അത് ഇപ്പൊ ഒന്നും അവസാനിക്കാൻ പോണില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ ഉറങ്ങാൻ തീരുമാനിച്ചു…
പതിയെ സീറ്റിലേക്ക് കിടന്ന് കണ്ണുകൾ അടച്ചു….
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
എതിരെ ചൂളം വിളിച്ച് പാഞ്ഞ് പോയ ട്രെയിനിൻ്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…
നോക്കുമ്പോൾ ആതിര നല്ല ഉറക്കം ആണ്..
ഞങ്ങൾ അഭിമുഖം ആയാണ് കിടക്കുന്നത്…
ഉറക്കത്തിൽ കണ്ടാൽ എന്ത് പാവം..
ഇവളുടെ ശരിക്കുള്ള സ്വഭാവം മറ്റാരെ കാളും എനിക്ക് അല്ലേ അറിയാവൂ…
ഞാൻ പിന്നെയും കണ്ണ് തുറന്ന് മേലോട്ട് നോക്കി വെറുതെ കിടന്നു…
പെട്ടന്നാണ് ആതിര തിരിഞ്ഞ് കിടക്കുന്ന പോലെ തോന്നിയത്… ഇപ്പൊ അവള് എനിക്ക് എതിർ ദിശയിൽ ആണ് കിടക്കുന്നത്…
ഉറക്കം വരാത്തത് കൊണ്ട് ഞാൻ വെറുതെ എഴുന്നേറ്റ് വാതിലിൻ്റെ അടുത്ത് പോയി നിന്നു…
നല്ല കാറ്റ്… വണ്ടി ആടി കുലുങ്ങി നല്ല സ്പീഡിൽ പോകുന്നുണ്ട്… ഇടക്കിടക്ക് ഓരോ വെളിച്ചം.. ഇങ്ങനെ പുറത്തേക്ക് നോക്കി ഓർമകൾ അയവിറക്കി നിൽക്കാൻ എന്ത് രസമാണ്…
പെട്ടന്ന് ആരോ തോളിൽ കൈ വച്ചതും ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി.. ആതിര ആയിരുന്നു…
“നീ ഇവിടെ എന്താ ചെയ്യുന്നത്.. നിന്നെ സീറ്റിൽ കാണാഞ്ഞപ്പോ ഞാൻ അങ്ങ് പേടിച്ചു..”
“ഞാൻ വെറുതെ ഉറക്കം വരാതെ ഇരുന്നപ്പോ…”
“ഇനി ഇവിടെ നിന്ന് ഉറങ്ങി തലേം കുത്തി താഴേക്ക് വീഴാൻ ആണോ..??”
“ഏയ്.. ഞാൻ ശ്രദ്ധിച്ചോളാം..”
“ഉം.. കുറ്റം പറയാൻ പറ്റില്ല.. ഇവിടെ നിന്ന് ഇങ്ങനെ കാറ്റും കൊണ്ട് പുറത്തേക്ക് നോക്കാൻ നല്ല രസം ഉണ്ട്..”
“അതെ.. പിന്നെ അജയ് വിളിച്ചിട്ട് എന്താ പറഞ്ഞേ..”
“ഒരുപാട് സംസാരിച്ചു.. നേരിൽ കാണാത്തത് കൊണ്ട് സംസാരിക്കാൻ ഉള്ള വിഷയങ്ങൾ കൂടും..”
“നേരിൽ കാണാതെ ഫോട്ടോ കണ്ടൊക്കെ കല്ല്യാണം ഉറപ്പിച്ചു എന്ന് പറയുമ്പോ.. ഒരുമാതിരി ഫേസ്ബുക്ക് പ്രണയം പോലെ ഉണ്ടല്ലേ..”