കടുംകെട്ട് 9
KadumKettu Part 9 | Author : Arrow | Previous Part
” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. അച്ഛൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു, പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു. അനിയനിയന്റെ കയ്യിൽ മുറുകെ പിടിച്ചു, കണ്ണുനീർ തുടച്ചു അവൾ അച്ഛന്റെ ഒപ്പം വന്നു. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് പോരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ആദ്യം അവൾ സമ്മതിച്ചില്ല. അത് എന്റെ കെട്ടിയോനെ പേടിച്ചു ആവണം. അവർക്ക് വേറെ ബന്ധുക്കൾ ആരും ഇല്ല, അച്ഛൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അയച്ച് കൊടുത്ത പണം കൊണ്ട് കെട്ടിപ്പൊക്കിയ, തേച്ചിട്ട് പോലുമില്ലാത്ത ഈ വീട് മാത്രം ആണ് അവരുടെ ഏക സമ്പാദ്യം, ചെറുപ്പത്തിലേ അവൾക്ക് അച്ഛനെ നഷ്ടമായി, ഇപ്പൊ അമ്മയേയും. ഇങ്ങനെ ഒരു അവസ്ഥയിൽ ഇവരെ തനിച്ചാക്കാൻ അച്ഛന്റെ മനസ്സ് അനുവദിച്ചില്ല. അമ്മയും എതിർ ഒന്നും പറയാത്തത് കൊണ്ട് അച്ഛൻ അവരെ ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ ചേട്ടായിയുടെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ആവണം അച്ചു ഈ തീരുമാനത്തോട് വലിയ താല്പര്യം ഒന്നുമില്ല. പിന്നെ അവരുടെ അവസ്ഥ അറിയാവുന്ന കൊണ്ട് മൗനം പാലിച്ചു.
ഞങ്ങൾ കാറിൽ കയറി, കീർത്തന ഒന്നുകൂടി തിരിഞ്ഞു നോക്കി. താൻ കളിച്ചു വളർന്ന, തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. അവരോടു മനസ് കൊണ്ട് യാത്ര പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.
മൂന് ദിവസം മുന്നേ അച്ഛൻ ഓടി വന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ഒരിക്കലും ഓർത്തില്ല അത് അങ്ങേരുടെ അമ്മയുടെ ഫ്യൂണറൽന് പോവാൻ ആയിരിക്കും എന്ന്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ അമ്മയാണ്, മരിച്ചത് ആരാണ് എന്നൊക്കെ എനിക്കും അച്ചുവിനും പറഞ്ഞു തന്നത്. അത് കേട്ടപ്പോ അച്ചുവിന് ആദ്യം ദേഷ്യം ആണ് വന്നത്. ചേട്ടന്റ അല്ലേ പെങ്ങൾ. പിന്നെ ആ കൊച്ചിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ അവൾ ഒന്ന് അടങ്ങി. ഞങ്ങൾ എത്തി ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞാണ് നന്ദേട്ടൻ എന്റെ കെട്ടിയോനെ കൂട്ടികൊണ്ട് വന്നത്. ഒരു വലിയ പൊട്ടിത്തെറി ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ കീർത്തന ആരാണ് എന്നൊക്കെ നന്ദേട്ടന് നേരത്തെ അറിയാം എന്ന് അറിഞ്ഞത്, അങ്ങേർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ആ നെഞ്ച് തകർന്നു പോവുന്നത് ഞാൻ നേരിൽ കണ്ടതാ.