❤️അനന്തഭദ്രം 11❤️
Anandha Bhadram Part 11 | Author : Raja | Previous Part
“”അടുത്ത നിമിഷം വയറിൽ ചേർത്ത് പിടിച്ച എന്റെ കയ്യിലെ ഭദ്രയുടെ പിടുത്തം വിട്ടുപോയി….ആ കണ്ണുകൾ പൂർണമായും അടഞ്ഞു കഴിഞ്ഞിരുന്നു…….അവളുടെ പുറം വടിവിൽ പരതിയ എന്റെ കൈ വെള്ളയിൽ അറിഞ്ഞ നനവ് രക്തത്തിന്റെതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു….ദേഹമാകെ ഒരു തരിപ്പ് പോലെ അനുഭവപ്പെട്ടു എനിക്ക്….ഭദ്രയുടെ ശരീരത്തിൽ നിന്നും ഒരു തണുപ്പ് എന്നിലേക്ക് പടരുന്ന പോലെ…… രക്തയോട്ടം നിലച്ച ഒരു ജീവച്ഛവം പോലെ ഇരുന്ന എന്റെയുള്ളിൽ നിന്നും ഉയർന്നു വന്ന ആർത്തനാദം തൊണ്ടക്കുഴിയിൽ ഉടക്കി….ഒന്ന് പൊട്ടി കരയാൻ പോലും സാധിക്കാതെ എല്ലാം കണ്മുന്നിൽ വച്ച് കൈ വിട്ട് പോകുന്നതായി എനിക്ക് തോന്നി..”‘
***************************************
ഒന്നരവർഷത്തിന് ശേഷം;..
ഒരു സായം സന്ധ്യയിൽ സുരേന്ദ്രനങ്കിളിന്റെ വീടിന്റെ ബാൽക്കണിയിലെ ചാരു കസേരയിൽ കിടക്കുകയായിരുന്നു ഞാൻ….അസ്തമയ സൂര്യൻ രക്തവർണ്ണമാക്കിയ ആകാശം…പുറത്ത് നിന്നും വീശുന്ന ഇളം തെന്നൽ ദേഹമാകെ തഴുകി തലോടി കൊണ്ടിരുന്നു… അത് പകർന്ന നേർത്ത കുളിരിൽ ലയിച്ചിരുന്ന എന്റെ കണ്ണുകൾ വീടിനോട് ചേർന്നുള്ള വാകമരത്തിന്റെ ചില്ലകളിലെ ഇണക്കുരുവികളിലേക്ക് പാഞ്ഞു… പരസ്പരം കിന്നരിച്ചു കൊണ്ട് ചുണ്ടുകൾ കോർത്ത അവർ പ്രണയം പങ്കു വയ്ക്കുന്ന ആ കാഴ്ച എന്റെ മുഖത്ത് നേർത്ത ഒരു പുഞ്ചിരി പടർത്തി….കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിണകളിൽ ഞാൻ മെല്ലെ വിരലോടിച്ചു… എണ്ണമയമില്ലാതെ അലസമായി കിടന്നിരുന്ന മുടിയിഴകളെ കൈ കൊണ്ട് ഒതുക്കി വച്ച് എഴുന്നേൽക്കാൻ തുനിയവേ ആണ് അകത്തു നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടത്…
മോള് നല്ല വാശിപ്പിടിച്ചുള്ള കരച്ചിലാണ്….അനാമിക എന്നാണ് മോൾക്ക് പേരിട്ടിരിക്കുന്നത്….ഞങ്ങളുടെ അനുമോൾ….ദൈവം എനിക്കും ഭദ്രയ്ക്കും സമ്മാനിച്ച നിധി… ഒരു വയസ്സാകുന്നു മോൾക്ക്….ഞാൻ എഴുന്നേൽക്കുമ്പോഴേക്കും മോളെയും എടുത്തു കൊണ്ട് ഗംഗ അവിടേക്ക് വന്നു….