അവൾ പോയതിന് പിന്നാലെ നടക്കാൻ തുടങ്ങിയ എന്നോട് എന്താ കാര്യം എന്ന് ആന്റി പുരികം ഉയർത്തി ചോദിച്ചു. അറിയില്ല എന്ന് മറുപടി നൽകിക്കൊണ്ട് ഞാൻ ഉള്ളിലേക്ക് നടന്നു.
ഞാൻ മാളുവിന്റെ റൂമിൽ എത്തിയപ്പോൾ അവൾ കയ്യും കെട്ടി എന്നെ തെന്നെ നോക്കി നിൽക്കുകയാണ്.
“നീ കുടിച്ചിട്ടുണ്ടോ.. ”
“ചെറുതായിട്ട്… അവന്മാർ നിർബന്ധിച്ചപ്പോൾ”
“അവർ നിർബന്ധിച്ചാൽ നീ എന്തും ചെയ്യുമോ… ”
ഞാൻ ഒന്നും മിണ്ടിയില്ല
“ചോദിച്ചത് കേട്ടില്ലേടാ… ”
ഈ പ്രാവശ്യം അവളുടെ ശബ്ദം കുറച്ചു ഉച്ചത്തിൽ ആയിരുന്നു, ആന്റിയും ലച്ചുവും അത് കേട്ടുകാണും
“സോറി ചേച്ചി… ”
“ഇതെത്ര നാളായി തുടങ്ങിയിട്ട്… ”
“കോളേജിൽ വന്നതിന് ശേഷം ”
“നിന്റെ അമ്മയെ വിളിച്ചു പറയട്ടെ… ”
ആ ഭീഷണിയിൽ ഞാൻ ശരിക്കും പേടിച്ചു
“വേണ്ട പ്ലീസ് …”
“അതെന്താ… ”
“അമ്മ വഴക്ക് പറയും ”
“ശരി ഈ പ്രാവശ്യം ഞാൻ പറയുന്നില്ല ഇനി ഇങ്ങനെ ഉണ്ടായാൽ ഉറപ്പായും ഞാൻ പറയും…”
“ചേച്ചി ഞാൻ അങ്ങനെ എന്നും കുടിക്കാറില്ല ഇങ്ങനെ എന്തെങ്കിലും പരിപാടി ഉള്ളപ്പോൾ മാത്രം രണ്ടെണ്ണം… ഒരുപാടൊന്നും ഇല്ല ”
“എത്ര ആയാലും വേണ്ട ”
“ചേച്ചി പ്ലീസ്… നിന്റെ ഉണ്ണിച്ചേട്ടൻ കുടിക്കില്ലേ… ”
ആ ഒരു ചോദ്യം ഏറ്റു.
“അതിന് അവനു നിന്റെ പ്രായം അല്ലാലോ… ”
“പ്രായത്തിലൊക്കെ എന്താ… എന്റെ ഈ പ്രായത്തിൽ തന്നെ ആയിരിക്കും പുള്ളിയും തുടങ്ങിയത് ചോദിച്ചു നോക്ക് ”
“ആ നീ നിന്റെ ഇഷ്ടം പോലെ ചെയ്…”
അവൾ ദേഷ്യപ്പെട്ട് പുറത്തേക്ക് പോകാൻ തുടങ്ങി
“എടി ചേച്ചി പോകല്ലേ… നീ വേണ്ട എന്ന് പറഞ്ഞാൽ ഞാൻ കുടിക്കില്ല പക്ഷെ എന്റെ ഒരു സന്തോഷത്തിന് ഇടക്ക് വല്ലപ്പോഴും ഞാൻ രണ്ടെണ്ണം കുടിച്ചോട്ടെ… ”
“അയ്യടാ… നല്ല സോപ്പിങ് ആണല്ലോ… ആ എന്തായാലും ഞാൻ കാരണം നിന്റെ സന്തോഷം ഒന്നും പോകണ്ട… വല്ലപ്പോഴും മാത്രം അതും രണ്ടെണ്ണം ok? ”
“എന്റെ ചക്കര ചേച്ചി…. ”
“പോടാ പോടാ …പിന്നെ അധികമായി എന്ന് ഞാൻ അറിഞ്ഞാൽ ഉറപ്പായും ഞാൻ ആന്റിയെ വിളിച്ചു പറയും”
“ആ ശരി ”
“ആ എന്നാൽ വാ… നമുക്ക് അവരുടെ അടുത്തേക്ക് പോകാം ”
ഞങ്ങൾ തിരിച്ചു ചെല്ലുമ്പോൾ ആന്റിയും ലച്ചുവും ഹാളിൽ ഇല്ല. അടുക്കളയിൽ നിന്നും സംസാരം കേട്ടിട്ട് ഞങ്ങൾ അങ്ങോട്ട് ചെന്നു. എന്തോ വര്ഷങ്ങളുടെ പരിചയം ഉള്ള രീതിയിൽ രണ്ടും കൂടെ എന്തൊക്കെയോ പറയുന്നുണ്ട്
“എന്തായിരുന്നു അനിയനും ചേച്ചിയും കൂടെ ഒരു സ്വകാര്യം ”
ആന്റി ഞങ്ങളെ കണ്ടപ്പോൾ മാളുവിനോടായി ചോദിച്ചു
“അമ്മ പറഞ്ഞത് തന്നെ… സ്വകാര്യം… അപ്പൊ പിന്നെ നിങ്ങളോട് പറയാൻ പറ്റില്ലല്ലോ… ”