മാലതിയുടെ അഭിപ്രായത്തിൽ കഴമ്പുണ്ടെന്ന് എല്ലാർക്കും തോന്നി.
എല്ലാവരുടെയും കണ്ണുകൾ അനന്തുവിലേക്ക് നീണ്ടു.
അതോടൊപ്പം മീനാക്ഷിയുടെ പിടയ്ക്കുന്ന മിഴികളും അവനെ തേടിയെത്തി.
എങ്ങനേലും ഈ കുടുക്കിൽ നിന്ന് രക്ഷപ്പെടാൻ തീരുമാനമെടുത്ത് അവൻ എല്ലാവരെയും നോക്കി.
തനിക്ക് മീനാക്ഷിയെ ഇഷ്ടമല്ല എന്ന് അനന്തു ഉറക്കെ വിളിച്ചു കൂവാൻ തുടങ്ങിയതും കഴുത്തിലൊരു പിടി വീണതും ഒരുമിച്ചായിരുന്നു.
അവൻ കണ്ണു മിഴിച്ചുകൊണ്ട് ചുറ്റും നോക്കി.
കനലെരിയുന്ന കണ്ണുകളോടെ ക്രോധമായ ഭാവത്തോടെ ഉറഞ്ഞു തുള്ളുന്ന ശിവജിത്തിനെ കണ്ട് അനന്തു ഞെട്ടി.
“നിനക്കെന്റെ പെങ്ങളെ പ്രേമിക്കണം അല്ലെടാ ബാസ്റ്റഡ് ?”
ശിവജിത്ത് അലറിക്കൊണ്ടു അവന്റെ കഴുത്തിലെ പിടുത്തം മുറുക്കി.
തൊണ്ട കുഴയിലെ പിടുത്തം മുറുകിയതും അനന്തു ശ്വാസം കിട്ടാതെ പിടഞ്ഞു.
ശിവയുടെ വലിഞ്ഞു മുറുകിയ മുഖം അവൻ അടഞ്ഞു പോകുന്ന കണ്ണുകളിലൂടെ ഒരു നോക്ക് കണ്ടു.
ഇരുമ്പ് പോലുള്ള അവന്റെ കയ്യിൽ നിന്നും വിട്ടു മാറാൻ അനന്തുവിന് കഴിഞ്ഞില്ല.
ശ്വാസം കിട്ടാതെ പൊടുന്നനെ പിടഞ്ഞതും അനന്തുവിന്റെ മനസിലേക്ക് ചില നിഴൽ ചിത്രങ്ങൾ അനുവാദമില്ലാതെ ഓടിയെത്തി.
ക്ലീൻ ഷേവ് ചെയ്ത താടിയും കട്ടി മീശയും പുരികത്തിലുള്ള വെട്ടേറ്റ പാടും മുറിച്ചെവിയും ഉള്ള ഒരാൾ തന്റെ കഴുത്തിൽ കുത്തി പിടിച്ചിരിക്കുന്നതായിരുന്നു അവൻ കണ്ടത്.
അരികെ ആളി കത്തുന്ന തീയിലേക്ക് നോക്കി ചോരയൊലിപ്പിച്ച മുഖവുമായി അലറുന്ന തന്റെ മുഖം കണ്ടതും അനന്തു ഞെട്ടിത്തരിച്ചിരുന്നു.
എങ്കിലും ആ മുറിച്ചെവിയന്റെ മുഖം മായാതെ തന്നെ അനന്തുവിന്റെ മനസിൽ തങ്ങി നിന്നു.
ശിവജിത്തിന്റെ പിടുത്തം ദൃഢമായതും അവൻ കണ്മുന്നിൽ കണ്ടു കൊണ്ടിരുന്ന നിഴൽ ചിത്രങ്ങൾ പതിയെ അപ്രത്യക്ഷമായി.
അവിടെ ശിവജിത്തിന്റെ മുഖം തെളിഞ്ഞു വന്നു.
അപ്പോഴേക്കും ശങ്കരനും ബാലരാമനും വിജയനും ഓടി വന്നു ശിവജിത്തിനെ പിടിച്ചു മാറ്റി.
ശിവജിത്ത് അലറികൊണ്ട് കലി തീരാതെ അനന്തുവിന് നേരെ മുഷ്ടി ചുരുട്ടി ഉറഞ്ഞുകൊണ്ടിരുന്നു.