അല്പനേരം കൂടി കഴിഞ്ഞപ്പോൾ അദ്ദേഹം സുരേന്ദ്രനങ്കിൾന്റെ അടുത്ത് വന്നു വീണ്ടും ആ കൈകളിൽ പിടിച്ചു തന്റെ നിരപരാധിത്വം പറഞ്ഞു മനസ്സിലാക്കി മാപ്പ് അപേക്ഷിച്ചു…
കുഞ്ഞുനാളിലെ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ടു ആരുമില്ലാത്തവനായി മാറിയ സുദേവനെ വളർത്തിയതും പഠിപ്പിച്ചതും ആ മനുഷ്യനാണ്…ആ പാവം ഇന്ന് സുദേവൻ കാരണമുണ്ടായ അപമാനഭാരത്താൽ അത്രയും പേരുടെ മുന്നിലൂടെ തലകുമ്പിട്ടു വിതുമ്പി കൊണ്ട് ഇറങ്ങി പോകുന്ന കാഴ്ച അവിടെ കൂടി നിന്ന പലരിലും വിഷമമുണ്ടാക്കി…
മുഹൂർത്തത്തിന്റെ സമയം ആരംഭിച്ചിരുന്നു അപ്പോൾ…. വന്നിട്ട് ആ നേരം വരെയും ഭദ്രയെ ഞാൻ കണ്ടിരുന്നില്ല….അവൾ ഗ്രീൻ റൂമിനകത്തു തന്നെയായിരുന്നു…ഏട്ടത്തിയും അമ്മയും അങ്ങോട്ട് പോയി..കൂടെ മീനാക്ഷിയും രേഷ്മയും…
എല്ലാവരും ആകെ സങ്കടപ്പെട്ടിരുന്നു…..
അച്ഛൻ ചേട്ടനേയും ദിനേഷേട്ടനെയും മാറ്റി നിർത്തി അവരോട് സംസാരിക്കുന്നുണ്ടായിരുന്നു….കുറച്ചു കഴിഞ്ഞു എന്റെ അടുത്തിരുന്ന ജിതിനും മിഥുനും അവരുടെ അടുത്ത് പോയി എന്തൊക്കെയോ ചോദിക്കുന്നുണ്ട്….ചേട്ടൻ അമ്മയെയും ഏട്ടത്തിയെയും അങ്ങോട്ട് വിളിച്ചു…അച്ഛൻ വന്ന് അമ്മയോടും ഏട്ടത്തിയോടും സംസാരിക്കുമ്പോൾ അമ്മയും ഏട്ടത്തിയും എന്നെ നോക്കുന്നുണ്ടായിരുന്നു….
പിന്നെ അച്ഛൻ പൂജാരിയേയും സുരേന്ദ്രനങ്കിളിനെയും ഭാനുമതി ആന്റിയേയും വിളിച്ചു സംസാരിക്കുന്നതും കണ്ടു…. ആന്റി ഗ്രീൻ റൂമിലേക്ക് പോയതും അവർ എന്റെ അരികിലേക്ക് വരുന്നതു കണ്ട ഞാൻ എഴുന്നേറ്റു നിന്നു….
ആ നിമിഷം എന്റെ മനസ്സിൽ തോന്നിയ സംശയം ശരിവക്കുന്നത് തന്നെയായിരുന്നു അവർക്ക് പറയാൻ ഉണ്ടായിരുന്നത്…….
എന്റെ തോളിൽ കൈ വച്ചു കൊണ്ടാണ് അച്ഛൻ അത് പറഞ്ഞത്….
“മോനെ അനന്തു,, നിനക്ക് സമ്മതം ആണെങ്കിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ഭദ്രയുടെ വിവാഹം നടക്കും….നീ ആ കുട്ടിയുടെ കഴുത്തിൽ താലി കെട്ടും….എന്താ നിനക്ക് സമ്മതമാണോ….?? “”
“അത് അച്ഛാ…ഞാൻ…””
ഞാൻ സംശയിച്ചത് തന്നെ ആണ് അച്ഛൻ പറഞ്ഞതെങ്കിലും പെട്ടന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ ഞാൻ ഒന്ന് അമ്പരന്നു പോയി എന്നതാണ് സത്യം….
“നിനക്ക് പൂർണ സമ്മതം ആണെങ്കിൽ മാത്രം മതി മോനെ….നിന്റെ ഇഷ്ട്ടം ആണ് അമ്മയ്ക്കും അച്ഛനും വലുത്…അത്രയേ വേണ്ടു ഞങ്ങൾക്ക്….””
പെട്ടെന്നുള്ള എല്ലാവരുടെയും ആ തീരുമാനം എന്നെ വീർപ്പുമുട്ടിക്കുമോ എന്ന് കരുതിയ അമ്മ എന്റെ കവിളിൽ തഴുകി സ്വാന്തനിപ്പിച്ചു കൊണ്ട് പറഞ്ഞു….