ബുള്ളറ്റിൽ ഇരുന്ന അനന്തു ദേഷ്യത്തോടെ ആക്സിലേറ്ററിൽ പിടിച്ചു ശക്തിയിൽ തിരിച്ചു കൊണ്ടിരുന്നു.
ബുള്ളറ്റിന്റെ ആർത്തനാദം അവിടെ അലയടിച്ചു.
ജീപ്പിൽ നിന്നും ചാടിയിറങ്ങിയ ആറേഴ് ഘടാ ഗഡിയന്മാർ വാക്കത്തിയും മരക്കഷണവും മറ്റും പിടിച്ചു കൊണ്ട് അനന്തുവിനെ തുറിച്ചു നോക്കി.
തങ്ങൾക്ക് ചുറ്റും നിൽക്കുന്ന കിങ്കരന്മാരെ കണ്ട് ദക്ഷിണയ്ക്ക് അല്പം ഭയം തോന്നി.
അവൾ അനന്തുവിന്റെ ചുമലിൽ മുറുകെ പിടിച്ചു.
എങ്കിലും അവളുടെ കൈകൾ വിറകൊള്ളുന്നത് അനന്തു അറിയുന്നുണ്ടായിരുന്നു.
കൂട്ടത്തിലൊരുത്തൻ കഴുത്തിലെ ഞൊട്ട പൊട്ടിച്ചു കൊണ്ട് മുന്നോട്ട് വന്നു.
കൂടെയുള്ളത് ഒരു പെൺകുട്ടിയായതുകൊണ്ട് നിമിഷ നേരത്തേക്ക് അനന്തുവിന് മന:സാന്നിധ്യം നഷ്ടപ്പെട്ടു.
എങ്ങനെങ്കിലും ദക്ഷിണയ്ക്ക് ഒരു പോറൽ പോലുമേൽപ്പിക്കാതെ വീട്ടിൽ കൊണ്ടു ചെന്നാക്കണമെന്ന് അവൻ കണക്ക് കൂട്ടി.
ഒറ്റയ്ക്കായിരുന്നേൽ എല്ലാത്തിനേയും ഒരുമിച്ച് നേരിടായിരുന്നു.
ഇപ്പൊ തന്റെ കൂടെയുള്ള പെൺകുട്ടിയുടെ സുരക്ഷിതത്വമാണ് പ്രധാനം.
അതോടൊപ്പം ബാക്കി എല്ലാത്തിനേയും അടിച്ചിടുക.
മുന്നോട്ട് നടന്നു വരുന്ന തടിമാടനെ അനന്തു സൂക്ഷിച്ചു നോക്കി.
ഒത്ത വലിപ്പവും വണ്ണവുമുള്ളയാൾ മുന്നോട്ടേക്ക് നടന്നു വന്ന് അനന്തുവിന്റെ കോളറിൽ കയറി പിടിച്ചു.
“ഡാ നീയൊക്കെ ഞങ്ങക്കിട്ടുണ്ടാക്കിയിട്ട് പോകാന്ന് വിചാരിച്ചോ… ങ്ഹേ ”
അനന്തുവിന്റെ കോളറിൽ പിടിച്ച് അയാൾ ശക്തിയിൽ കുലുക്കി.
ആ ഒരു പിടുത്തത്തിലൂടെ അയാളുടെ കൈക്കരുത്ത് അനന്തു മനസിലാക്കി.
‘അല്ല ചേട്ടാ ….നമ്മള് തമ്മില് ആദ്യായിട്ട് കാണുവാ …പിന്നെന്താ പ്രശ്നം?”
“പ്രശ്നമറിഞ്ഞാലേ നീ പോകൂ …അല്ലേ ?
ഡീ കൊച്ചേ ..തടി കേടാകണ്ടെങ്കിൽ അങ്ങോട്ട് മാറി നിക്കടി ”
ദക്ഷിണയ്ക്ക് നേരെ അയാൾ അലറി.
ഭയന്നു വിറച്ച അവൾ അനന്തുവിനെ നോക്കി.
അവൻ ഇറങ്ങിക്കോ എന്ന മട്ടിൽ തലയാട്ടി.