അവൻ ഒന്നും മിണ്ടാതെ മനയുടെ ഉള്ളിലേക്ക് നടന്നു.
അകത്തളത്തിലേക്ക് കാലെടുത്തു വച്ചതും മുത്തശ്ശൻ വരുന്നതാണ് അവൻ കണ്ടത്.
അനന്തു അദ്ദേഹത്തിന് മങ്ങിയ പുഞ്ചിരി സമ്മാനിച്ചു.
ആ മുഖത്തെ തെളിച്ച കുറവ് ഞൊടിയിടയിൽ തന്നെ ആ വൃദ്ധ മനുഷ്യൻ കണ്ടെത്തി.
“മോനെ ദേവാ ..എന്തേ മുഖം മങ്ങിയ പോലെ?”
“ഒന്നുല്ല മുത്തശ്ശാ ”
അനന്തു ചിരിയുടെ മൂടുപടം അണിഞ്ഞുകൊണ്ട് പുഞ്ചിരിക്കുവാൻ ശ്രമിച്ചു.
“പറ മോനെ.. എന്തുണ്ടായെ ?വയ്യേ നിനക്ക്? ”
ശങ്കരൻ കൊച്ചു മോന്റെ നെറ്റിയിലും കവിളിലും കരതലമമർത്തിക്കൊണ്ട് ചോദിച്ചു.
മുത്തശ്ശന്റെ കെയറിങ് അനന്തുവിന് വല്ലാത്തൊരു ആശ്വാസം പകർന്നു.
“മുത്തശ്ശാ അത് ജിത്തേട്ടൻ ഇപ്പോഴും ഞങ്ങളെ അന്യരെ പോലെയാ കാണുന്നെ.. ഒന്ന് മിണ്ടുന്നു പോലുമില്ല ..അതോർക്കുമ്പോ വല്ലാതെ സങ്കടം തോന്നി.”
അനന്തു മുത്തശ്ശന് മുൻപിൽ തന്റെ പരാതിയുടെ ഭാണ്ഡക്കെട്ട് ഓരോന്നായി അഴിച്ചു.
“മോനെ അവൻ അല്ലേലും അങ്ങനാ.. വല്ലാത്ത ഒരു ചൂടൻ സ്വഭാവമാ അവന് കിട്ടിയേ.. പൊതുവെ ആരോടും മിണ്ടാത്ത സ്വഭാവവും.. മോൻ അതൊന്നും കാര്യാക്കണ്ട ..ചുമ്മാ ഓരോന്ന് ഓർത്ത് പേടിക്കണ്ടട്ടോ ”
ശങ്കരൻ അനന്തുവിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.
അനന്തു ശരിയെന്ന മട്ടിൽ തലയാട്ടി.
അവനെ സമാധാനിപ്പിച്ച ശേഷം ശങ്കരൻ പുറത്തേക്കിറങ്ങി പോയി.
അനന്തു നേരെ അടുക്കളയിലേക്ക് പോയി.
അവിടെ മാലതിയും സീതയും അടുക്കളപ്പണിയിൽ മുഴുകിയിരിക്കുകയായിരുന്നു.
അനന്തു നേരെ മാലതിയുടെ അടുത്തേക്ക് ചെന്ന് അവരെ പൂണ്ടടക്കം കെട്ടിപിടിച്ചു.
അവന്റെ പ്രവൃത്തിയിൽ പെട്ടെന്ന് ഞെട്ടിയ മാലതി സ്വന്തം മകനാണെന്ന് തിരിച്ചറിഞ്ഞതും അവന്റെ കവിളിൽ പതിയെ തലോടി.
അമ്മയുടെ മുടിയിൽ നിന്നും വല്ലാത്തൊരു സുഗന്ധം വരുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.
അവൻ ആ ഗന്ധം ആവോളം വലിച്ചെടുത്തു.
“അമ്മേ ഈ മുടിയ്‌ക്കെന്താ ഒരു മണം ..നല്ല രസമുണ്ടല്ലോ”