“എന്നാലും കുഴപ്പമില്ല എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടാൽ മതി ”
“ഡാ മൊട്ടെ നീ പറയുന്നുണ്ടോ… ഇല്ലെങ്കിൽ ഞാൻ പോകുവാ ”
എഴുന്നേൽക്കാൻ തുടങ്ങിയ ആന്റിയെ ഞാൻ പിന്നെയും സ്റ്റൂളിൽ പിടിച്ചിരുത്തി.
“ആന്റി.. അത്… എന്തിനാ ഇപ്പൊ ഇത്ര സങ്കടം അവൾ ഒരുത്തനെ ഇഷ്ടപ്പെട്ടതിനാണോ ”
“അവൾ ഒരാളെ ഇഷ്ടപ്പെട്ടാൽ ഞാൻ എന്തിനാ വിഷമിക്കുന്നത്… എനിക്കതിൽ സന്തോഷമല്ലേ ഉള്ളു ”
“പിന്നെ ആന്റി ഇന്നലെ മുതൽ അവളോട് മിണ്ടിയിട്ടില്ല എന്നാണല്ലോ അവൾ എന്നോട് പറഞ്ഞത് ”
“അതിന് അവളും എന്നോട് മിണ്ടിയിട്ടില്ലല്ലോ ”
“അപ്പൊ ആന്റിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ലേ… ”
“ദേഷ്യം ഇല്ലെന്ന് ഞാൻ പറഞ്ഞോ… ദേഷ്യം ഒക്കെ ഉണ്ട് പക്ഷെ അത് അവൾ ഒരാളെ സ്നേഹിച്ചതിലല്ല അവൾ എന്നെ മനസ്സിലാക്കിയില്ല അതിനാണ് ”
“ഇപ്പൊ പറഞ്ഞത് എനിക്കും മനസ്സിലായില്ല ”
“എങ്ങനെ മനസ്സിലാകും അവളുടെ അല്ലെ അനിയൻ ”
“തമാശിക്കാതെ കാര്യം പറ ആന്റി ”
“എടാ… ഞാൻ അവളെ മോളെപോലെ ആണോ കൊണ്ടുനടക്കുന്നത് ഒരു കൂട്ടുകാരിയെപ്പോലെ അല്ലെ. അപ്പോ അവൾക്കു ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ എന്നോട് പറയാൻ പാടില്ലേ… അതല്ലാതെ ഇങ്ങനെ ”
അത് കേട്ടപ്പോളാണ് ഒരു സമാധാനമായത് പ്രശ്നം അത്ര ഗുരുതരമല്ല
“ഇത്രേ ഉള്ളോ… ”
“ഇത്രേ ഉള്ളോന്നോ… നിനക്കിപ്പോ അങ്ങനെ ഒക്കെ തോന്നും നീയൊക്കെ ഒരു കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയി ആ കുട്ടികൾ നിന്നോട് ഇതുപോലെ ചെയ്യുമ്പോളേ നിനക്ക് ഇതിന്റെ വിഷമം മനസിലാകൂ… ”
ഈ അമ്മമാരെല്ലാം ഇത് മനഃപാഠം ചെയ്തു വച്ചേക്കുകയാണെന്നു തോന്നുന്നു, എന്റെ അമ്മയും ഇതേ ഡയലോഗ് എന്നോട് ഇടയ്ക്കിടെ പറയാറുണ്ട്
“ആന്റി.. അവൾക്ക് ആന്റിയോട് പറയാൻ പേടി ഉണ്ടാകും”
“നിനക്ക് നിന്റെ അമ്മയോട് പറയാൻ പേടി ഇല്ലായിരുന്നല്ലോ ”
“അതിന് ഞാൻ അല്ലല്ലോ പറഞ്ഞത് ആന്റിയുടെ പുന്നാര മോളാണ് എന്റെ കാര്യം അമ്മയോട് പറഞ്ഞത് ”
“ഓഹ് അതിന് പകരമാകും അവൾ നിന്നെക്കൊണ്ട് ഉണ്ണിയുടെ കാര്യം എന്നോട് പറയിപ്പിച്ചത് ”
മാളുചേച്ചി എന്നെക്കൊണ്ട് പറയിപ്പിച്ചതാണ് എന്ന് കരുതിയിരിക്കുകയാണ് ആൾ
“ആരും എന്നെ കൊണ്ട് പറയിപ്പിച്ചതൊന്നും അല്ല. എനിക്ക് ഈ കാര്യം കുറച്ചായി അറിയാം നല്ലൊരു അവസരം കിട്ടിയപ്പോൾ പറഞ്ഞതാ… അതിത്രയും പ്രശ്നം ആകുമെന്ന് ഞാൻ അറിഞ്ഞോ… ”
“എന്തായാലും അവൾക് എന്നോട് പറയാൻ തോന്നിയില്ലല്ലോ… ”
ആന്റിയുടെ ദേഷ്യം പകുതി കുറഞ്ഞിട്ടുണ്ട്.
“ആന്റി അവൾക്കു ആന്റിയോട് പറയാൻ പേടി വേറൊന്നും ആയിരുന്നില്ല ഉണ്ണിച്ചേട്ടന് പണി ഒന്നും ആയിട്ടില്ലല്ലോ അപ്പൊ ആന്റി സമ്മതിക്കുമോ എന്നൊരു പേടി ”
“ഡാ എനിക്ക് ഉണ്ണിയെ നന്നായി അറിയാം… പാവമാണ്.. പിന്നെ ഒരു ജോലി അതൊരു പ്രശ്നം തന്നെയാണ് പക്ഷെ അവൾക്ക് അവനിൽ വിശ്വാസം ഉണ്ടെങ്കിൽ പിന്നെ എനിക്കെന്താ കുഴപ്പം ”