എൻ്റെ ഓർമകൾ പതിനാറു വർഷം പുറകിലേക്ക് പോയി….
അന്ന് ഞാൻ അഞ്ചാം ക്ലാസിലും ആതിര നാലാം ക്ലാസിലും പഠിക്കുന്നു…
Soul Mates Part 10
Author : Rahul RK | Previous Part
Episode 10 Confusion
അവധിക്കാലം ആവുമ്പോൾ അമ്മാവൻ്റെ വീടിന് മുന്നിലെ ചക്കരമാവിൽ മാമ്പഴം ഉണ്ടാവാൻ തുടങ്ങും..
പച്ച മാങ്ങ എറിഞ്ഞിട്ടു ഉപ്പും മുളകും ഒക്കെ കൂട്ടി കഴിക്കുന്നത് അന്നൊക്കെ ഒരു പതിവ് സംഭവം ആയിരുന്നു…
പല്ല് പുളിച്ചിട്ട് പിന്നെ കുറച്ച് നേരത്തേക്ക് മറ്റൊന്നും കഴിക്കാൻ പറ്റില്ല എന്നറിയാം, എങ്കിലും മാങ്ങ കാണുമ്പോൾ കൊതി നിൽക്കുകയും ഇല്ല…
അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളം ഊറുന്നുണ്ട്…
കുട്ടിക്കാലം അത്രക്ക് മനോഹരം ആയിരുന്നു…
സ്കൂൾ അടച്ചാൽ ഏട്ടനും അമ്മുവും കുറച്ച് ദൂരെ ഉള്ള വകയിൽ ഉള്ള അമ്മായിയുടെ വീട്ടിൽ നിൽക്കാൻ പോകും.
ആതിരയും ആയി എപ്പോഴും വഴക്കാണ് എങ്കിലും അവളുടെ കൂടെ നിൽക്കാൻ വേണ്ടി ഞാൻ എങ്ങോട്ടും പോവാതെ വീട്ടിൽ തന്നെ നിൽക്കും.
അങ്ങനെ അന്നും ഞങ്ങൾ രണ്ടാളും തനിച്ച് ആയിരുന്നു..
മാങ്ങ പറിക്കാൻ മാവിൻ ചുവട്ടിൽ എത്തിയപ്പോൾ ആണ് ഞങ്ങൾ രണ്ടാളും തമ്മിൽ തർക്കം തുടങ്ങിയത്.
ആരാകും ആദ്യം മാങ്ങ ഏറിഞ്ഞിടുക എന്നതാണ് പ്രശനം..
അങ്ങനെ രണ്ടാളും ചറപറ കല്ല് പെറുക്കി മാവിനിട്ട് എറിയാൻ തുടങ്ങി..
അവള് എറിയുന്ന കല്ലുകൾ ഒന്നും മാവിൻ്റെ ഏഴയലത്ത് പോലും എത്തുന്നില്ലായിരുന്നു…
അങ്ങനെ വാശി കയറി അവൾ എറിഞ്ഞ ഒരു കല്ല് നേരെ പോയി തൊട്ടടുത്ത വീട്ടിലെ ജനലിൽ കൊണ്ടു..
ജനലു പൊട്ടി ഉള്ളിൽ എത്തിയ കല്ല് അവിടെ സുഖമില്ലാതെ കിടന്നിരുന്ന മുത്തശ്ശിയുടെ ദേഹത്ത് കൊണ്ടു….