“എന്റെ മോളുടെ ഒരു ഫ്രണ്ട് ന്റെ പേരും അങ്ങനെയാണ്. അവനും സിനിമ സംവിധാനം ചെയ്യാൻ പോകുകയാ എന്നാണ് പറഞ്ഞത്”
അത് കേട്ടപ്പോൾ കാര്യങ്ങൾ എല്ലാം എന്റെ കയ്യിൽ നിന്നും പോയി എനിക്കും ഉറപ്പായി. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ മാളുവിനെ സഹായിക്കാൻ ആയിരുന്നു എങ്കിൽ എല്ലാം ഇപ്പൊ അവൾക്കൊരു ദ്രോഹമായാണ് വന്നിരിക്കുന്നത്. എനിക്ക് തന്നെ ആ നിമിഷത്തിൽ എന്നോട് ദേഷ്യം തോന്നി. ഞാൻ മുഖമുയർത്തി മാളുചേച്ചിയെ നോക്കിയപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ട്. ആ നിമിഷത്തിൽ എനിക്കവളെ ഒന്നാശ്വസിപ്പിക്കാൻ പോലും ആകുമായിരുന്നില്ല. നമ്മൾ കാരണം മറ്റൊരാൾ വിഷമിക്കുന്നത് വല്ലാത്ത ഒരു വേദന ആണ് അത് നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്ന ആളുകൾ കൂടെ ആകുമ്പോൾ നമ്മുടെ ചങ്കു പൊടിയും
പിന്നെ വീട്ടിൽ എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല, വീട്ടിൽ എത്തിയ ഉടനെ ചേച്ചി വണ്ടി ഓഫ് ആക്കി ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി. ഞാനും ആന്റിയും കൂടെ വണ്ടിയിൽ ഉണ്ടായിരുന്നതെല്ലാം വീട്ടിലേക്ക് കയറ്റി. അന്ന് ഭക്ഷണം അവിടെ നിന്നും കഴിച്ചിട്ടാണ് ഞാൻ റൂമിലേക്ക് പോയത്. അന്ന് കഴിക്കാൻ പോലും ചേച്ചി റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല അതെന്നെ ഒരുപാട് വിഷമിപ്പിച്ചു. അവൾ എന്നെ ഒന്ന് വഴക്ക് പറഞ്ഞിരുന്നു എങ്കിൽ എന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിച്ചു. ആന്റിയുടെയും അവസ്ഥ മറിച്ചായിരുന്നില്ല നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു രണ്ടാളുകൾ ആണ് ഞാൻ കാരണം സംസാരിക്കാതെ ഇരിക്കുനത്. അന്നാദ്യമായി ഞാൻ ആ വീട്ടിൽ നിന്നും എങ്ങനെ എങ്കിലും പുറത്തിറങ്ങിയാൽ മതി എന്നാഗ്രഹിച്ചുപോയി
ഞാൻ അതികം വൈകാതെ തന്നെ ആന്റിയോട് യാത്രയും പറഞ്ഞു റൂമിലേക്ക് പോന്നു. അപ്പോഴും മാളു മാത്രം പുറത്തേക്കു വന്നില്ല
. റൂമിൽ എത്തിയപ്പോൾ എല്ലാം ഫോണിൽ പണിതു കൊണ്ടിരിപ്പാണ് പഠിക്കുന്ന കാര്യത്തിൽ ഞങ്ങൾ എല്ലാം ഒരുപോലെ ആണ് എക്സാമിന്റെ തലേന്ന് അല്ലാതെ ഒരുത്തനും ബുക്ക് തുറക്കില്ല
കുറച്ചു സമയം അവന്മാരുടെ ഒപ്പം സംസാരിച്ചു. അപ്പോഴും എനിക്കവരോട് അധികം സംസാരിക്കാൻ പറ്റിയില്ല എന്റെ മനസ്സിൽ അപ്പോഴും ഞാൻ കാരണം ഉണ്ടായ അവർ തമ്മിൽ ഉണ്ടായ പിണക്കം ആയിരുന്നു
ലച്ചു വിളിച്ചപ്പോൾ അവരുടെ അടുത്തു നിന്നും എഴുന്നേറ്റു കോളിങിലേക്ക് പോയി….
“ലച്ചൂ… ”
എന്റെ ശബ്ദത്തിലെ സങ്കടം അവൾക്കു പെട്ടന്ന് മനസ്സിലായി
“എന്താടാ… എന്താ പറ്റിയെ… ”
“എടാ… ഞാൻ കാരണം ആന്റിയും മാളു ചേച്ചിയും തമ്മിൽ പിണങ്ങി ”
“നീ വിഷമിക്കാതെ കാര്യം പറയടാ… ”
“ഞാൻ… ഞാൻ മാളു ചേച്ചിയുടെ കാര്യം ആന്റിയോട് പറഞ്ഞു. ഉണ്ണി ചേട്ടനെ എന്റെ ഫ്രണ്ട് ന്റെ ചേട്ടൻ ആയി ആണ് അവതരിപ്പിച്ചത് പക്ഷെ ആന്റിക്ക് എല്ലാം മനസ്സിലായി ”
“എടാ നീ എന്ത് പണിയാണ് ഈ കാണിച്ചത് ”
ലച്ചുവും കൂടെ എന്നെ കുറ്റപ്പെടുത്തിയപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല അത്രയും നേരം തടഞ്ഞു നിർത്തിയ കണ്ണുനീർ കവിളിൽ കൂടെ ഒഴുകി.
“ലച്ചു… നീയും കൂടെ എന്നെ കുറ്റപ്പെടുത്തല്ലേടാ… അറിഞ്ഞോണ്ട് ചെയ്തതല്ല അറിയാതെ പറ്റിയതാ… ”
“സാരമില്ല നീ വിഷമിക്കണ്ട അവരുടെ പിണക്കം ഒക്കെ മാറിക്കോളും അല്ലെങ്കിൽ നമുക്ക് മാറ്റാം ”
“ഹ്മ്മ്.. ”