“എന്നിട്ട് അവര് ഒന്നും ചെയ്തില്ലേ.. മഠയന്മാർ”
“അവിടെയാണ് കുഴപ്പം അമ്മാവാ ”
“എന്ത് കുഴപ്പം?”
രുദ്രൻ തിരുമേനി ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കി.
“കേട്ടപ്പോൾ എനിക്കും എന്തോ വിശ്വസിക്കാൻ തോന്നിയില്ല പക്ഷെ കുറേ പേര് ഇപ്പൊ അതേക്കുറിച്ചു എന്നോട് സൂചിപ്പിച്ചു.”
“നിന്ന് പരുങ്ങാതെ കാര്യം പറാ ജയാ ”
രുദ്രൻ തിരുമേനിയുടെ ശബ്ദം ഉയർന്നതും ജയശങ്കറിന് വേറെ വഴിയില്ലാണ്ടായി.
“അത് പിന്നെ ആ മാലതിയുടെ ചെക്കന് തേവക്കാട്ടെ ദേവന്റെ മുഖഛായ
ഉണ്ടെന്നൊക്കെ”
അത് കേട്ടതും രുദ്രൻ തിരുമേനി ആകെ വിളറി വെളുത്തു.
അദ്ദേഹത്തിന്റെ മുന്നിൽ എരിഞ്ഞു കൊണ്ടിരുന്ന വിളക്കിലെ തിരി പൊടുന്നനെ കെട്ടു.
അതോടൊപ്പം അദ്ദേഹത്തിന്റെ കൺപീലികൾ മൂന്ന് തവണ തുടിച്ചു.
അതോടൊപ്പം ഇടതു കൈത്തണ്ടയിലെ ഞരമ്പും മൂന്ന് തവണ തുടിച്ചു.
അതോടെ രുദ്രൻ തിരുമേനിക്ക് ശരീരമാകെ ആവി കേറുന്ന പോലെ തോന്നി.
ഇരുന്നയിരുപ്പിൽ അദ്ദേഹം വിയർത്തു കുളിച്ചു.
അദ്ദേഹത്തിന്റെ ശ്വാസഗതി ഉയർന്നു നെഞ്ചിടിപ്പ് ക്രമാതീതമായി വർധിച്ചു.
അമ്മാവനുണ്ടായ മാറ്റങ്ങൾ കണ്ട് ജയശങ്കർ പൊടുന്നനെ ശങ്കയിലായി.
അവൻ അദ്ദേഹത്തിന് സമീപം വരാൻ തുനിഞ്ഞു.
‘അരുത് ജയാ..ആ പൂജാമുറിയുടെ വാതിൽ
അടച്ചു വേഗം പുറത്തിറങ്ങൂ”
“അമ്മാവാ അത് ‘
“പുറത്തിറങ്ങാൻ ”
ഘോരമായ ശബ്ദത്തിൽ രുദ്രൻ തിരുമേനി ഗർജ്ജിച്ചു.
ആ ശബ്ദം കേട്ട് ജയശങ്കർ ഞെട്ടി.
അയാൾ വേഗം തന്നെ പുറത്തേക്കിറങ്ങി പൂജാമുറിയുടെ വാതിൽ കൊട്ടിയടച്ചു.
രുദ്രൻ തിരുമേനി ആ പൂജാമുറിയിലിരുന്ന് ഉരുകുകയായിരുന്നു.
ജയശങ്കർ പറഞ്ഞ കാര്യങ്ങൾ അദ്ധേഹത്തെ തളർത്തി.
ദേവന്റെ മുഖഛായയുള്ള ആൾ ഉണ്ടെങ്കിൽ അതൊരിക്കലും നല്ലതിനാകില്ല.
അത് കേട്ടതും മനസിലേക്ക് അരിച്ചെത്തിയത് ഭയമായിരുന്നു.
ഒന്നിനെ പോലും ഭയക്കാത്ത ഞാൻ കൺമുന്നിൽ നടക്കുന്ന മായക്കാഴ്ചകൾ കണ്ട് അസ്വസ്ഥനാണ്.
ഓരോന്നും മനസിനെ തളർത്തിക്കളയുന്നു.