“അങ്ങുന്നേ വേറെന്തേലും വേണോ ?”
രാമേട്ടന്റെ ചോദ്യമാണ് അവനെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
പൊടുന്നനെ അനന്തു ഞെട്ടലോടെ ചുറ്റു നോക്കി.
അവന്റെ കണ്ണുകൾ മിഴിച്ചു വന്നു.
“ങ്ഹേ..ഞാനെങ്ങനാ ഇവിടെത്തിയെ ?
ഇത്രയും നേരം അവിടെ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നില്ലേ ?
പിന്നെപ്പോഴാ ഞാനിവിടെ വന്നു നിന്നത് ?”
അനന്തു ആത്മഗതം പറഞ്ഞു കൊണ്ട് തല ചൊറിഞ്ഞു.
അവന് എല്ലാം കൂടി ആലോചിച്ച് വട്ടു പിടിക്കുമെന്ന് തോന്നി.
“വെള്ളം കുടിച്ചില്ലേ അങ്ങുന്നേ ..മറ്റെന്തെലും വേണോ?”
“വെള്ളമോ ?കുടിച്ചോന്നോ ?ആര് ?”
അനന്തു ഒന്നും മനസിലാകാതെ കുമാരേട്ടനെ തുറിച്ചു നോക്കി.
“ഇപ്പൊ അങ്ങുന്ന് വെള്ളം കുടിക്കാൻ അകത്തോട്ട് പോയില്ലേ? രാധ വെള്ളം തന്നില്ലേ?”
കുമാരേട്ടൻ ചോദിച്ചു.
ആ ചോദ്യത്തിന്റെ ഉള്ളടക്കം മനസിലാകാഞ്ഞിട്ടും അനന്തു വെറുതെ തലയാട്ടി.
അത് കണ്ടതും കുമാരേട്ടന്റെ മുഖത്തു പുഞ്ചിരി വിടർന്നു.
പോകാനിറങ്ങിയപ്പോഴാണ് അനന്തു ചായയുടെ
പൈസ കൊടുത്തിട്ടില്ലെന്ന കാര്യമോർത്തത്.
അവൻ തിരിഞ്ഞു വന്ന് പോക്കറ്റിൽ നിന്നും പേഴ്സടുത്തു.
“അയ്യോ അങ്ങുന്നേ പൈസയൊന്നും വേണ്ട”
കുമാരേട്ടൻ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു.
“അത് സാരമില്ല കുമാരേട്ടാ.. ഇത് കൈയിൽ വച്ചോ ”
അനന്തു പണമെടുത്ത് അയാൾക്ക് നേരെ നീട്ടി.
വേണ്ടങ്ങുന്നേ ഈ കടേം എന്റെ ജീവിതോം എല്ലാം ശങ്കരൻ അങ്ങുന്ന് തന്നതാ ..ആ അങ്ങുന്നിന്റെ കൊച്ചുമോനോട് പൈസ വാങ്ങീന്ന് അറിഞ്ഞാൽ ദൈവം പോലും പൊറുക്കൂലാ..അത്രയ്ക്ക് കടപ്പാട് അങ്ങുന്നിനോടുണ്ട് ”
കുമാരേട്ടന്റെ ദയനീയമായ മുഖം കണ്ടതും പിന്നീട് നിർബന്ധിക്കാൻ അവൻ പോയില്ല.
അയാളോട് യാത്ര പറഞ്ഞു കൊണ്ട് അനന്തു ഇറങ്ങി.
ശങ്കരൻ അങ്ങുന്നിന്റെ കൊച്ചുമോനെ കാണാൻ അവിടെ വലിയൊരു ജനാവലി തടിച്ചുകൂടിയിരുന്നു.
എല്ലാവരും അനന്തുവിനെ ഒരു നോക്ക് കണ്ട ശേഷം തൃപ്തിയോടെ നിന്നു.
എല്ലാവരെയും നോക്കി പുഞ്ചിരി തൂകിയ ശേഷം അനന്തു ബുള്ളറ്റിൽ കയറി അവിടെ നിന്നും യാത്രയായി.
“നമ്മുടെ ദേവൻ അങ്ങുന്നിന്റെ അതേ മുഖം അല്ലേ?”
80 വയസോളം പ്രായമുള്ള പാളത്തൊപ്പിയണിഞ്ഞ ഒരു വൃദ്ധൻ കുമാരേട്ടനോട് ചോദിച്ചു.
“അതേ അപ്പുവേട്ടാ ..ഞാനും അതന്നെ വിചാരിച്ചേ ”
കുമാരേട്ടൻ ചിരിയോടെ പറഞ്ഞു.