“”വേണ്ട ഏട്ടാ…ഞാൻ വാങ്ങിച്ചു….ഞാനും ഏട്ടത്തിയും കൂടി ഇന്ന് പുറത്ത് പോയിരുന്നു…….. “”
“”ഹ്മ്മ്….. “”
“”ഏട്ടാ,,എനിക്ക് ഒരു ബ്ലാക്ക് കോഫി ഇട്ട് തരോ….. “”
“”അതിനെന്താ…. താൻ കിടന്നോ…ഞാൻ ഇപ്പൊ കൊണ്ടരാം….””
ഭദ്രയെ ബെഡിൽ കിടത്തി ഞാൻ ഡോർ തുറന്ന് താഴേക്ക് ഇറങ്ങി….. സമയം പതിനൊന്നരയാകുന്നു….എല്ലാ ലൈറ്റും ഓഫ് ആണ്…എല്ലാവരും കിടന്നു എന്ന് തോന്നുന്നു….. ഞാൻ അടുക്കളയിൽ കയറി ലൈറ്റ് ഓൺ ചെയ്തു…പാത്രത്തിൽ വെള്ളമെടുത്ത് ഇൻഡക്ഷൻ സ്റ്റവ്വിൽ ചൂടാക്കാൻ വച്ചിട്ട് ഷെൽഫിൽ നിന്നും കാപ്പിപ്പൊടിയും പഞ്ചസാരയും എടുക്കവേയാണ് പെട്ടന്ന് പുറകിലെ കാൽപെരുമാറ്റം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്…. വാതിൽക്കൽ ഏട്ടത്തിയായിരുന്നു നിന്നിരുന്നത്…..
“”ഹാ ഏട്ടത്തി ഇത് വരെയും കിടന്നില്ലായിരുന്നോ…. “”
“”ഇല്ലടാ.. ഞാൻ അടുക്കളയിൽ ലൈറ്റ് ഓൺ ആയി കിടക്കുന്നത് കണ്ട് നോക്കാൻ വന്നതാ…. നീയിവിടെ എന്താ ചെയ്യുന്നേ….. “”
“”ഭദ്രയ്ക്ക് ബ്ലാക്ക് കോഫി വേണമെന്ന് പറഞ്ഞു.. അതുണ്ടാക്കുവായിരുന്നു…. “”
“”നീയിങ്ങോട്ട് മാറി നിന്നെ ഞാൻ ഉണ്ടാക്കി തരാം…. “”
“”ഏയ്,, ഏട്ടത്തി പോയി കിടന്നുറങ്ങിക്കോ…ഞാൻ ഉണ്ടാക്കിക്കൊള്ളാം….. “”
“”അതൊന്നും വേണ്ടാ,, നീ മാറിക്കെ ചെക്കാ…””
എന്റെ കയ്യിൽ നിന്നും കാപ്പിപ്പൊടിയുടെയും പഞ്ചസാരയുടെയും ഡപ്പികൾ പിടിച്ചു വാങ്ങി കൊണ്ട് ഏട്ടത്തിയെന്നെ സ്റ്റവ്വിന്റെ അരികിൽ നിന്നും ഉന്തിത്തള്ളി മാറ്റി…..
“”ഞാനെയ് കുറച്ചു ചുക്ക് കാപ്പി ഉണ്ടാക്കി തരാം…നീ അത് കൊണ്ട് കൊടുക്ക്…തലവേദനയ്ക്ക് നല്ലതാ…വൈകുന്നേരം തൊട്ട് പറയുന്നതാ ഞാനവളോട് ചുക്ക് കാപ്പി കുടിക്കാൻ…അവൾ കേട്ടില്ല…. അത്താഴം പോലും കഴിച്ചില്ല പെണ്ണ്…നീ ഇതെന്തായാലും കുടിക്കാൻ പറയ് ഭദ്രയോട്……കേട്ടോ…..’’”
“”ഓക്കേ,,അത് ഞാനേറ്റു …. എന്റെ ഏട്ടത്തിയമ്മ പറഞ്ഞാൽ പിന്നെ അപ്പീലുണ്ടോ…. ഏട്ടത്തി ചുക്ക് കാപ്പി ഉണ്ടാക്കിക്കോ….””
അതും പറഞ്ഞ് ഏട്ടത്തിയുടെ കവിളിൽ ഞാനൊന്ന് നുള്ളിയതും പെട്ടന്ന് മുഖം വെട്ടിത്തിരിച്ചപ്പോൾ തോളിലൂടെ മുൻവശത്തേക്കിട്ടിരുന്ന ഏട്ടത്തിയുടെ മുടിയിഴകൾ സ്ഥാനം മാറി….. അപ്പോഴാണ് ഏട്ടത്തിയുടെ ഇടതു കവിളിലെ ചുവന്ന പാട് എന്റെ ശ്രദ്ധയിൽപ്പെട്ടത്……
“”ഇതെന്താ ഏട്ടത്തി ഇടത്തെ കവിള് ചുവന്നിരിക്കുന്നെ…. “”
“”ഏ……എന്ത്…. “”
“”കവിളെന്താ ചുവന്നിരിക്കുന്നെന്ന്….””
എന്റെ ചോദ്യം കേട്ട് പെട്ടന്ന് പരിഭ്രമം മിന്നി മറഞ്ഞ ഏട്ടത്തിയുടെ മുഖത്ത് നോക്കി കൊണ്ട് ഞാൻ പിന്നെയും ചോദിച്ചു……
“”ഏയ്യ്…. അത്…. അതൊന്നുമില്ലടാ…..എന്തോ പ്രാ.. പ്രാണിയോ മറ്റോ മുഖത്ത് അരിച്ചപ്പോൾ ഞാൻ പെട്ടന്ന് മാന്തിയതാ…അതിന്റെ പാടാകും…””
ഇടതു കൈത്തലം കൊണ്ട് പാട് മറച്ചു പിടിച്ചു നിന്ന് എന്റെ മുഖത്തു നോക്കാതെ ഏട്ടത്തി സംസാരിക്കുമ്പോൾ ആ വാക്കുകൾ മുറിയുന്നതും മുഖത്താകെ പരിഭ്രമം നിറയുന്നതും ഞാൻ തിരിച്ചറിഞ്ഞു….എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ കാപ്പി ഉണ്ടാക്കുന്നതിൽ മാത്രം മുഴുകി നിൽക്കുന്ന ഏട്ടത്തിയുടെ മുഖത്തെ പാടുകൾ ഞാൻ ശരിക്കും ശ്രദ്ധിച്ചു നോക്കി കുറച്ചു നേരം….