“എടാ.. എന്നിട്ട്.. എന്നിട്ട് എന്താ നിൻ്റെ തീരുമാനം..??”
“എനിക്കിത് കഴിയില്ല ചേച്ചി.. എനിക്കെന്നല്ല ആർക്കും അത് പറ്റും എന്ന് തോന്നുന്നില്ല.. അവള് ഈ കാര്യത്തിൽ ഭയങ്കര സീരിയസ് ആണ്.. അവളെ തിരുത്താൻ ആവില്ല.. അതിലും നല്ലത് അവളെ അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടുന്നത് അല്ലേ…”
“ഹും… ഞാൻ എന്തായാലും ചേട്ടനോട് സംസാരിച്ചിട്ടു നിന്നെ അറിയിക്കാം…”
“ശരി ചേച്ചി… എന്നാല് ഞാൻ ഇറങ്ങുവാ…”
“ഓകെ ടാ…”
ഞാൻ പുറത്തേക്ക് ഇറങ്ങാൻ ആയി വന്നതും സിറ്റ് ഔട്ടിൽ ആട്ട് കട്ടിലിൽ ഇരുന്നു കുറെ വർണ പേപ്പറുകളും കത്രികയും പശയും ഒക്കെ വച്ച് എന്തൊക്കെയോ ചെയ്യുന്ന നീതു ചേച്ചിയുടെ മകൾ മിന്നുവിനെ കണ്ടു…
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..
“ഹായ് മിന്നൂസ്…”
“ഹായ് വിനു അങ്കിൾ…”
“ഇതെന്താ പരിപാടി..??”
“ഇതൊക്കെ.. എൻ്റെ.. സ്കൂളിക്ക് ഉള്ള വർക്കാ..”
“ഇതെന്ത് വർക്ക.. ഈ പേപ്പറും പശയും ഒക്കെ വച്ച്..”
“ഈ പേപ്പർ വച്ച്.. കുറെ സാധനങ്ങൾ ഉണ്ടാക്കണം.. ആന, കടുവ, സിംഹം, കാക്ക,കുയിൽ അങ്ങനെ അങ്ങനെ…”
“ഹൊ.. അതിൻ്റെ ഒക്കെ രൂപം ഈ പേപ്പർ വച്ച് ഉണ്ടാക്കണം അല്ലേ…”
“അതെ.. അങ്കിളിനു അറിയാമോ ഇതൊക്കെ…??”
മിന്നു അത് ചോദിച്ചപ്പോൾ എൻ്റെ ഓർമകൾ ഒരുപാട് വർഷം പുറകിലേക്ക് പോയി…