എല്ലാവരെയും പോലെ എന്താ എന്നറിയാനുള്ള ആകാംക്ഷയിൽ ഞാനും കൂട്ടുകാരും അവരുടെ ഇടയിൽ കൂടെ ആ കൂട്ടത്തിനു ഉള്ളിലേക്ക് ഇടിച്ചുകയറി.
“ആ വന്നല്ലോ നമ്മുടെ ഹീറോ… ”
നിതിന്റെ ഒച്ചയാണ്. ഞാൻ നോക്കുമ്പോൾ അവൻ എന്നെ നോക്കിയാണ് സംസാരിക്കുന്നത്. അവന്റെ ആ സംസാരത്തിനു കൂടി നിൽക്കുന്നവർ എല്ലാം ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. എന്തോ പണി നിതിൻ എനിക്കിട്ട് വച്ചതാണെന്നു എനിക്കുറപ്പായി.
“ഡാ… വാണി മിസ്സ് ”
നിതിനെ നോക്കിനിന്ന എന്നെ പാറ്റയാണ് അത് വിളിച്ച് കാണിച്ചത്. ആ കൂട്ടത്തിനു നടുവിൽ കരഞ്ഞു തളർന്നു നിൽക്കുന്ന മാളുചേച്ചി. ആ കണ്ണുകൾ രണ്ടും ചുവന്നിരിക്കുന്നു കവിളിൽ കൂടെ ഇപ്പോഴും കണ്ണുനീർ ഒഴുകുന്നുണ്ട്
“മിസ്സ്… എന്താ പറ്റിയത് ”
ഇത് കോളേജ് ആയതുകൊണ്ട് എനിക്കപ്പോ മിസ്സേ എന്ന് വിളിക്കാനാണ് തോന്നിയത്
“മിസ്സോ… ഇന്നലെ അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ… എന്തായിരുന്നു രണ്ടും കൂടി ഇന്നലെ പെർഫോമൻസ്. ഉള്ളത് പറയാമല്ലോ നല്ല ചൂടൻ രംഗങ്ങൾ ആയിരുന്നു ”
അവൻ ഇത്രയും പറഞ്ഞിട്ടും എനിക്കൊന്നും മനസ്സിലായില്ല. എന്റെ അറിവിൽ ഞങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല
“ഡാ അനന്തൂ… ആ വിഡിയോ നമ്മുടെ ഹീറോക്ക് ഒന്ന് കാണിച്ചു കൊടുക്ക് ”
നിതിൻ പറഞ്ഞത് കേട്ട് അനന്തു അവന്റ കയ്യിൽ ഇരുന്ന മൊബൈലിൽ നിന്നും ഞങ്ങൾ ലൈബ്രറിയിൽ നിന്നും സംസാരിച്ച വീഡിയോ കാണിച്ചുതന്നു. അത് കണ്ടപ്പോൾ എനിക്ക് ദേഷ്യത്തെക്കാൾ കൂടുതൽ സങ്കടമാണ് ഉണ്ടായത് എന്റെ സ്വന്തം പെങ്ങളെ ചേർത്താണ് അവന്മാർ ഈ കഥ പറയുന്നത്
ഞാൻ എന്റെ കൂട്ടുകാരെ നോക്കുമ്പോൾ അവർ എല്ലാം ദേഷ്യത്തോടെ നിതിനെ നോക്കുന്നുണ്ട്, പാറ്റ നല്ല ദേഷ്യത്തിലാണ് ആഷിക്കാണ് അവനെ പിടിച്ചു നിർത്തിയിരിക്കുന്നത്. ഈ അവസരത്തിൽ ഒരടി ഉണ്ടായാൽ അത് കൈവിട്ട് പോകും എന്ന് അവനു നല്ല ബോധ്യം ഉണ്ടായിരുന്നു
“ഇന്നലെ രാവിലെ പോയതാ രണ്ടും കൂടി പിന്നെ ഇപ്പോഴാ കാണുന്നത്. എന്തായിരുന്നു ഇന്നലെ… നന്നായി ആഘോഷിച്ചോ.. ”
അതും കൂടി അവന്റെ വായിൽ നിന്നു കേട്ടപ്പോൾ എന്റെ ശരീരം മുഴുവൻ ദേഷ്യത്താൽ വിറക്കാൻ തുടങ്ങി. ഇതെന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നെങ്കിൽ ഇപ്പൊ തന്നെ ഞാൻ അവന്റെ മുഖമടച്ചു ഒന്ന് കൊടുക്കുമായിരുന്നു പക്ഷെ ഇതെന്നെക്കാള് കൂടുതൽ ബാധിക്കുക ചേച്ചിയെ ആണ്.
ഞാൻ ചിന്തിക്കുന്ന സമയത്ത് തന്നെ ഒരു പടക്കം പൊട്ടുന്ന ഒച്ച ഞാൻ കെട്ടു. കണ്ണുതുറന്നു നോക്കിയപ്പോൾ കാണുന്നത് കവിൾ പൊത്തി നിൽക്കുന്ന നിതിനെയും ദേഷ്യത്തിൽ വിറച്ചുനിൽക്കുന്ന മാളുചേച്ചിയെയും ആണ്…
“അനാവശ്യം പറയുന്നോടാ… ”
അവൾ നിതിനെ നോക്കി ചീറുകയാണ്
“നിങ്ങൾക്കൊക്കെ കാണിക്കാം ഞങ്ങൾക്ക് പറയാൻ പാടില്ലേ… ”
അടികൊണ്ട വേദനയിൽ കവിൾ തടവിക്കൊണ്ടാണ് അവൻ സംസാരിക്കുന്നത്. നല്ല വേദന ഉണ്ടാകും ഇന്നലെ എനിക്ക് കിട്ടിയതിലും ഇരട്ടി ശക്തിയിലാണ് ആ അടി കിട്ടിയിരിക്കുന്നത്. മാളുവിന്റെ ദേഷ്യം കണ്ടു ഞാൻ ആകെ അമ്പരന്നു നിൽക്കുകയാണ്