” ഒന്നൂല്ല…. ജനാബ്, സിൽസിലയെ ഒന്ന് പുറത്തിറക്കണം, ഒരു ചെറിയ സവാരി പോണം…. ”
അവന്റെ ശബ്ദം കേട്ടതും
അകത്ത് നിന്ന് സിൽസില ഒന്ന് ചിനച്ചു.
കാവൽക്കാരൻ സിൽസിലയെ കൊണ്ട് വന്ന്, കടിഞ്ഞാൺ ഗാസിയെ ഏൽപ്പിച്ചു.
തന്റെ യജമാനനെക്കണ്ട സിൽസില അവന്റെ കവിളിൽ ചെറുതായൊന്ന് മുഖം ചേർത്ത് തന്റെ സ്നേഹം പ്രകടിപ്പിക്കാൻ മറന്നില്ല.
ഗാസി സിൽസിലയെ ലയത്തിന്റെ വാതിലിൽ നിറുത്തി അതിന്റെ ജീനിയെല്ലാം ഒന്നുകൂടി ശരിക്കും പരിശോധിച്ച് ഉറപ്പാക്കി , ബുദൂറിനെ വിളിച്ച് വാതിലിന്റെ കൈവരിയിൽ ഒരു കാൽവെപ്പിച്ച് , പതിയെ അവളെ കുതിരപ്പുറത്ത് കയറ്റി.
പിന്നെ കടിഞ്ഞാൺ പിടിച്ച് സാവധാനം കൊട്ടാരവാതിലിന് പുറത്തേക്ക് നടന്നു.
അവരറിയാതെ,
നറുനിലാവിലെ ആ കാഴ്ച ആസ്വദിച്ച് ശേബയും , ചെറു അസ്വസ്ഥതയോടെ ഇഷ്താരയും മട്ടുപ്പാവിൽ അത് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
ബുദൂറിന്റെ മനസ്സ് അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങി, തന്നെ കുതിരപ്പുറത്തിരുത്തി കൂടെ നടക്കാനല്ലല്ലോ താൻ സവാരി വേണമെന്ന് പറഞ്ഞത്. തന്റെ ഭായി ജാനോട് മുട്ടിയിരുന്ന് അവന്റെ ചൂടേറ്റ് പോകാനല്ലേ.. കുതിരയെ ഓടിക്കാൻ തനിക്കും അറിയാല്ലോ? കരിമ്പടം തന്റെ ദേഹത്തൂടെ പുതച്ച് കൂടെ നടക്കുന്ന ഗാസിയെ നോക്കി മെല്ലെ ഇടറിക്കൊണ്ട്
അവൾ പറഞ്ഞു.
” പണ്ടൊക്കെ നജുന്റെ തണുപ്പ് മാറ്റിയിട്ട്, നജുന്റെ ചൂടേറ്റ് തണുപ്പകറ്റിയിരുന്ന ഒരു ഭായിജാൻ ഉണ്ടായിരുന്നു എനിക്ക് ,… ഇപ്പോൾ കാണാൻ അവനെപ്പോലെ ഒരാളുണ്ട്…. എന്ന് മാത്രം…”
ഗാസിയുടെ നെഞ്ചിലേക്ക് ഒരു ചാട്ടുളി വീണു കൊളുത്തി മുറിഞ്ഞു. അവന്റെ നെഞ്ചിലെ ചെങ്കടലിൽ നിന്ന് ,സങ്കടത്തിന്റെ ഒരു ചെറുതിര പതിയെ വന്ന് അവന്റെ കണ്ണിനെ നനയിച്ചു പിൻ വാങ്ങി.
പല്ലുകൾ ചെറുതായി ഒന്ന് കൂട്ടിമുട്ടിച്ച് തണുപ്പ് അനുഭവിക്കുന്ന മട്ടിൽ അവൾ തുടർന്നു.
” സിൽസിലയുടെ മുഴുവൻ വേഗത്തിലാണ് എനിക്ക് പോവേണ്ടത്….. ഭായിജാന്… ബുദ്ധിമുട്ടായില്ലേ…. ഈ പൊട്ടിയുടെ ഓരോരോ തോന്നലുകൾ…. സാരല്ല…. നമുക്ക് തിരിച്ചു പോകാം….ആഗ്രഹിച്ചതെല്ലാം ലഭിച്ചവൾക്ക്…. ഇടക്ക് മുറിഞ്ഞ ഒരു സുന്ദര സ്വപ്നം പോലെ,… ചെറു നോവു പകരുന്ന ഒരു നിലാരാത്രിയായിക്കരുതി ഞാൻ ഇതിനെ താലോലിച്ചോളാം…. ”
അവൾ ഒന്ന് തേങ്ങി…
ഗാസിയുടെ നിയന്ത്രണം പോയി. എന്റെ നജൂ എന്നും പറഞ്ഞവൻ അവളുടെ കൈ പിടിച്ച് ചുംബിച്ച് കൊണ്ട് കുതിരയെ നിറുത്തി..
അവൻ പുതച്ചിരുന്ന കരിമ്പടം അഴിച്ച് അവളുടെ മടിയിലേക്ക് വെച്ചു. സിൽസിലയുടെ പിറകിൽ രണ്ട് തട്ട് തട്ടി. സിൽസില തന്റെ പിൻഭാഗം കുറച്ചൊന്ന് താഴ്ത്തി. ഒരു സൈഡിലേക്ക് ചെരിഞ്ഞ് ഒന്ന് കുതിച്ചുയർന്ന് ഗാസി സിൽസിലയുടെ പുറത്തേക്ക് കയറി, പിന്നെ കാലുകൾ ശരിയാക്കി ബുദൂറിന്റെ പിന്നിലായി സ്ഥാനം പിടിച്ചു.
അവളുടെ മടിയിലുള്ള കരിമ്പടമെടുത്ത് തന്റെ പുറക് വശത്തൂടെ ഒന്ന് ചുറ്റി മുൻപിലൂടെ അവളെയും പുതപ്പിച്ച്, മറുതല കടിഞ്ഞാണോടൊപ്പം കൂട്ടി പിടിച്ചു.
ബുദൂറിനെ ഞെട്ടിച്ചു കൊണ്ട് കരിമ്പടത്തിനുള്ളിലൂടെ അവളുടെ അണി വയറിനെ തന്നിലേക്ക് ചേർത്തമർത്തി പിടിച്ച്, കടിഞ്ഞാൺ ഒന്ന് കുലുക്കി സിൽസിലയോടായി കുറച്ച് ഉച്ചത്തിൽ തന്നെ,