ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]

Posted by

അത് കണ്ട് അവളുടെ മുഖം ചെറുതായൊന്ന് വാടിയെങ്കിലും പിന്നിൽ വരുന്ന ശേബയോട്  പുരികമുയർത്തി കൈ കൊണ്ട് ആംഗ്യത്തിൽ എന്താ എന്ന് ചോദിക്കാൻ അവൾ മറന്നില്ല.

ചുണ്ടിന്റെ ഒരു കോൺചെറുതായി കടിച്ച് അവളെ ഒരു കുസൃതി നോട്ടത്തോടെ നോക്കി ചുമൽ കൂച്ചി ഒന്നുമില്ല എന്ന ആംഗ്യത്തോടെ ശേബയും പുറത്തേക്ക് നടന്നു…..

” ഞാൻ ഇവിടെന്ന് എഴുന്നേൽക്കട്ടെ കാണിച്ചുതരാട്ടോ…. ”

എന്ന പിന്നിൽ നിന്നുള്ള ബുദൂറിന്റെ പരിഭവത്തിന്

” മിക്കവാറും …വേണ്ടിവരും… എനിക്കല്ല എന്നുമാത്രം” എന്ന് ചെറുമന്ദഹാസത്തോടെ ഒരാത്മഗതം ശേബയുടെ മനസ്സിൽ തന്നെ വീണുടഞ്ഞു.

ബുദൂറിന്റെ തോഴിമാർ അവളുടെ കാൽ ഒരു താലത്തിലേക്ക് വെച്ച് മൈലാഞ്ചി കഴുകി തുടച്ച് വൃത്തിയാക്കാനായി തുടങ്ങുമ്പോഴാണ്  ഗാസിയുടെ കടന്നുവരവ്. ഒരു കൈയ്യിൽ പഴച്ചാറും ഒരു പരന്ന തളികയിൽ രണ്ട് കുത്ത് ചീലോയും അതിനരികിൽ ആവിയിൽ വേവിച്ച ശേഷം കനലിൽ ചുട്ടെടുത്ത ഇളം ആടിന്റെ ഇറച്ചികൊണ്ടുള്ള കബാബും

(ചീലോ ഒരു പുരാതന പേർഷ്യൻ സൈഡ് ഡിഷ്  ആണ്.. ഇന്നും ഇറാനികൾക്ക് റൊട്ടിയുടെ കൂടെ കഴിക്കാൻ ഇതുമുണ്ടാകും… നീളമുള്ള അരി, ഏലം പട്ട ,ഗ്രാമ്പു , കുങ്കുമം തുടങ്ങിയ സുഗന്ധങ്ങൾ ചേർത്ത് വേവിച്ച് നെയ് ചേർത്ത് ഇളക്കിയെടുത്ത് അൽപം തൈര് ചേർത്ത് കുത്തു പിഞ്ഞാണത്തിൽ (ചിരട്ടക്കുഴിവുള്ളതും അടിയിൽ ഒരു പിടുത്തവും ഉള്ള പാത്രം) നിറച്ച് ഒരു കുഞ്ഞി ഗോപുരം പോലെ തളികയിൽ കുത്തി മുകളിൽ സവാളമുരിയിച്ചതും അണ്ടിപരിപ്പും ബദാമും ചേർത്ത് അലങ്കരിച്ചിരിക്കും. തൈര് കൂട്ടി ബിരിയാണി തിന്നുന്ന സുഖം കിട്ടും)

അവൻ വന്ന് തോഴിമാരെയെല്ലാം കുറച്ച് നേരത്തേക്ക്  വിട്ടു നിർത്തി….
കൈയ്യിലെ പാനീയം തുളുമ്പാതെ ശ്രദ്ധയോടെ കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒരുമ്മ വെച്ചവൻ അവളുടെ അരികിലിരുന്നു. മുന്നിലുള്ള പീഠത്തിൽ പഴച്ചാർ നിറച്ച കൂജയും തളികയും വെച്ച് അവളുടെ തലയിൽ മെല്ലെ തല കൊണ്ടൊന്നിടിച്ചു.

തന്നെ തീറ്റാനായുള്ള വരവാണ് ….

ഇനിയെന്നാണ് റബ്ബേ ഇങ്ങിനെയൊന്ന് ഉണ്ടാവുക എന്നോർത്തതും അവളുടെ കണ്ണുനീർ കുതിച്ച് ചാടി . അവന്റെ കവിളിൽ ചുണ്ടമർത്തിയ ശേഷം  തോളിൽ ചെറുതായി കടിച്ച് അവൾ കരഞ്ഞു പെയ്തു കൊണ്ടിരുന്നു… അവനും നനഞ്ഞു പെയ്തു തുടങ്ങി.

ആ സ്നേഹം കണ്ട് അൽപം മാറി നിൽക്കുന്ന  അവളുടെ തോഴിമാർ പോലും തട്ടത്തിന്റെ തുമ്പുയർത്തി കണ്ണുനീർ തുടക്കുന്നുണ്ടായിരുന്നു

അത് കണ്ട് വന്ന ഇഷ്താരക്കും ശേബക്കും തങ്ങളുടെ കണ്ണുനീർ നിയന്ത്രക്കാനായില്ല…
” ഞങ്ങടെ പൊന്നും കുടങ്ങളേ… ”
എന്ന് വിളിച്ച് അവർ രണ്ട് പേരും ഗാസിയേയും ബുദൂറിനേയും പൊതിഞ്ഞു പിടിച്ചു..
അങ്ങോട്ട് വന്ന ഹിർക്കലും ആ സ്നേഹത്തിൽ കുതിർന്നു വിങ്ങുന്ന മനസ്സുകളെ ആശ്വസിപ്പിക്കാനെന്നോണം കണ്ണ് നിറച്ച് അവരോട് ചേർന്ന് നിന്ന് അവരുടെ തലകളിലൂടെ സ്നേഹത്തിന്റെ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു.

കണ്ണുനീരൊന്നടങ്ങിയപ്പോൾ പരസ്പരം എല്ലാരും കവിളിൽ ചുംബിച്ചു. ഗാസിയും ബുദൂറും ഹിർക്കലിന്റെ ഇരു കവിളിലായി ഒരുമിച്ച് മുഖം ചേർത്തപ്പോൾ ആ പിതാവിന്റെ കണ്ണിൽ നിന്നും സ്നേഹത്തിന്റെ ഒരു പേമാരി തന്നെ പെയ്തു…

വളരെ പ്രയാസപെട്ടാണ് അദ്ദേഹത്തെ വേർപ്പെടുത്തി ശേബയും ഇഷ്താരയും ശയനമുറിയിലെത്തിച്ചത്.

കരച്ചിലൊന്നടങ്ങിയപ്പോൾ തളികയെടുത്ത് ഗാസി ബുദൂറിനെ ഊട്ടി തുടങ്ങി.. അവൾ വാ തുറക്കാൻ വിസമ്മതിച്ചു…

Leave a Reply

Your email address will not be published. Required fields are marked *