അപ്പോഴേക്കും ഭാനുമതി ആന്റിയും മീനാക്ഷിയും രേഷ്മയും അങ്ങോട്ട് വന്നിരുന്നു…..എന്നെ കണ്ടതും രേഷ്മയുടെ മുഖത്ത് എന്നോടുള്ള അവളുടെ ഇഷ്ട്ടകുറവ് പ്രകടമായിരുന്നു….അന്ന്, കല്യാണതലേന്ന് അവളുടെ മോന്തയ്ക്കിട്ടു ഒരെണ്ണം പൊട്ടിച്ചിട്ട് പോന്നതാണ് പിന്നെ ഇന്നാണ് കാണുന്നത്…വിവാഹം കഴിഞ്ഞു ഒരു ദിവസം അവൾ മിഥുനുമൊപ്പം വീട്ടിൽ വിരുന്ന് വന്നിരുന്നു…അപ്പോൾ ഞാൻ വീട്ടിൽ ഇല്ലായിരുന്നതിനാൽ കാണേണ്ടി വന്നില്ല… അവളോട് പരിചയഭാവം പോലും കാണിക്കാതെ ഞാൻ മുഖം തിരിച്ചു….
എല്ലാവരും സങ്കടത്തിലാണ്…മുഹൂർത്തം തുടങ്ങുവാൻ വെറും 5 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഇങ്ങനെയെല്ലാം സംഭവിച്ചതിന്റെ ഷോക്കിൽ നിന്നും ആരും മുക്തരായിട്ടില്ല….
അവിടെ കണ്ട ക്രീം കളർ ജുബ്ബയിട്ട കട്ടി മീശ വച്ച ആൾ ഭാനുമതി ആന്റിയുടെ അനിയൻ നടേശൻ ആണെന്ന് ജിതിൻ പറഞ്ഞു ഞാൻ മനസ്സിലാക്കി…പുള്ളിയെ രേഷ്മയുടെ കല്യാണത്തലെന്ന് കണ്ട ചെറിയ ഓർമ ഉണ്ടായിരുന്നെങ്കിലും എനിക്ക് ഉറപ്പില്ലായിരുന്നു….പുള്ളിയുമായി സുരേന്ദ്രനങ്കിൾ കല്യാണം മുടങ്ങിയതിനെപ്പറ്റി പറഞ്ഞു തർക്കിക്കുന്നുണ്ട്… മൂപ്പര് കൊണ്ടന്ന ആലോചനയാണല്ലോ ഇത്,ആൾക്ക് അറിയാകുന്ന കൂട്ടരാണന്നും പറഞ്ഞ്……
തർക്കത്തിനിടയിൽ ഭാനുമതി ആന്റി അനിയനെ ന്യായീകരിച്ച് സുരേന്ദ്രനങ്കിളിനോട് പോരടിക്കുന്നുണ്ട്….ഏട്ടത്തി പറഞ്ഞറിഞ്ഞു ആ സ്ത്രീയെപ്പറ്റി എനിക്ക് ഏകദേശം ഒരു ധാരണ ഉണ്ടായിരുന്നു…എന്നാൽ അതിനമപ്പുറമാണവർ എന്ന് അപ്പോഴത്തെ അവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് മനസ്സിലായി….ഇത് പോലെ ഒരു അവസ്ഥയിലും ഇത്രയും പേരുടെ മുന്നിൽ വച്ച് ഭർത്താവിനോടുള്ള അവരുടെ സംസാരം അത്രക്കും മോശമായിരുന്നു…അപ്പോൾ പിന്നെ വീട്ടിലേ കാര്യം എന്തായിരിക്കും…ഭദ്രയെ കുഞ്ഞുനാള് മുതലേ ഒരുപാട് ദ്രോഹിച്ചതും ഇവര് തന്നെയല്ലേ…..
രംഗം കൂടുതൽ വഷളാകുന്നതു കണ്ട് ദിനേഷേട്ടനും മീനാക്ഷിയും ഇടപ്പെട്ടു അവരെ ശാന്തരാക്കി…. പക്ഷെ ‘തന്നെ എല്ലാവരുടെയും മുന്നിൽ വച്ചു സുരേന്ദ്രനങ്കിൾ അപമാനിച്ചു’ എന്ന് പറഞ്ഞു നടേശൻ അവിടെ നിന്നും കലി തുള്ളി ഇറങ്ങി പോയി…ഭാനുമതി ആന്റിയും ദിനേഷേട്ടനും പുറകെ ചെന്നു വിളിച്ചെങ്കിലും അയാൾ നിന്നില്ല…
കുറച്ചു കഴിഞ്ഞപ്പോഴാണ് സുദേവന്റെ അങ്കിൾ വരുന്നുണ്ടെന്ന് ആരോ വന്നു പറഞ്ഞത്…
അങ്ങോട്ടേക്ക് വന്ന ആ മനുഷ്യനെ കണ്ട മാത്രയിൽ പുള്ളിയുടെ കോളറിൽ കുത്തിപ്പിടിച്ചു സുരേന്ദ്രനങ്കിൾ കോപം കൊണ്ട് പൊട്ടിത്തെറിച്ചു….
പെട്ടന്ന് തന്നെ അച്ഛനും ദിനേഷേട്ടനും ചേർന്ന് സുരേന്ദ്രനങ്കിളിനെ പിടിച്ചുമാറ്റി… ആകെ തകർന്ന മനസ്സുമായി നിന്ന് വിതുമ്പിയ ആ മനുഷ്യനെ എല്ലാവരും അശ്വസിപ്പിക്കുവാൻ ശ്രമിച്ചു……
സുദേവന്റെ അങ്കിളും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു….സുദേവൻ അവസാനനിമിഷം ഇങ്ങനെ ഒരു ചതി ചെയ്യുമെന്നു കരുതിയില്ലന്നും തനിക്കൊന്നും അറിയില്ലായിരുന്നു എന്നും പറഞ്ഞു അയാൾ എല്ലാവരോടും മാപ്പ് അപേക്ഷിക്കുന്നുണ്ടായിരുന്നു…..
സുദേവന്റെ താല്പര്യപ്രകാരം തന്നെയായിരുന്നു ഈ വിവാഹം ഉറപ്പിച്ചത്…രേഷ്മയുടെ വിവാഹത്തിന്റെയന്ന് ഭദ്രയെ കണ്ട് ഇഷ്ട്ടപ്പെട്ട അവൻ അവന്റെ അങ്കിളിനോട് കാര്യം പറയുകയും അദ്ദേഹം പരിചയക്കാരനായ നടേശൻ വഴി തൊട്ടടുത്ത ദിവസം തന്നെ വിവാഹാലോചനയുമായി വരികയുമായിരുന്നു…. സുദേവന്റെ അങ്കിൾ മിഥുന്റെ ഒരു അകന്ന ബന്ധു കൂടി ആയിരുന്നതിനാലും ആ പ്രപ്പൊസ്സൽ എല്ലാവർക്കും സ്വീകാര്യമായിരുന്നു…പിന്നെ നടേശന്റെ ഇടപെടലും….എല്ലാം തീരുമാനിച്ചു ഒടുക്കം ഈ കല്യാണദിവസം തന്നെ സുദേവൻ ഇങ്ങനെ ഒരു ചതി ചെയ്തതെന്തെന്ന് ആർക്കും ഇനിയും മനസ്സിലായിട്ടില്ല…ആകെ ഉള്ള ഒരു അറിവ് അവൻ അയച്ച ആ മെസ്സേജ് മാത്രമാണ്….
പക്ഷെ അപ്പോഴും അവന്റെ കാറും മൊബൈൽ ഫോണും വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഈ സംഭവത്തിൽ ദുരൂഹത ബാക്കിയാക്കുന്നുണ്ട്…. അത് കൊണ്ട് സുദേവന്റെ അങ്കിൾ രാവിലെ തന്നെ പോലീസ് സ്റ്റേഷനിൽ പോയി ‘man missing’ ന് ഒരു കംപ്ലയിന്റ് ഫയൽ ചെയ്‌തിട്ടാണ് വന്നിരിക്കുന്നത്….