ആ തീജ്വാല യിലൂടെ കുതറി മാറുന്ന അനന്തുവിനെയും രാധയെയും കണ്ട് അഘോരിയുടെ മുഖത്ത് ക്രൂരമായ പുഞ്ചിരി വിടർന്നു.
സമീപത്ത് കമിഴ്ത്തി വച്ച തലയോട്ടിയിൽ നിറച്ചു വച്ച ചാരായം അയാൾ ഒരു കവിൾ പതിയെ മോന്തി.
വീണ്ടും എരിയുന്ന തീയിലേക്ക് കണ്ണു നട്ടിരുന്നു.
കോപം കൊണ്ട് അയാളുടെ മുഖം അപ്പോഴും വിറയ്ക്കുകയായിരുന്നു
“നീ ഇപ്പോഴും ആ ചട്ടക്കൂടിൽ നിന്നും പുറത്തുവന്നിട്ടില്ല അഥർവ്വാ..
ഞാനൊരിക്കൽ സൂചിപ്പിച്ചിരുന്നു നീ തെറ്റായ ദിശയിലേക്ക് സഞ്ചരിക്കുമ്പോൾ നിനക്ക് വഴികാട്ടിയായി ഞാൻ വരുമെന്ന് …
കന്യകാത്വം വെടിയാത്ത പെൺകുട്ടിയെ അല്ലാതെ മറ്റൊരുവളെയും നിനക്ക് തൊടാനാവില്ല ..
വിധി അതിനോട് അനുകൂലമല്ല..
നിന്റെ ശത്രുവിന് വേണ്ടി നീ കരുതിയിരിക്കുക..
തയാറായിരിക്കുക..
ബാഹ്യശക്തികൾക്ക് അടിമപ്പെടാതെ നീ നീയാകുക..
സ്വയം സംരക്ഷണം നൽകുക..
ഒരിക്കൽ ഞാൻ നിന്റെ മുൻപിൽ വരും..
അതു വരെ നിന്റെ ജീവൻ നിന്നെ കൈ വെടിയാതിരിക്കട്ടെ…
ഹ ഹ ഹ ഹ ”
അഘോരിയുടെ അട്ടഹാസം ആ ചുടലക്കാടാകെ മുഴങ്ങി കേട്ടു.
അപ്പോഴും രൗദ്രമായ ഭാവം ആ മുഖത്തിൽ നിന്നും അകന്നു പോയിരുന്നില്ല.
.
.
.
.
ഈ സമയം അനന്തു തറവാട്ടിലേക്കുള്ള യാത്രയിലായിരുന്നു.
വെയിലിന്റ കാഠിന്യം അവനെ വല്ലാതെ തളർത്തി.
എങ്കിലും തലയിലെ പെരുപ്പ് ആക്സിലേറ്ററിൽ അവൻ തീർത്തു കൊണ്ടിരുന്നു.
അൽപസമയം കൊണ്ട് അവൻ തേവക്കാട്ട് മനയുടെ പടിപ്പുരയിലേക്കെത്തിച്ചേർന്നു.
മനയുടെ മുറ്റത്തേക്ക് ബുള്ളറ്റും കൊണ്ട് അനന്തു വന്നു.
അവിടെ കൂടി നിൽക്കുന്ന ആൾക്കാരെ കണ്ട് അനന്തു സംഭ്രമത്തോടെ അവരെ നോക്കി.
അവിടെ മനയുടെ ഔട്ട് ഹൗസിനോട് ചേർന്ന് നിലത്ത് പൂഴിമണൽ കുന്നു കൂട്ടിയിരിക്കുന്നു.
ചില പണിക്കാർ അവിടെ തൂമ്പ കൊണ്ട് കിളച്ചു കൊണ്ടിരിക്കുന്നു.
ബുള്ളറ്റ് അവിടെ വച്ച് അനന്തു അതൊക്കെ നോക്കിക്കണ്ടു.