കടുംകെട്ട് 10 [Arrow]

Posted by

എന്തോ ഞാൻ പോലും അറിയാതെ ഞാൻ വിളികേട്ടു. പുള്ളി എന്റെ മുഖത്തു നോക്കാതെ പറഞ്ഞു തുടങ്ങി.
ഒരു അഞ്ചു വയസുകാരന് സന്തോഷം തരുന്നത് എന്താണ്?? വലിയ വീടും കൊറേ കാശും ഒക്കെ ഉണ്ടെങ്കിൽ ഒരു അഞ്ചുവയസുകാരൻ ഹാപ്പി ആവുമോ??
അവന്റെ അമ്മയുടെ, അവന്റെ അച്ഛന്റെ സ്നേഹം ആണ് ആ പ്രായത്തിൽ ഉള്ള എല്ലാ പിള്ളേരും ആഗ്രഹിക്കുന്നത്, ഞാനും അതൊക്കെ മാത്രമേ ആഗ്രഹിചിട്ടുള്ളു, പ്രതേകിച് എന്റെ അമ്മയുടെ സ്നേഹം. കൂടെ പഠിക്കുന്ന പിള്ളേർ അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ വരുമ്പോൾ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്റെ അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ പോണം എന്നൊക്കെ, കൂട്ടുകാർ അവരുടെ അമ്മ ചോറു വാരി കൊടുക്കുന്നതും കഥ പറഞ്ഞു കൊടുക്കുന്നതും പാർക്കിൽ ഒക്കെ പോണതും ഒക്കെ അത്ഭുതത്തോടെ കൊതിയോടെ ഞാൻ കേട്ടിരുന്നിട്ടുണ്ട്.
അച്ഛനോട് അമ്മയേ കുറിച്ച് ചോദിക്കുമ്പോഴൊക്കെ മൗനം ആയിരുന്നു മറുപടി, എന്റെ അമ്മ മരിച്ചു പോയത് അല്ല എന്നെ ഉപേക്ഷിച്ചു പോയതാണ് എന്ന് ഞങ്ങളുടെ ബന്ധുവിൽ നിന്ന് അറിഞ്ഞ ദിവസം ഞാൻ കരഞ്ഞതിന് കണക്ക് ഇല്ല, എന്തിനാ എന്റെ അമ്മ എന്നെ ഇട്ടിട്ട് പോയത് എന്ന് എത്ര ആലോചിച് നോക്കിയിട്ടും എനിക്ക് മറുപടി കിട്ടിയില്ല, ഒരു പക്ഷെ ഞാൻ ചീത്തകുട്ടി ആയത് കൊണ്ട് ആവും എന്ന് ഞാൻ ആലോചിച്ചു. അച്ഛന്റെ ആൽബത്തിൽ നിന്ന് കിട്ടിയ അമ്മയു ടെ ഫോട്ടോയിൽ നോക്കി ഞാൻ നല്ല കുട്ടി ആയിക്കോളാം അമ്മ തിരികെ വാ എന്ന് പറഞ്ഞു കരഞ്ഞ എത്ര രാത്രികൾ ഉണ്ടെന്നോ. പക്ഷെ ആരും അത് കേട്ടില്ല, മക്കൾ കരഞ്ഞാൽ അമ്മയുടെ ഉള്ളു പിടയും എത്ര ദൂരത്തിൽ  ആണേലും അമ്മഅറിയും എന്നൊക്കെ ആണ് വെപ്പ്, പക്ഷെ ആ തള്ള ഇതൊന്നും അറിഞ്ഞില്ല, അല്ലേലും അതോക്ക അറിയാൻ അവർക്ക് എവിടെന്നാ നേരം അവര്ക്ക് നോക്കാൻ എന്റെ അച്ഛനെക്കാൾ അവർക്ക് ഇഷ്ടമുള്ള പുതിയ ഭർത്താവ് ഇല്ലേ?? എന്നേക്കാൾ പ്രീയപ്പെട്ട രണ്ട് മക്കൾ ഇല്ലേ അവരുടെ കാര്യം നോക്കണ്ടേ??
ഒരു ദിവസം വല്യമ്മ അച്ഛനോട് അമ്മയെ പറ്റി പറയുന്നത് ഒളിച്ചു നിന്ന് കേട്ടതിൽ നിന്ന് ആണ് എന്റെ അമ്മ ഒരു ചീത്ത സ്ത്രീ ആണെന്ന് എനിക്ക് മനസ്സിലായത്, അന്ന് എന്റെ അച്ഛന്റെ ഞാൻ അത് വരെ കണ്ടിട്ടില്ലാത്ത മുഖം കണ്ടത് തലകുനിച്ചു അപമാനഭാരത്തിൽ നിൽക്കുന്ന എന്റെ അച്ഛൻ. അതായിരുന്നു എന്റെ കുഞ്ഞ് മനസ്സിലെ ആദ്യ മുറിവ്. ആ ഒറ്റ ദിവസം കൊണ്ട് അമ്മ എന്ന് പറയുന്ന സ്ത്രീയേ ഞാൻ വെറുത്തു, എന്റെ അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ആ സ്ത്രീ കാരണം എന്റെ അച്ഛൻ വിഷമിക്കുന്നത് കാണാൻ എനിക്ക് വയ്യായിരുന്നു. അമ്മയേ കുറിച്ച് അച്ഛനോട് സംസാരിക്കില്ല എന്ന് ഞാൻ തീരുമാനിച്ചു.
അതേസമയമാണ് ഞങ്ങളുടെ ക്ലാസ്സിലെ ഒരുത്തൻ എന്റെ അമ്മ ഒളിച്ചോടിപ്പോയതാണ് എന്ന് അറിഞ്ഞത്, അവൻ അത് ക്ലാസ്സിൽ പാട്ടാക്കി. എല്ലാരും എന്നെ കളിയാക്കാൻ തുടങ്ങി, ചീത്ത സ്ത്രീയുടെ മകൻ എന്ന് മുദ്ര കുത്തി എല്ലാരും എന്നെ ഒറ്റപെടുത്തി. ആരും എന്നെ കൂട്ടത്തിൽ കൂട്ടാതെയായി. ബുള്ളിയിങ്ങ്, അത് വല്ലാത്ത ഒരു ഫീലിംഗ് ആണ്. ഞാൻ എന്റെ ക്ലാസ്സിൽ ഉള്ളവരെ ഒക്കെ വെറുത്തു, സ്കൂളിൽ പോവാൻ തന്നെ മടിയായി, സത്യത്തിൽ ഇതിന് ഒക്കെ കാരണം എന്റെ അമ്മഎന്ന് പറയുന്നവർ ആണെന്ന് ഞാൻ മനസ്സിലാക്കി, കാരണം എന്റെ അമ്മ ഒരു ചീത്ത സ്ത്രീ ആണെന്ന് അറിഞ്ഞതോടെ ആണല്ലേ ഞാൻ അവരുടെ  കൂട്ടത്തിൽ കൂട്ടാൻ പറ്റാത്ത ഒരുത്തൻ ആണെന്ന് അവർ പറഞ്ഞത്. അതോടെ അവരോട് ഉള്ള ദേഷ്യവും വെറുപ്പും ഒക്കെ എന്റെ അമ്മയിലേക്ക് തിരിഞ്ഞു. അമ്മ ആ വാക്ക് പോലും കേൾക്കുന്നത് എനിക്ക് അറപ്പ് ആണ് വെറുപ്പ് ആണ്. പതിയെ അത് സ്ത്രീ കളോട് മുഴുവനും ആയിമാറി.

Leave a Reply

Your email address will not be published. Required fields are marked *