“””ന്റെ കാർത്യായനി നീ ഇങ്ങനെ അമാന്തിക്കാതെ അതങ്ങ് വേഗം നടത്തിക്കൂടെ”””
“””ഓ ഞാൻ അമാന്തിക്കുന്നതല്ലെടി……. ഇപ്പോഴത്തെ കാലം അല്ലേ…… പിള്ളേരുടെ മനസ്സിൽ എന്താന്ന് കൂടി ഒന്ന് അറിയണ്ടേ”””
“””പിള്ളേരെ കാര്യം പറഞ്ഞ് മനസ്സിലാക്കണം…. കാര്യം ഇല്ലാതെ പഴമക്കാര് ഒന്നും ചെയ്യില്ലല്ലോ…. ഇപ്പോ തന്നെ നീ നോക്കിയേ നമ്മുടെ കുഞ്ഞിപ്പെണ്ണിന്റെ മക്കളെ അവസ്ഥ, ആചാരം ലംഘിച്ച് കല്യാണം കഴിച്ചിട്ട് ഇപ്പോ കണ്ടില്ലേ രണ്ടും രണ്ട് വഴിക്കായത്…..”””
“””ഹാ അതും ശരിയാണ്…. എന്നെകൊണ്ട് എന്തായാലും നേരിട്ട് പറയാൻ വയ്യ…. ഗോവിന്ദനോട് പറയാം, അവനാണെങ്കിൽ ഒരു തഞ്ചത്തിൽ ശിവനോട് കാര്യം പറഞ്ഞോളും”””
“””എന്തായാലും അധികം വൈകിക്കണ്ട…… ചെക്കൻ ആരെയെങ്കിലും വിളിച്ചോണ്ട് വരുന്നതിന് മുന്നെ ഇതങ്ങോട്ട് നടത്തിക്കോ….”””
“””ഓ എന്റെ മോൻ അങ്ങനെ ഒന്നും ചെയ്യില്ല….. നീ വെറുതെ ഓരോന്നും പറഞ്ഞുണ്ടാക്കണ്ട”””
“””ഉവ്വ് ഉവ്വേ…..”””
***
ഓഹ് പണ്ടാരടങ്ങാൻ രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട്………..
വേലിക്കൽ നിന്നുകൊണ്ടുള്ള അമ്മയുടെയും അപ്പുറത്തെ വീട്ടിലെ ദേവകിയുടെയും സംസാരം കൊതുകിന്റെ മൂളിച്ച പോലെ ചെവിയിൽ വന്ന് പതിച്ച് ശല്യമായി മാറിയപ്പോഴാണ് ഞാൻ ഉറക്കം ഉണർന്നത്….. ഇതിപ്പോ ഇന്ന് മാത്രമല്ല, സ്ഥിരം പതിവാണ്….. ആകെ രണ്ട് മുറി മാത്രമുള്ള വീട്ടിൽ ഏട്ടന്റെ കല്യാണം കഴിഞ്ഞ അന്ന് തൊട്ട് ഞാൻ ഈ തിണയിൽ കിടന്നാണ് ഉറക്കം, അന്ന് തൊട്ട് ഉറക്കം ഒക്കെ കണക്കാണ്….. കൊതുക്ക് ശല്യം, അപ്പുറത്തെ ദേവകിയുടെ വീട്ടിലെ പട്ടിയുടെ ശല്യം, പിന്നെ നേരം വെള്ളുത്താൽ ഇതുപോലെയുള്ള ശല്യങ്ങളുടെ ഘോഷയാത്രയാണ്….