എന്നാൽ ദക്ഷിണ ശക്തിയിൽ വലിച്ചതിന്റെ ഫലമായി അനന്തു അവളുടെ മാറിലേക്കാണ് വന്നു വീണത്.
അവൻ തന്റെ നെഞ്ചോടു വന്നു ചേർന്നതും ദക്ഷിണയുടെ കൈകൾ അറിയാതെ തന്നെ അവനെ വിരിഞ്ഞു മുറുക്കിയിരുന്നു.
ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി ആ ഉരസലിൽ തീപ്പൊരി പാറി.
ആരെയും ആകർഷിക്കുന്ന ആ നീലക്കണ്ണുകൾ പണ്ടെന്നോ കണ്ടു മറന്ന പ്രതീതിയായിരുന്നു ദക്ഷിണയ്ക്ക്.
എന്നാൽ അനന്തുവിന് ആ കണ്ണുകൾ കാണുന്തോറും അരുണിമയെയാണ് ഓർമ വന്നത്.
അവളുടെ കണ്ണുകളിൽ നോക്കിയിരിക്കുന്ന പോലെയാണ് അവനു തോന്നിയത്.
“ഇപ്പൊ എങ്ങനുണ്ട് അനന്തു …വേദന കുറവുണ്ടോ ?”
ദക്ഷിണ സങ്കടത്തോടെ അവനെ നോക്കി.
“ഹ്മ്മ്മ് കുറവുണ്ട് …”
അനന്തു ഇടുപ്പിൽ പയ്യെ തിരുമ്മിക്കൊണ്ട് പറഞ്ഞു.
അപ്പോഴും അവിടെ വേദന ബാക്കിയായിരുന്നു.
“ഞാനില്ലായിരുന്നേൽ ഇപ്പൊ കാണായിരുന്നു.. തന്റെ ഡെഡ് ബോഡി അവന്മാർ ഇപ്പൊ എടുത്തേനെ ”
ദക്ഷിണയുടെ പറച്ചിൽ കേട്ട് അനന്തുവിന് നാണക്കേട് തോന്നി.
“അല്ല അനന്തു ..എന്റെ അച്ഛച്ചൻ പണ്ടെനിക്ക് പറഞ്ഞു തന്നിട്ടുള്ള മുത്തശ്ശിക്കഥകളിൽ നായികയെ ഗുണ്ടകളിൽ നിന്നും രക്ഷിക്കാൻ വരുന്ന നായകന്റെ കഥയായിരുന്നു ഉണ്ടായിരുന്നത് ..ഇതിപ്പോ നായകനെ രക്ഷിക്കാൻ വന്ന നായിക എന്നായി മാറിയല്ലേ.. ജസ്റ്റ് ഫോർ എ ചേഞ്ച് ”
ദക്ഷിണയുടെ മറുപടിയോടൊപ്പം വന്ന കുസൃതി ചിരി കണ്ടതും അനന്തുവിന് ആകെ വയ്യാതെയായി.
സ്വയം തൊലിയുരിയുന്ന പോലെ അവന് തോന്നി.
ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിലെന്ന് അവൻ ആശിച്ചു.
നാണക്കേട് കാരണം അവളുടെ മുഖത്ത് നോക്കാൻ അനന്തു ബുദ്ധിമുട്ടി.
“സോറി ”
“ഹേയ് ..ലീവ് ഇറ്റ് മാൻ ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ ..തനിക്ക് ഹർട്ട് ആയോ ?”
ദക്ഷിണ ക്ഷമാപണത്തോടെ അവനോടു ചോദിച്ചു.