എല്ലാവരും പകയോടെ ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു.
“ആ ബലരാമന്റെ സന്തതിയെ ജയൻ ഗോദയിൽ വച്ചു ഇല്ലാതാക്കും..അതോടെ ആ കുടുംബം വെണ്ണീറാകുന്നത് എനിക്ക് കാണണം ഈ കണ്ണുകൾ കൊണ്ട് ”
ലീലയുടെ വാക്കുകൾ അവിടുള്ളവരുടെ പകയെ ആളി കത്തിച്ചു.
ജനക്കൂട്ടം പിന്തിരിഞ്ഞു പോയതും അവർക്കിടയിലൂടെ ഓടി ചാടി വരുന്ന ദക്ഷിണയെ അപ്പോഴാണ് രുദ്രൻ തിരുമേനി ശ്രദ്ധിച്ചത്.
“വല്യച്ഛ ”
ദക്ഷിണ ചിരിയോടെ രുദ്രൻ തിരുമേനിയെ ഓടി വന്നു പുണർന്നു.
“ആഹാ വല്യച്ഛന്റെ സുന്ദരിക്കുട്ടി എങ്ങോട്ടാ പോയേ?”
അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഒതുക്കി വച്ചു കൊണ്ട് രുദ്രൻ തിരുമേനി ആരാഞ്ഞു.
“ഞാൻ നമ്മുടെ ഗ്രാമമൊക്കെ ചുറ്റി കാണാൻ പോയതല്ലേ”
“എന്നിട്ടോ ഇഷ്ടപ്പെട്ടോ?”
“പിന്നില്ലേ ഇറ്റ് വാസ് എ വണ്ടർഫുൾ എക്സ്പീരിയൻസ് ..എന്ത് രസാ ഇവിടൊക്കെ കാണാൻ ഒരുപാട് ഇഷ്ട്ടായി”
പെട്ടെന്ന് ഫോൺ കാൾ വന്നതും ജയശങ്കർ അവിടുന്ന് മാറിപ്പോയി.
“ശേ എന്താ കുട്ടീ ഇത് ..ഇമ്മാതിരി കളസോം ഇട്ടൊണ്ടാണോ ഈ ഗ്രാമത്തിലൂടെ നടക്കുന്നേ.. നമ്മുടെ കുടുംബത്തിന് ചില ആചാരങ്ങളും മര്യാദകളും ഒക്കെ ഇണ്ട്”
ലീല അന്തർജ്ജനം അവിടിരുന്നു പിറുപിറുത്തു.
അപ്പോഴാണ് അവിടുള്ള അച്ഛന്റെ സഹോദരിയെ ദക്ഷിണ ശ്രദ്ധിക്കുന്നത്.
അവൾ അല്പം ഭയത്തോടെ രുദ്രൻ തിരുമേനിയുടെ കൈകളിൽ മുറുകെ പിടിച്ചു.
“എന്താ ചേച്ചിയിത് ..അവള് പട്ടണത്തില് വളർന്ന കുട്ടിയല്ലേ..അപ്പൊ ആ ഒരു രീതിയിലല്ലേ അവള് ജീവിക്കൂ..ഇത് പഴയ കാലമൊന്നുമല്ലല്ലോ ”
രുദ്രൻ തിരുമേനി അവളുടെ രക്ഷയ്ക്കെത്തി.
“ആവോ ഞാനൊക്കെ പഴഞ്ചനല്ലേ എനിക്ക് ഇതൊന്നും പിടിക്കില്ല ശിവ ശിവ..കാലത്തിന്റെ ഒരു പോക്കേ ”
ലീല നാമം ജപിച്ചുകൊണ്ട് പയ്യെ എണീറ്റു പോയി.
അവർ അകത്തേക്ക് പോയതും ദക്ഷിണയ്ക്ക് അല്പം സമാധാനം തോന്നി.
“മോള് അതൊന്നും കേട്ട് പേടിക്കണ്ട ..പഴയ തലമുറയിൽ ഉള്ളവരല്ലേ.. അവര്ക് ഈ പരിഷ്‌കാരം ഒന്നും പിടിക്കില്ല ..മോള് ചെന്നോ അച്ഛൻ ഉള്ളിലുണ്ട്”
“ശരി വല്യച്ഛ ”
ദക്ഷിണ ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് പോയി.
അവൾ പോയതും രുദ്രൻ തിരുമേനി തന്റെ ഉള്ളം കയ്യിലെ ഊന്നു വടിയിൽ ഒന്നുകൂടി മുറുകെ പിടിച്ചു.