ഞാൻ : “ഉം.. അർജ്ജുന്റെ വീട്ടിലെ അവസ്ഥ മോശമാണ്.. എന്തായാലും ഒരു ജോലി കിട്ടിയാൽ അവർക്ക് നല്ലതല്ലേ?”
സൂരജ് : “ഞാനിത് നിന്നോട് പറഞ്ഞെന്ന് അവൻ അറിയണ്ട”
ഞാൻ : “ഏയ്.. ഞാൻ പറയുന്നില്ല… അവൻ എന്നോട് പറയാതിരിക്കില്ല”
ഞങ്ങൾ റൂമിലേക്ക് തിരികെ കയറി. ഹരി വീട്ടിലേക്ക് ഫോൺ ചെയ്‌തുകൊണ്ട് കിടക്കുകയാണ്. അർജ്ജുൻ ബാത്റൂമിലും… അവൻ കുളിക്കഴിഞ്ഞു വന്നപ്പോൾ സൂരജ് പോയി മൂത്രമൊഴിച്ചു വന്നു. ഞാനും സൂരജുo ഒരുമിച്ചിരുന്ന് മൊബൈലിൽ ഗെയിം കളിക്കുവാൻ തുടങ്ങി. ആ സമയം അർജ്ജുൻ ഞങ്ങളുടെ അടുത്ത് വന്നു.
അർജ്ജുൻ : “നാളെ ഞാൻ ലീവാണ്. വീട്ടിൽ പോയി പിറ്റേന്ന് വരാം”
ഞാൻ : “അതെന്ത് പറ്റി.. ഒരു ദിവസത്തേക്ക് ലീവ്”
അർജ്ജുൻ : “അപർണയ്ക്ക് (പെങ്ങൾ) ഇവിടെ ഒരു ജോലി ശെരിയാക്കാമെന്ന് മാനേജർ പറഞ്ഞു.”
ഞാൻ : “അപ്പോൾ അവൾ ഡിഗ്രിക്ക് ചേരുന്നില്ലേടാ?”
അർജ്ജുൻ : “സീറ്റ് ഇതുവരെ കിട്ടിയിട്ടില്ല.. അപ്പോൾ വീട്ടിൽ വെറുതെ ഇരിക്കണ്ടല്ലോ?”
സൂരജ് : “പ്രൈവറ്റ് ആയി നോക്കിക്കൂടെ?”
ഞാൻ : “അല്ല.. അവൾ ഏതു കോഴ്സിനാണ് ചേരാനിരുന്നത്?”
അർജ്ജുൻ : “അവൾ ബി.കോം.. പക്ഷേ ഇപ്പോൾ അവൾ പറയുന്നത് ഒരു വർഷം കഴിഞ്ഞു പോകുള്ളൂ എന്നാണ്”
ഞാൻ : “അതെന്താ അങ്ങനെ?”
അർജ്ജുൻ : “അവൾക്ക് നഴ്സിങ്ങിന് പോകാൻ താൽപര്യമുണ്ട്”
സൂരജ് : “അതിന് കാശൊക്കെ കെട്ടിവെക്കേണ്ടി വരില്ലേ?”
അർജ്ജുൻ : “മെഡിക്കൽ കോളേജിലൊക്കെ അഡ്മിഷൻ കിട്ടും. പക്ഷേ കാശ് കൊടുക്കണം”
ഞാൻ : “എന്തായാലും ഒന്നര രണ്ട് ലക്ഷം രൂപ ആകുമെന്ന് തോന്നുന്നു… അതിനുള്ള വകുപ്പൊന്നുമില്ലല്ലോ”
അർജ്ജുൻ : “അമ്മ അവളുടെ പേരിൽ കുറി ചേർന്നിരുന്നു കെ.എസ്.എഫ്.ഇ യിൽ അത് അടുത്ത വർഷം അവസാനിക്കും. ആ കാശ് കൊണ്ട് ചേരാം എന്നാണ് പ്ലാൻ.”
ഞാൻ : “അതെന്തായാലും നന്നായി… പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പഠിക്കണം”.
അർജ്ജുൻ : “ഉം.. അപ്പോൾ ഇവിടെ ജോലിക്ക് നിന്നാൽ കുറച്ചു കാശ് കിട്ടില്ലേ ഒരു വർഷം.. അതും അതിലൂടെ കൂട്ടാമല്ലോ”
ഞാൻ : “നല്ലതാണ്… എവിടേക്കാ ജോലിക്ക് പറഞ്ഞിരിക്കുന്നത്”.
അർജ്ജുൻ : “അറിയില്ല. എവിടെയായാലും അവൾക്ക് എക്സ്പീരിയൻസ് ഒന്നും ഇല്ലല്ലോ.. അവർ പറയുന്നിടത്ത് നിൽക്കും”
ഞാൻ : “ഉം… എന്തായാലും പോയിട്ട് വാ”