അരൂപി [ചാണക്യൻ]

Posted by

എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ചതും അവളുടെ ചെവിയിൽ ചീവീടിനെ പോലെ ആരോ മൂളി തുടങ്ങി.

അസഹനീയമായ ആ ശബ്ദം കേട്ടതും ശ്രീക്കുട്ടി കൈകൾ കൊണ്ടു കാതുകളിൽ കൊട്ടിയടിച്ചു.

“എന്ത് പറ്റി മോളെ പറയ്‌? ”

ശ്രീക്കുട്ടിയുടെ പരാക്രമം കണ്ട് ഡോക്ടർ ചോദിച്ചു.

“അവരോട് ഒച്ചയാക്കല്ലെന്ന് പറയുവോ…എന്റെ ചെവി പൊട്ടണൂ ”

സഹിക്കാൻ വയ്യാതെ വലിഞ്ഞു മുറുകിയ മുഖവുമായി ശ്രീക്കുട്ടി അലറി.

അത് കേട്ടതും ഡോക്ടർ അവളുടെ ചുമലിൽ കൈ വച്ചു.

“മോളെ ദേ നോക്ക്… ഇപ്പൊ അങ്ങനൊന്നുമില്ലല്ലോ… അത് ഈ നഴ്സുമാർ പറ്റിച്ച പണിയാ… അവരുടെ ഫോൺ ബെല്ലടിച്ച ശബ്ദമാ മോള് കേട്ടത്. ഡോക്ടർ അവരെ നല്ല ചീത്ത പറയാം കേട്ടോ”

അതും പറഞ്ഞു കൊണ്ടു ഡോക്ടർ അരികിൽ നിക്കുന്ന നഴ്സുമാരെ മുഖം വെട്ടിച്ചു നോക്കി.

അദ്ദേഹത്തിന്റെ നോട്ടം കണ്ടതും എന്തോ മനസിലായെന്ന അർത്ഥത്തിൽ അവർ തലയാട്ടി.

“കണ്ടില്ലേ മോളെ… അവര് ഫോൺ ഓഫ് ചെയ്തു വച്ചു. ഇനി അങ്ങനെത്തെ ശബ്ദം ഒന്നും ഉണ്ടാവില്ലട്ടോ ”

ഡോക്ടർ പറഞ്ഞത് പതിഞ്ഞ ശബ്ദത്തിൽ കൊട്ടിയടച്ച ചെവികളിലൂടെ അവൾ കേട്ടു.

എങ്കിലും അവൾ കൈകൾ വിടുവാൻ തയാറായിരുന്നില്ല.

ഡോക്ടർ അവളെ നോക്കി കണ്ണിമ ചിമ്മിയതും ശ്രീക്കുട്ടി പയ്യെ തന്റെ കൈകൾ ചെവിയിൽ നിന്നും പിൻവലിച്ചു.

ഇപ്പൊ ശബ്ദമൊന്നും കേൾക്കാതായപ്പോ അവൾക്ക് ആശ്വാസം തോന്നി.

“ഇനി പറയുമോ മോൾടെ പേരെന്താണെന്ന്? ”

ഡോക്ടറുടെ ചോദ്യം കേട്ടതും അവൾ വീണ്ടും സ്വന്തം പേരോർക്കാൻ ശ്രമിച്ചു.

പക്ഷെ നിരാശയായിരുന്നു ഫലം.

“അറിഞ്ഞൂടാ ഡോക്ടർ എന്റെ പേരെന്താണെന്ന്? ”

ദുഃഖത്തോടെ ശ്രീക്കുട്ടി പറഞ്ഞു.

ഏയ്‌ അതിനിപ്പോ എന്താ മോളെ സാരമില്ല കേട്ടോ…. ഡോക്ടർ ചുമ്മാ ചോദിച്ചല്ലേ… അതു വിട് ഈ പുറകിൽ നിൽക്കുന്നവരെയൊക്കെ മോൾക്ക് അറിയാൻ പറ്റുന്നുണ്ടോ? ”

ഇത്രേം നേരം റൂമിലുണ്ടായിരുന്നവർ ഞെട്ടലോടെ ശ്രീക്കുട്ടിയെ ഉറ്റു നോക്കി.

അപ്പോഴാണ് റൂമിലുള്ള മറ്റുള്ളവരെ അവൾ ശ്രദ്ധിച്ചത്.

ഡോക്ടർ പറഞ്ഞത് കേട്ട് ശ്രീക്കുട്ടിയുടെ കണ്ണുകൾ ഓരോ മുഖത്തിലൂടെയും സഞ്ചരിച്ചുകൊണ്ടിരുന്നു.

അവളുടെ കണ്ണുകൾ പതിയുന്ന മുഖങ്ങൾ ഒരുപോലെ വിടരുകയും കണ്ണുകൾ പിൻവാങ്ങുന്ന സമയത്ത് മങ്ങുകയും ചെയ്തുകൊണ്ടിരുന്നു.

ആരെയും തിരിച്ചറിയാതെ ഓരോ മുഖങ്ങളെയും അവളുടെ അവബോധ മനസ് തള്ളി പറഞ്ഞുകൊണ്ടിരുന്നു.

അവസാനം അരുണിലേക്ക് അവളുടെ കണ്ണുകൾ എത്തിച്ചേർന്നു.

അല്പ നേരം അരുണിന്റെ മുഖത്തേക്ക് അവൾ ഉറ്റു നോക്കി.

ശ്രീക്കുട്ടിയുടെ മുഖത്ത് ഭാവഭേദമൊന്നുമില്ലെന്ന് മനസിലായ ഡോക്ടറും മറ്റുള്ളവരും സങ്കടത്തോടെ അരുണിനെ നോക്കി.

അരുണിൽ നിന്നും കണ്ണെടുത്തതും പൊടുന്നനെ അവളുടെ തലയിൽ മിന്നൽപിണർ പോലെ വെളിച്ചം തെളിയുകയും കെടുകയും ചെയ്തുകൊണ്ടിരുന്നു.

അരുണിന്റെ മുഖവും ആ വെള്ളാരം കണ്ണുകളും ഒരു നിഴൽ ചിത്രങ്ങൾ പോലെ പൊടുന്നനെ അവളുടെ മനസിൽ തെളിഞ്ഞും മങ്ങിയും കിടന്നു.

ശരീരമാകെ കറന്റ്‌ അടിക്കുന്ന പോലെ തോന്നിയതും തല പൊട്ടി പുളയുന്ന വേദന അവൾക്ക് അനുഭവപ്പെട്ടു.

ഇരു ചെന്നിയിലും കൈകൾ ചേർത്തു വച്ചു അവൾ കണ്ണുകൾ ബലമായി പൂട്ടി വച്ചു മുഖം താഴ്ത്തി.

“എന്ത് പറ്റി മോളെ? ”

ഡോക്ടർ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു.

“അറിയില്ല ഡോക്ടർ…. അയാളുടെ മുഖം കണ്ടപ്പോൾ എന്തോ പോലെ തോന്നി.. പണ്ടെപ്പോഴോ കണ്ടു മറന്ന പോലെ.

അരുണിനെ ചൂണ്ടിക്കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു.

അതു കേട്ടതും അരുൺ ഞെട്ടലോടെ ശ്രീക്കുട്ടിയെ നോക്കി.

ചിന്മയിയും ജാനകിയമ്മയും വീണയും രാമനാഥനും ജയനും സന്തോഷത്തോടെ അവളെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *