“” എനിക്ക് ഓർമ്മയുണ്ട്, ഞാൻ മുൻപ് ഒരിക്കൽ ഈ കാര്യത്തെപ്പറ്റി ചോദിച്ചപ്പോളും നീ മറുപടിയൊന്നും പറയാതെ ഒഴിഞ്ഞു മാറി…പിന്നെ ഞാനും അത് കാര്യമാക്കിയില്ല…സത്യം പറ ആരാ ആള്…..?”
സെലിനെ അവളുടെ ഇരു തോളിലും പിടിച്ചു എന്റെ നേരെ തിരിച്ചു നിർത്തി കൊണ്ട് ഞാൻ ചോദിച്ചു…..
“”നീ ഒന്ന് പോയെ മോനെ….അതൊക്കെ കുറെ കൊല്ലം മുന്നേ ഉണ്ടായിരുന്നതാ….ഞാനതൊക്ക എപ്പോഴേ വിട്ടു….”‘
അവളൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി…..
“”ഹാ..എന്നാലും പറയ്യ് പെണ്ണേ…ആരായിരുന്നു ആ രക്ഷപ്പെട്ടു പോയ ഭാഗ്യവാൻ…,, ”
“പോടാ പട്ടി..എനിക്ക് സൗകര്യമില്ല പറയാൻ…””
അവളെ നോക്കി ഞാൻ കളിയാക്കി ചിരിച്ചതോടെ പെണ്ണിന് കലി കേറി….
“”പ്ലീസ് ടി….പറയ്യ് നീ ആ നഷ്ട്ടപ്രണയത്തെ കുറിച്ച്…ഞാൻ കേൾക്കട്ടെ…സംഗതി ട്രാജഡി ആണോ…..””
“”ട്രാജഡി ഒന്നുമല്ല, വൻ കോമഡി ആണ്….
വിടരും മുന്പേ കൊഴിഞ്ഞു പോയ എന്റെ പ്രണയം….””
എന്നെ തള്ളിമാറ്റി ഹാളിലെ ജനാലക്കരികിലായി വന്നു നിന്ന് പുറത്തേ മഴയിലേക്ക് ദൃഷ്ട്ടി പതിപ്പിച്ചു കൊണ്ട് സെലിൻ അത് പറഞ്ഞപ്പോൾ അവളുടെ വാക്കുകളിലെ ഇടർച്ച ഞാൻ ശ്രദ്ധിച്ചിരുന്നു….
അവൾക്കരികിലായി ഞാനും വന്നു നിന്നു…
കൺപോളകൾക്കിടയിൽ നിന്ന് പൊഴിയാൻ വെമ്പി നിന്നിരുന്ന നീർമണികളെ സാരിത്തുമ്പ് കൊണ്ട് തുടച്ചു മാറ്റി മുഖത്ത് ഒരു കുസൃതി ചിരി വരുത്തി അവൾ പറഞ്ഞു തുടങ്ങി….
ഒരു ഏഴെട്ട് വർഷം മുൻപ്, ഞാൻ ഡിഗ്രിക്ക് ചേർന്ന ദിവസം, കോളേജിലെ എന്റെ ഫസ്റ്റ് ഡേ….സ്വന്തം ക്ലാസ്സ് എവിടെയാണെന്ന് അന്വേഷിച്ചു നടന്നിരുന്ന ഞാൻ നേരെ ചെന്ന്പ്പെട്ടത് ജൂനിയർ പിള്ളേരെ റാഗ് ചെയ്തു നിന്നിരുന്ന സീനിയർസിന്റെ മുന്നിലായിരുന്നു…..റാഗിംഗ് എന്ന് ഓമനപ്പേരിട്ട് കൊണ്ടുള്ള അവരുടെ ഹരാസ്മെന്റ് അതിരു വിട്ടപ്പോൾ ഞാൻ കരഞ്ഞു പോയി….എന്നിട്ടും അവരെന്നെ വിടാൻ ഉദ്ദേശമില്ലായിരുന്നു…അപ്പോഴാണ് നല്ല കട്ടത്താടിയും മീശയുമൊക്കെ ഉള്ള ചുള്ളൻ ചെക്കൻ അങ്ങോട്ട് വന്നത്….പുള്ളിയും എന്റെ സീനിയർ ആയിരുന്നു എന്ന് അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് മനസ്സിലായി …..അന്നത്തെ എന്റെ കരച്ചിലും നിലവിളിയും ഒക്കെ കണ്ടിട്ട് പാവം തോന്നിയിട്ടാകണം ആള് എന്നെ അവിടുന്ന് രക്ഷിച്ചു കൊണ്ട് പോന്നു …പോരുന്ന പോക്കിന് എന്നെ കരയിപ്പിച്ചവന്മാരെയൊക്കെ നല്ല ചീത്തയും വിളിച്ചിട്ടാണ് പുള്ളി പോന്നത്….എന്റെ ക്ലാസ്സിലേക്കുള്ള വഴിയും പറഞ്ഞു തന്ന് മൂപ്പര് സ്ഥലം വിട്ടു…..അത് പോലെ ഒരു സാഹചര്യത്തിൽ തന്റെ രക്ഷയ്ക്ക് എത്തിയ ആണൊരുത്തനോട് തോന്നിയ ഒരു വീരാരാധന, അല്ലേൽ ക്രഷ്,, infatuation അങ്ങനെ എന്ത് വേണേലും വിളിക്കാം അന്നത്തെ ആ പതിനെട്ടുക്കാരി പൊട്ടിപെണ്ണിന് അവനോടു തോന്നിയ താല്പര്യത്തെ……ക്ലാസ്സ് കഴിഞ്ഞ് ആ ദിവസം പിന്നെയും ഞാൻ ആളെ കണ്ടു…..ഒന്ന് പുഞ്ചിരിച്ചതല്ലാതെ കൂടുതലൊന്നും മിണ്ടാൻ പറ്റിയില്ല…രാവിലെ തന്നെ സഹായിച്ചതിന് ഒരു നന്ദി പോലും….