശ്യപ്പെട്ടു….ഭദ്രയോട് ഏട്ടത്തി പറഞ്ഞിട്ടുണ്ട് സ്റ്റേഷനിൽ നിന്നും വിളിപ്പിച്ച കാര്യം…അമ്മ ആശങ്കപ്പെട്ടെങ്കിലും,, ടെൻഷൻ ഒന്നും വേണ്ടന്നും ഇത് പോലീസ്ന്റെ usual enquiry യുടെ ഭാഗമായി വിളിപ്പിക്കുന്നതായിരിക്കുമെന്നും ഏട്ടൻ പറഞ്ഞു…..ഞാൻ രാജശേഖർ സാറിനെ വിളിച്ചു ഈ കാര്യം പറഞ്ഞപ്പോൾ അദ്ദേഹവും അത് തന്നെയായിരുന്നു പറഞ്ഞത്….’എന്തെങ്കിലും ആവശ്യമുണ്ടെൽ തന്നെ വിളിച്ചോളാൻ’ സാർ പറഞ്ഞു……
മുറിയിൽ ചെല്ലുമ്പോൾ ഭദ്ര ഉറക്കമായിരുന്നു……. പകല് മുഴുവൻ കരഞ്ഞു തളർന്നുള്ള അവളുടെ ആ കിടപ്പ് ഞാൻ അല്പം നേരം നോക്കി നിന്നു…..അലസനിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുടിയിഴകളിൽ പതിയെ തഴുകി കൊണ്ട് നെറുകയിൽ ചുംബിക്കാനും, ആ മുഖമൊന്ന് എന്റെ നെഞ്ചോടു ചേർത്ത് പിടിക്കാനും മനസ്സ് കൊതിച്ചു….എന്നാൽ ഇന്ന് വരെ മനസ്സ് തുറന്ന്, എന്നോട് മിണ്ടാൻ പോലും തയ്യാറാകാത്ത എന്റെ ഭാര്യയുടെ പ്രതികരണം എങ്ങെനെയാകുമെന്ന് പേടിച്ച് ഞാൻ ആ സാഹസത്തിന് മുതിർന്നില്ല…..മാത്രമല്ല ഇപ്പോഴത്തെ അവളുടെ മാനസികാവസ്ഥയും എനിക്കറിയാമല്ലോ….
എന്നാലും ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് ഭദ്ര സുദേവനെ ഇത്രയുമധികം ഇഷ്ട്ടപ്പെട്ടിരുന്നോ…..?? ഉണ്ടായിരുന്നിരിക്കണം….ഇത് പോലെ ഒരു പെണ്ണിന്റെ സ്നേഹം അനുഭവിക്കാനും അവളുടെ ഒപ്പം ജീവിക്കാനുമുള്ള ഭാഗ്യത്തിൽ നിന്നുമാണ് സുദേവനെ വിധി മരണത്തിലേക്ക് കൂട്ടി കൊണ്ട് പോയത്……
ആര്….?? എന്തിന് ചെയ്തു…..?? കൊലപ്പെടുത്താൻ മാത്രം ശത്രുക്കൾ ഉള്ളവനായിരുന്നോ സുദേവൻ..??
അതോ ഇനി വേറെന്തെങ്കിലും അപകടത്തിൽപ്പെട്ടതോ….?? അവൻ അന്നയച്ച ആ മെസ്സേജ്…???
ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോദ്യങ്ങൾ ഒരുപാട് ഉണ്ട്….എന്തായാലും പോലീസ് അന്വേഷണം നടക്കുന്നുണ്ടല്ലോ…
നാളെ ഭദ്രയെ വിളിപ്പിച്ചിരിക്കുന്നതും അതിന്റെ ഭാഗമായല്ലേ……
ഞാൻ ഡോർ ലോക്ക് ചെയ്ത് സോഫയിൽ വന്നു കിടന്നു……..ഓരോന്ന് ആലോചിച്ചു കിടന്ന ഞാൻ എപ്പോഴോ മയങ്ങിപ്പോയി…..