അതു കണ്ട രുദ്രൻ തിരുമേനിയുടെ മനം ആഹ്ളാദത്താൽ മതി മറന്നു.
താൻ ഉദ്ധേശച്ച കാര്യങ്ങൾ 90 ശതമാനം പരിപൂർണതയിൽ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു അയാൾ.
ആശ്വാസത്തോടെ ഒന്നു നെടുവീർപ്പെട്ടതും പൊടുന്നനെ ആ കുട്ടിച്ചാത്തൻ അവിടെ വീണ്ടും പ്രത്യക്ഷനായി.
അത് രുദ്രൻ തിരുമേനിയുടെ കാതിന് അരികിലേക്ക് വളഞ്ഞു വന്നു.
അദ്ധേഹം കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചതും രുദ്രൻ തിരുമേനി മനസിൽ കണ്ട ആളുടെ ഭൂതം ഭാവി വർത്തമാനം എന്നിവ കുട്ടിച്ചാത്തൻ അഞ്ച് നിമിഷം കൊണ്ട് ചൊല്ലിക്കൊടുത്തു.
എല്ലാം കഴിഞ്ഞ് ചാത്തൻ പിന്മാറിയതും അദ്ധേഹം നടുങ്ങി.
കേട്ടതൊന്നും വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയായിരുന്നു രുദ്രൻ തിരുമേനി.
അയാൾക്ക് തല കറങ്ങുന്ന പോലെ തോന്നി.
അതോടൊപ്പം ഭയം നെഞ്ചിനുള്ളിൽ ഉരുണ്ടു പിരണ്ട് കൂടുന്നത് അയാൾ തിരിച്ചറിഞ്ഞു.
ശരീരം വിറക്കാൻ തുടങ്ങിയതും മറു മന്ത്രം ജപിച്ച് കുട്ടിച്ചാത്തനെ അദ്ദേഹം മായ്ച്ചു കളഞ്ഞു.
അപ്പോഴും കേട്ട കാര്യങ്ങൾ ഒരു ഇടിമുഴക്കം പോലെ ആ കാതുകളിൽ പ്രകമ്പനം കൊള്ളു ന്നുണ്ടായിരുന്നു.
മന്ത്രം ചൊല്ലി ഹോമകുണ്ഡത്തിലെ അഗ്നി കെടുത്തിയതും രുദ്രൻ തിരുമേനി ചാടിയെണീറ്റു.
ഊന്നുവടിയിൽ ബലമായി പിടിച്ചു കൊണ്ട് അദ്ധേഹം മുന്നോട്ട് നടന്നു.
നടക്കുമ്പോഴും കൈയിലെ വിറയൽ ഊന്നുവടിയിലേക്ക് പടർന്നിരുന്നു.
അതിനാൽ ഇടക്കിടക്ക് ഉള്ളംകൈയിൽ നിന്നും അത് വഴുതി പോയികൊണ്ടിരുന്നു.
എങ്കിലും വീണു പോകാതെ പൂജാമുറിയുടെ വാതിൽ അദ്ധേഹം പരവേശത്തോടെ വലിച്ചു തുറന്നു.
പുറത്ത് നിൽക്കുന്ന ജയശങ്കറിനെ ഗൗനിക്കാതെ അദ്ധേഹം ധൃതിയിൽ മുന്നോട്ട് നടന്നു.
രണ്ടാംനിലയിൽ കയറിയ അദ്ധേഹം തെക്കിനി ഭാഗത്തേക്ക് നടന്നു.
തെക്കിനിയിലെ വലിയ അറയുടെ മുൻപിലെത്തിയ രുദ്രൻ തിരുമേനി ആ വലിയ വാതിലുകൾ തള്ളിത്തുറന്നു.