“””ഓ തമ്പുരാൻ എഴുന്നള്ളിയോ…… എന്താണാവോ ഇന്ന് ഇത്ര നേരത്തെ”””
ഏട്ടത്തിയുടെ പിന്നിൽ മറഞ്ഞു നടന്ന എന്നെ കണ്ടതും ഏട്ടൻ ചെയ്തു കൊണ്ടിരുന്ന പണി നിർത്തി
ഒരു ആക്കിയ ചോദ്യം…
ഞാൻ മറുപടി ഒന്നും പറയാൻ നിന്നില്ല…. എന്തിനാ വെറുതെ….
“””സാറിനോട് ഞാൻ ഒരു പണി പറഞ്ഞായിരുന്നു….. ഓർമ്മയുണ്ടോ??”””
എന്റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും കാണാഞ്ഞിട്ട് ആവണം, ഏട്ടൻ അതേ ഈണത്തിൽ അടുത്ത ചോദ്യം ഇട്ടു…
“””ഏട്ടാ……അത്………പിന്നെ………”””
മറുപടിക്ക് വേണ്ടി ഞാൻ വിക്കി…. സംഭവം മറന്നുപ്പോയി എന്ന് ഈ കാട്ടുപോത്തിന്റെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം എനിക്കില്ല…
“””മറന്ന് പോയി കാണും…… അല്ലേ??”””
“””മ്മ…..”””
ഞാൻ വെറുതെ തല താഴ്ത്തി കൊണ്ട് മൂളി….. ഉത്തരം തനിക്ക് അറിയാമെങ്കിൽ പിന്നെ വെറുതെ മനുഷ്യനെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കണോഡോ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും അനുസരണയില്ലാത്ത നാവ് ഒരടി അനങ്ങിയില്ല….
“””ശിവേട്ടാ…… ഭക്ഷണം…..”””
എന്നെ നോക്കി പല്ല് കടിച്ചോണ്ട് നിന്ന ഏട്ടന് നേരെ പാത്രം നീട്ടികൊണ്ട് ഏട്ടത്തി പറഞ്ഞു….. അത്ഭുതം എന്ന് പറയാലോ, കൂടുതൽ ഒന്നും പറയാതെ ഏട്ടൻ ഭക്ഷണം കഴിക്കാൻ പോയി…..
“””സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ ആ വാഴയൊക്കെ ഒന്ന് നനയ്ക്ക്””””
എന്ന് മാത്രം പറഞ്ഞു…. സത്യം പറഞ്ഞാൽ ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്, ഞാൻ എന്തിനാണ് അങ്ങേരെ ഇങ്ങനെ പേടിക്കുന്നതെന്ന് ചോദിച്ച അതിനൊരു വ്യക്തമായ ഉത്തരം എന്റെ പക്കലില്ല…. ഏട്ടന്റെ വാല് പോലെ പിന്നാലെ പോവുന്നതിനിടയ്ക്ക് ഏട്ടത്തി എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചെങ്കിലും കാട്ടുപോത്തിന്റെ കയ്യീന്ന് രക്ഷപ്പെട്ട സമാധാനത്തിൽ ഞാൻ അത് കാര്യമാക്കിയില്ല…