ഞങ്ങൾ ചെല്ലുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുന്ന മാളുചേച്ചിയെ ആണ് കാണുന്നത്. ആന്റി പതിയെ അവളുടെ അടുത്തിരുന്ന് ആ തലയിൽ പതിയെ തലോടി
“മാളു… നീ എന്തിനാ കരയുന്നത് ”
ആന്റിയുടെ ശബ്ദം കേട്ടതും മാളുവിന്റെ കരച്ചിൽ കുറച്ചു കൂടി ഉച്ചത്തിൽ ആയി
“മോളെ… കരയല്ലേ കുറച്ചു സമയം എല്ലാവരും നിങ്ങളെ തെറ്റിദ്ധരിച്ചു എന്നല്ലേ ഉള്ളു ഇപ്പൊ എല്ലാവർക്കും എല്ലാം മനസ്സിലായില്ലേ പിന്നെ എന്താ ”
“അമ്മേ…. ഞാൻ ഇനി അങ്ങോട്ടേക്കില്ല. എല്ലാവരും എന്നെ ഒരു മോശപ്പെട്ട പെണ്ണായിട്ടേ കാണൂ… ”
“ഇനീം കിടന്നു മോങ്ങിയാൽ തല്ലു വാങ്ങും പെണ്ണെ നീ. എല്ലാ കാര്യത്തിനും ഇങ്ങനെ കരയാൻ തുടങ്ങിയാൽ നിനക്കതിനു മാത്രമേ സമയമുണ്ടാകൂ.. ”
“എന്നാലും അമ്മേ… ”
“ഒരെന്നാലും ഇല്ല… മോളെ ഇങ്ങോട്ട് നോക്ക് ”
അവൾ പതിയെ തിരിഞ്ഞു ആന്റിയെ നോക്കി
“ഞാൻ അച്ഛനില്ലാതെ ഒറ്റയ്ക്ക് നിന്നെ വളർത്താൻ തുടങ്ങിയിട്ട് വർഷം പത്തിരുപത് ആയി ഇതിനിടയിൽ നീ ഇന്ന് കേട്ടതിലും മോശമായ പല സംസാരങ്ങളും ഞാൻ കേട്ടിട്ടുണ്ട് അതിലൊക്കെ ഞാൻ തളർന്നു പോയിരുന്നെങ്കിൽ ഇന്ന് ഞാനും നീയും ഉണ്ടാകുമായിരുന്നില്ല. അത് കൊണ്ട് അമ്മ പറയുന്നത് മോൾ കേൾക്കു ”
എനിക്ക് ഓര്മവെച്ച കാലം മുതൽ ചേച്ചിക് അച്ഛൻ ഉണ്ടായിരുന്നില്ല. ചേച്ചിക്ക് കുട്ടി ആയിരുന്നപ്പോൾ ഇവരെ ഉപേക്ഷിച്ചു പോയതാണ്. പിന്നെ ആന്റി ഒരാളുടെ അദ്ധ്വാനമാണ് ഇവരെ ഈ നിലയിൽ എത്തിച്ചത്
ആന്റിയുടെ സംസാരം അവളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കി. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു കണ്ണുനീർ തുടച്ച് എന്നെ നോക്കി. ഞാൻ ഈ സമയമത്രയും സംസാരിക്കാതെ നിൽക്കുകയായിരുന്നു
“ആന്റി എന്നാൽ ഞാൻ പോട്ടെ… ക്ലാസ്സിൽ കയറണം ”
“നീ ഇന്ന് പോകണ്ട ”
പതിവിന് വിപരീതമായി ഇന്ന് മാളുവാണ് പറഞ്ഞത്
“എന്നും നീയല്ലേ ക്ലാസ്സിൽ കയറാൻ പറഞ്ഞു വഴക്ക് പറയുന്നത്. ഇന്നെന്തു പറ്റി ”
“നീ ഇപ്പൊ പോകുന്നതെന്തിനാ എന്നെനിക്കറിയാം. അതുവേണ്ട ”
അവൾക്കറിയാം ഞാൻ ഇന്ന് പോയാൽ വെറുതെ ഇരിക്കില്ല പോയി അടിയുണ്ടാക്കും എന്ന്.
“ഏയ് ഞാൻ പോകും… ”
“നീ പോയാൽ അടി ഉണ്ടാക്കും എനിക്കറിയാം ”
ഞാൻ ഒന്നും മിണ്ടിയില്ല.
“ശരി നീ പൊയ്ക്കോ. എനിക്കൊരു വാക്ക് തന്നിട്ട് പൊക്കോ ”
ഞാൻ ചോദ്യ ഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി
“പോയി വഴക്കുണ്ടാക്കില്ലെങ്കിൽ പൊക്കോ.. പോയി വഴക്കുണ്ടാക്കിയാൽ പിന്നെ ഞാൻ മിണ്ടില്ല ”
“ഹ്മ്മ് ശരി… ”