“ആ… ”
ഞാൻ അവനുള്ള മറുപടി മൂളലിൽ ഒതുക്കി കൂളർ ഇരിക്കുന്ന സ്ഥലത്തേക്ക് നടന്നു നീങ്ങി. എനിക്കറിയാമായിരുന്നു ഞാൻ പോയി കുറച്ചു കഴിയുമ്പോൾ ലച്ചു എന്നെ തിരക്കി വരും എന്ന്
പ്രതീക്ഷിച്ചത് പോലെ തന്നെ കുറച്ചു കഴിഞ്ഞപ്പോൾ ലച്ചു അങ്ങോട്ടേക്ക് വന്നു
“ഡാ എന്തായിരുന്നു അവിടെ പ്രശ്നം ”
വന്നതേ പെണ്ണിനറിയേണ്ടത് അതാണ്
“എന്ത് പ്രശ്നം… ഒരു പ്രശ്നവും ഇല്ല ”
“എന്നിട്ട് നീയും രാഹുലും തമ്മിൽ എന്തൊക്കെയോ പറയുന്നത് കണ്ടല്ലോ ”
“ഞാൻ എന്താ അവിടെ കിടന്നു കറങ്ങുന്നത് എന്ന് ചോദിച്ചു. ഞാൻ വെള്ളം കുടിക്കാൻ വന്നതാണ് എന്ന് പറഞ്ഞു അത്രേ ഉള്ളു ”
“ഓഹ്… ഇപ്പോഴാ ഒരു സമാധാനം ആയത്… അപ്പൊ നീ വെള്ളം കുടിച്ചിട്ട് പോകാൻ നോക്ക്. ഞാൻ പോട്ടെ .. ”
“നീ എങ്ങോട്ട് പോണു…പിന്നെ പോകാം ”
“പോടാ… അവിടെ പൂക്കളം ഇട്ടോണ്ടിരിക്കുവാ ഞാൻ പോട്ടെ.”
“പിന്നെ… നീ ഇല്ലെങ്കിലും അവിടെ അതൊക്കെ നടന്നോളും. ഞാൻ നിന്നെ കാണാൻ വന്നതാ കുറച്ചു കഴിഞ്ഞു പോയാൽ മതി ”
ഞാൻ പറയലും ഒരു ഏമ്പക്കം വരലും ഒരുമിച്ചായിരുന്നു. കുടിച്ച സ്പ്രൈറ്റ് തന്ന പണി
ഏമ്പക്കം വന്ന ഉടനെ ലച്ചു എന്നെ ഒന്ന് തറപ്പിച്ചു നോക്കി.
“നീ ഒന്നൂതിക്കെ… ”
ലച്ചു അത് പറഞ്ഞപ്പോളെ പണി പാളി എന്നെനിക്കുറപ്പായി
“എന്തിനു… ”
“നീ ഊത് ”
“എടി അത് സ്പ്രൈറ്റ് ന്റെ സ്മെൽ ആണ് ”
“നീ ഊതുന്നുണ്ടോ അതോ ഞാൻ ചേച്ചിയോട് പറയണോ.. ”
“അയ്യോ ചതിക്കല്ലേ… ഊതാം ”
ഞാൻ മടിച്ചു മടിച്ച് ഒന്നൂതി . സ്മെൽ അടിച്ചതും പെണ്ണ് തിരിഞ്ഞ് നടക്കാൻ തുടങ്ങി. ഞാൻ അവളുടെ കയ്യിൽ പിടിച്ച് അവിടെ തന്നെ നിർത്തി
അവൾ പെട്ടന്ന് തന്നെ ഞാൻ പിടിച്ചിരുന്ന കൈ കുടഞ്ഞു
“ലച്ചു.. പോകല്ലേ നിനക്കെന്താ പറ്റിയെ ”
“നീ സത്യം പറ നീ കുടിച്ചിട്ടില്ലേ… ”
“ലച്ചു.. അത് പിന്നെ … അവന്മാർ നിർബന്ധിച്ചപ്പോൾ കുറച്ചു”
“മാളു ചേച്ചി പറഞ്ഞത് നീ കുടിക്കില്ല വലിക്കില്ല എന്നൊക്കെ ആണല്ലോ ”
“അവർക്ക് ആർക്കും അറിയില്ല. കോളേജിൽ വന്നതിനു ശേഷം തുടങ്ങിയതാ ”
“അപ്പൊ എല്ലാം ഞാൻ വന്നതിനു ശേഷം ആണല്ലേ … ”
“എന്തൊക്കെയാ ലച്ചു നീ ഈ പറയുന്നത് ”
“എല്ലാവരും അങ്ങനെ അല്ലെ പറയു… ഞാൻ വരുന്നത് വരെ ഒരു ദുശീലവും ഇല്ലാതിരുന്ന നീ ഇപ്പൊ എല്ലാം തുടങ്ങിയത് ഞാൻ കാരണമാണെന്ന് ”
“നീ എന്തിനാ ലച്ചു ഇങ്ങനെ വേണ്ടാത്തത് ഒക്കെ ചിന്തിച്ചു കൂട്ടുന്നത് ”
“ഞാൻ ചിന്തിച്ച് കൂട്ടുന്നത് ഒന്നുമല്ല. അതാണ് നടക്കാൻ പോകുന്നത് ”
“അങ്ങനെ ഒന്നും ഉണ്ടാവില്ല ”