“ആദ്യം എന്നെ നോക്കി നിന്നതാണ് എന്നായിരുന്നു. ഇപ്പൊ അവന്മാർ പറഞ്ഞിട്ടാണ് എന്ന് വരെ ആയി ഇനിയും കുറച്ചു കഴിയുമ്പോൾ നീ തന്നെ എല്ലാം സമ്മതിക്കും … “.
“ലച്ചൂ… സോറി ഇനി ഇങ്ങനെ ഉണ്ടാകില്ല പോരെ.. ”
“അയ്യോ അങ്ങനെ എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടണ്ട… ഏതവളെ ആണെന്ന് വച്ചാൽ പോയി നോക്കിക്കോ… ”
‘എനിക്ക് നോക്കാൻ ഒരവളെ ഉള്ളു… എന്റെ ലച്ചു ”
ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി വന്നു പക്ഷെ അത് അപ്പൊ തന്നെ മാറി…
“ഇത്രയും നേരം എന്നയല്ലല്ലോ നോക്കിയത് ഇനിയും നോക്കണ്ട… രാവിലെ എഴുന്നേറ്റു ഒരുങ്ങി കെട്ടി വന്നപ്പോൾ കാണേണ്ടവൻ വേറെ അവളുമ്മാരെ നോക്കാൻ പോയിരിക്കുന്നു… ”
അവളത് പറഞ്ഞ സമയത്താണ് ഞാനും ആ കാര്യം ഓർക്കുന്നത്. അവളെ ഞാൻ ആകെ ഒന്ന് നോക്കി
സെറ്റ് സാരിയുടെ കസവ് ബോർഡർനുള്ളിൽ കാവിക്കളർ അതിനുള്ളിൽ ശ്രീബുദ്ധനെ വരച്ചു വച്ചിരിക്കുന്ന പ്രിന്റെഡ് സാരിയാണ്.വെള്ള നിറത്തിലുള്ള ബ്ലൗസിന്റെ കയ്യിലും കസവ് ബോർഡർ. മുന്താണി ഒക്കെ ഞൊറി എടുത്ത് ഉടുത്തിരുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്. അധികം മേക്കപ് ഒന്നും ഇടാത്ത മുഖത്തിന് ആ ചെറിയ മൂക്കുത്തിയും വാലിട്ടെഴുതിയ കണ്ണുകളും സൂക്ഷിച്ച് നോക്കിയാൽ മാത്രം കാണാൻ പറ്റുന്ന രീതിയിലുള്ള ചെറിയ കറുത്ത പൊട്ടും മാറ്റ് കൂട്ടുന്നുണ്ട്.
മാളുവും ലച്ചുവും ഒരേ ഡിസൈൻ സാരിയാണ് ഉടുക്കുക എന്നറിയാമായിരുന്നു എങ്കിലും ആ സാരി കണ്ടിട്ടില്ലായിരുന്നു… കാണിച്ചു തന്നില്ല എന്നുള്ളതാണ് സത്യം… ഓണാഘോഷത്തിന്റെ അന്ന് കണ്ടാൽ മതി എന്ന് പറഞ്ഞ് മാളുപോലും കാണിച്ചു തന്നില്ല.
ഉടുത്തൊരുങ്ങി സുന്ദരിയായി വന്ന് നാന്നായിട്ടുണ്ട് എന്നൊരു അഭിപ്രായം പറയുന്നത് കേൾക്കാനായി വന്നവൾ കാണുന്നത് കോളേജിലേക്ക് വരുന്ന പെണ്ണുങ്ങളെ വായിൽ നോക്കുന്ന എന്നെ. അപ്പൊ പിന്നെ അവൾ ദേഷ്യപ്പെടുന്നതിനെ കുറ്റം പറയാൻ പറ്റുമോ
“ലച്ചൂ… എന്റെ പെണ്ണിന്ന് സുന്ദരി ആയിട്ടുണ്ടല്ലോ… ”
“ഓ… ”
പുച്ഛത്തോടെ ഉള്ള ഒരു മൂളലായിരുന്നു മറുപടി. ഞാനും അത് തന്നെയാണ് പ്രതീക്ഷിച്ചത്
“ലച്ചു ഞാൻ സോറി പറഞ്ഞില്ലെ… ഇനി ഉണ്ടാവില്ല എന്നും പറഞ്ഞു… ഇനി എങ്കിലും ഒന്ന് ക്ഷമിക്ക് ”
“ഹ്മ്മ്.. ശരി… ഇനി ഇങ്ങനെ എന്തെങ്കിലും കണ്ടാൽ ഞാൻ പിന്നെ ഒരിക്കലും മിണ്ടില്ല. ഞാൻ പറഞ്ഞാൽ പറഞ്ഞതാ… ”
“ശരി… ഇനി ഉണ്ടാവില്ല ”
“ഹ്മ്മ്… അപ്പോ ഇനി പറ… ശരിക്കും എന്നെ കാണാൻ കൊള്ളാമോ… ”
“പിന്നെ… സൂപ്പർ… കണ്ണെടുക്കാൻ തോന്നുന്നില്ല ”
ഞാൻ അത് പറഞ്ഞ് കഴിഞ്ഞപ്പോൾ ആ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു…
സ്ത്രീകൾ എപ്പോഴും നന്നായ് ഒരുങ്ങി വരുന്നത് അവരുടെ പ്രിയപ്പെട്ടവരുടെ നന്നായിട്ടുണ്ട് എന്നുള്ള വാക്ക് കേൾക്കാൻ വേണ്ടിയാണ്. അവർക്ക് നമ്മുടെ ആ വാക്കുകൾ പകരുന്ന സന്തോഷം വളരെ വലുതാണ്. ഇന്ന് ലച്ചുവും ഒരുങ്ങി വന്നത് എന്റെ നല്ല വാക്കുകൾ കേൾക്കാൻ വേണ്ടി മാത്രമാണ് പക്ഷെ അവൾക്ക് ഞാൻ നൽകിയത് സങ്കടവും….