കിനാവ് പോലെ 9 [Fireblade]

Posted by

അവൻ തികച്ചും കൂൾ ആയി തിരിച്ചു ചോദിച്ചു …

 

” അല്ല , എന്തെങ്കിലും പാര വെക്കുമോ …?? ”
ഞാൻ ടെൻഷനിൽ തന്നെയാണ് ചോദിച്ചത്…

 

” എടാ പേടിത്തൂറിക്കുട്ടാ …., സാധാരണ പോലെ ആണെങ്കിൽ ടെൻഷൻ അടിക്കാം , ഇത് അവളുടെ അച്ഛനും അമ്മയും ആ പെണ്ണും തന്നെ നീ മതി എന്ന് കരുതി ഇരിക്കുമ്പോ ചേച്ചിയായ കാവ്യ നിന്നെ എന്ത് ചെയ്യുമെന്നാ നീ പറയുന്നേ ..??? ”

അവന്റെ ചോദ്യം ഇത്തിരി ദേഷ്യത്തിലായിരുന്നു …..

 

” ഒക്കെ ശെരിയാണ്‌ , ന്നാലും ഇങ്ങനൊരു പൊസിഷനിൽ നിന്നും ഇങ്ങനെ മാത്രേ ചിന്തിക്കാൻ പറ്റുന്നുള്ളൂ …ഞാൻ അർഹിച്ചതിലും വലുത് കിട്ടി എന്നുള്ളതുകൊണ്ടാണോ എന്തോ എവിടെനിന്നെങ്കിലും എന്തെങ്കിലും പണി കിട്ടുമോ എന്നൊരു പേടിയാണ്…..വേറൊന്നും കൊണ്ടല്ലടാ ഒന്നിന്റെ പേരിലും ഇനി അവളെ നഷ്ടപ്പെടുത്താൻ വയ്യ …”

പറഞ്ഞു കഴിഞ്ഞപ്പോളേക്കും എന്റെ ശബ്ദമിടറി….അത് മനസിലായ അവൻ കയ്യിൽ മുറുകെ പിടിച്ചു ….

 

” നിനക്കിപ്പോ ആദ്യം വേണ്ടത് കുറച്ചു സ്വസ്ഥതയാണ് ….ഇന്നു ഒരുപാട് കാര്യങ്ങൾ ഒന്നിച്ചു സംഭവിച്ചതിന്റെ ഒരു അമ്പരപ്പാണ് ഇതെല്ലാം….ശാന്തമായി ഇരുന്നു ഒന്ന് ചിന്തിച്ചു ശെരിയാക്കാം…ഇപ്പൊ നീ വേണേൽ ഇത്തിരി സമയം ഒന്ന് മയങ്ങിക്കോ , 5 മണി ആവുമ്പോൾ ഞാൻ വിളിക്കാം….”

അവൻ എന്നോട് ഒരു സൊല്യൂഷൻ എന്ന നിലക്ക് പറഞ്ഞു…ഞാൻ അനുസരിച്ചു…കുറച്ചു സമയം മറ്റൊന്നും ചിന്തിക്കാതെ കിടന്നു മയങ്ങി……

 

ആ മയക്കത്തിൽ ഞാൻ കണ്ടു ഒരു സായം സന്ധ്യയിൽ പൂവാകപ്പൂക്കൾ വീണു മനോഹരമായ ആ വഴിത്താരയിലൂടെ ഒരു പെണ്കുട്ടിയുടെ കയ്യും പിടിച്ചു പോകുന്ന എന്നെത്തന്നെ …..പണ്ട് എന്റെ ഓർമകളിലെ പെണ്കുട്ടിയുടെ മുഖം തെളിഞ്ഞു കണ്ടില്ലെങ്കിൽ ഇന്നു ആ മുഖം എന്റെ അമ്മുട്ടിയുടേതാണ് …….ഇത്തിരി ക്ലേശിച്ചു നടക്കുന്ന പാതിയാണെങ്കിലും അവളുടെ കൂടെ ആവുമ്പോൾ ആ വഴി അങ്ങോളം തീരുന്നത് വരെ എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് എനിക്കറിയാം…….എല്ലാം തികഞ്ഞ ഒരാളോടൊപ്പം
അവരോടൊപ്പം എത്തിപ്പെടാൻ പറ്റാതെ സങ്കടപ്പെട്ടും കഷ്ടപ്പെട്ടും ജീവിക്കുന്നതിനേക്കാൾ നമ്മളെ ചേർത്തുപിടിച്ചു പോകാൻ സാധിക്കുന്ന, നമ്മളെപോലെയുള്ളവരുടെ കൂടെയാണ് ജീവിക്കാൻ എളുപ്പം…..അമ്മുവിനോടൊപ്പമുള്ള ജീവിതത്തിൽ അവളുടെ നടക്കാനുള്ള ബുദ്ധിമുട്ട് എന്നെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മാത്രമല്ല എന്റെ സ്വഭാവികമായ ഈ പതിഞ്ഞ സ്വഭാവത്തെ പോലും ഊർജ്ജസ്വലമാക്കാൻ തക്ക കഴിവ് അവൾക്കുണ്ട്……

 

ഉറക്കമുണർന്നപ്പോൾ കൺഫ്യൂഷൻ കുറഞ്ഞിരുന്നു ….അത് ആ സ്വപ്നത്തിന്റെ പവർ കൊണ്ടാണോ എന്നറിയില്ല….ഇപ്പൊ ആവശ്യം ഈ ഡിഗ്രി പറ്റാവുന്നത്ര നല്ല രീതിയിൽ കഴിയുക എന്നതാണ് …അതിനു ശേഷമുള്ള കാര്യങ്ങൾ ഇപ്പൊ ചിന്തിച്ചു ലൈഫ് കൂടുതൽ കോംപ്ലിക്കേറ്റ് ചെയ്യണ്ടല്ലോ….

Leave a Reply

Your email address will not be published. Required fields are marked *