അരൂപി [ചാണക്യൻ]

Posted by

അവളുടെ മുഖത്തു വിരിയുന്ന ചെറു നാണം കണ്ട് വീണ കള്ള ചിരിയോടെ അവളെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു.

“അവനെ മോള് അരുണേട്ടൻ എന്ന് വിളിച്ചോട്ടോ… പാവമാ നല്ല കുട്ടിയാ അവൻ”

വീണ പറഞ്ഞത് കേട്ട് ശ്രീ തലയാട്ടി.

അവൾ ബെഡിൽ ഇരുന്നുകൊണ്ട് ഇപ്പൊ നടത്താൻ പോകുന്ന യാത്രയെ കുറിച്ച് ചിന്തിതയായി.

ഡോക്ടർനെ കണ്ട ശേഷം ഡിസ്ചാർജ് വാങ്ങി വന്ന് ശ്രീയെയും കൂട്ടി അവർ ഹോസ്പിറ്റലിന് വെളിയിലേക്കിറങ്ങി.

അരുൺ പാർക്കിംഗ്ൽ നിന്നും കാർ എടുത്തുകൊണ്ടു വന്നു സാധങ്ങളൊക്കെ എടുത്തു വച്ചു.

എല്ലാവരും കയറിയിരുന്ന ശേഷം അരുൺ വണ്ടി വിട്ടു.

വഴിയോര കാഴ്ച്ചകൾ കാറിലിരുന്ന് അത്ഭുതത്തോടെ അവൾ കണ്ടുകൊണ്ടിരുന്നു.

അവളുടെ മനസിലേക്ക് ഓടി വന്ന നൂറിലധികം ചോദ്യങ്ങൾക്ക് വീണ ഉത്തരം പറഞ്ഞുകൊണ്ടിരുന്നു.

ഒരു കൊച്ചുകുട്ടിയുടെ കൗതുകം അവളിൽ കണ്ടതും വീണയുടെ മനസ് തെല്ലൊന്ന് പുറകിലേക്ക് സഞ്ചരിച്ചു.

തന്റെ ഒക്കത്തിരുന്ന് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു തന്നെ വട്ടം കറക്കുന്ന ഒരു 3 വയസ്കാരി കുഞ്ഞു ശ്രീയെ അവൾ ചിരിയോടെ ഓർത്തെടുത്തു.

വഴിയിലെ ഓരോ കാര്യങ്ങളും വീണ അവൾക്ക് ചൂണ്ടി കാണിച്ചു പഠിപ്പിച്ചുകൊണ്ടിരുന്നു.

ഒരു ശിഷ്യയെ പോലെ അവൾ അത് ഓരോന്നും മനഃപാഠമാക്കി.

ആ യാത്ര അവൾ ഒരുപാട് എൻജോയ് ചെയ്തുകൊണ്ടിരുന്നു.

2 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം അവർ വലിയൊരു ബംഗ്ളാവിനു മുൻപിൽ എത്തിച്ചേർന്നു.

കാറിൽ നിന്നും ഇറങ്ങിയ ശ്രീക്കുട്ടി ഇത്രേം വലിയ വീട് കണ്ട് അന്തം വിട്ടു വായും പൊളിച്ചു നിന്നു.

അവളുടെ അമ്പരപ്പ് കണ്ട് ജയൻ ചിരിയോടെ അവളുടെ ചുമലിൽ കൈ ചേർത്തു കൊണ്ടു പറഞ്ഞു.

“മോളെ ഇതാണ് നമ്മുടെ വീട്”

ജയൻ പറഞ്ഞിട്ടും വിശ്വസിക്കാനാവാതെ മുഖം വെട്ടിച്ചു ശ്രീ അച്ഛനെ നോക്കി.

ജയൻ അതേയെന്ന മട്ടിൽ തലയാട്ടി.

ജയന്റെ കൈ പിടിച്ചു ശ്രീക്കുട്ടി മുന്നോട്ട് നടന്നു.

അവർക്ക് പുറകെ കയ്യിൽ സാധങ്ങളുമായി വീണയും അരുണും അവരെ അനുഗമിച്ചു.

ആ വലിയ വീടിന്റെ ഹാളിലേക്ക് കയറിയതും ഒരു ഭിത്തിയെ മുഴുവൻ മറയ്ക്കുന്ന രീതിയിൽ തൂക്കിയിട്ടിരിക്കുന്ന ഭീമൻ ചിത്രത്തിലേക്ക് അവളുടെ കണ്ണുകൾ പതിഞ്ഞു.

ജയനെയും വീണയെയും കെട്ടിപിടിച്ചിരിക്കുന്ന ശ്രീക്കുട്ടിയും അടങ്ങിയ ചിത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

അവൾ ആകാംക്ഷയോടെ അതിലേക്ക് കണ്ണും നട്ടിരുന്നു.

അതിൽ നിന്നും കണ്ണെടുക്കാൻ അവൾക്ക് തോന്നിയില്ല.

അപ്പൊ ഇതാണല്ലേ എന്റെ വീട്.. എന്റെ അച്ഛന്റെയും അമ്മയുടെയും വീട്.. ഇനി എന്റെയും “

Leave a Reply

Your email address will not be published. Required fields are marked *