“”കുഞ്ഞിന് ഉറക്കം മതിയായിട്ടില്ലന്ന് തോന്നുണ് അനന്തു.. അതാ ഈ കരച്ചിൽ….””
അത് പറഞ്ഞ് അല്പനേരം മോളെയും ചുമലിലിട്ടു കൊണ്ട് നടന്ന ഗംഗ അവളെ ഉറക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല….കുഞ്ഞ് വാശിപ്പിടിച്ചു കൊണ്ട് ചീറിക്കരഞ്ഞു… എന്നെ കണ്ടതും ഞാൻ എടുക്കാൻ വേണ്ടിയായിരിക്കണം പെട്ടെന്ന് കരച്ചിലിന്റെ ശക്തി കൂടിയത്……
ഗംഗയുടെ കയ്യിൽ നിന്നും ഞാൻ കുഞ്ഞിനെ വാങ്ങി…..
“”അച്ചോടാ വാവേ…എന്ത് പറ്റി എന്റെ പൊന്നിന്… അച്ഛന്റെ സുന്ദരിക്കുട്ടി എന്തിനാ കരയുന്നെ….ഹ്മ്മ്..””
കരഞ്ഞു കലങ്ങിയ ആ രണ്ട് കുഞ്ഞികണ്ണുകളിലും കവിളിണകളിലും ഞാൻ മാറി മാറി ചുംബിച്ചു… ചാരുകസേരയിൽ ഇരുന്ന് കൊണ്ട് ഞാൻ മടിയിലിരുത്തി കൊഞ്ചിച്ചതും കുഞ്ഞിന്റെ കരച്ചിൽ പതിയെ അടങ്ങി…..
“”അമ്പടി കുറുമ്പി… അച്ഛൻ വന്ന് എടുത്തപ്പോളേക്കും അവൾ കരച്ചിൽ നിർത്തിയത് നോക്കിക്കേ… ഞാൻ എടുക്കുമ്പോൾ മാത്രമേ നിനക്കീ വാശിയുള്ളൂ അല്ലേ…””
എന്റെ അരികിലായി വന്നിരുന്നു കൊണ്ട് അത് പറഞ്ഞ ഗംഗയുടെ വാക്കുകളിൽ അതിശയം….കരച്ചിൽ മാറിയതും കുഞ്ഞ് എന്റെ മടിയിലിരുന്ന് ഓരോ കുറുമ്പുകൾ കാണിക്കാൻ തുടങ്ങി….എന്റെ പോക്കറ്റിൽ പിടിച്ച് വലിക്കാനും ഷർട്ടിന്റെ ബട്ടൺസിൽ കുഞ്ഞ് വിരലുകൾ കൊണ്ട് തെരുപ്പിടിപ്പിക്കാനും നോക്കുന്നുണ്ട് അവൾ….ഗംഗ എന്നോട് സംസാരിക്കുന്നതിനിടയിൽ എന്റെ ശ്രദ്ധ അവളിൽ നിന്നും മാറുന്നുണ്ടോ എന്ന് തോന്നിയത് കൊണ്ടാകാം ഇടയ്ക്കിടയ്ക്ക് ബഹളം വച്ച് ഓരോ ചേഷ്ട്ടകൾ കാണിക്കുന്നുണ്ട് കുറുമ്പിപെണ്ണ്….. ഞാൻ എന്റെ നെഞ്ചിലായി അവളെ കിടത്തിയപ്പോൾ തന്റെ തലയിലും കവിളിണയിലും തഴുകിയ ഗംഗയെ കിടന്ന കിടപ്പിൽ തന്നെ സസൂക്ഷ്മം നോക്കുന്നുണ്ടായിരുന്നു മോള്….ഗംഗയുടെ കഴുത്തിലെ താലിമാലയിൽ ആ കുഞ്ഞ് വിരലുകൾ കോർത്ത് പിടിച്ചു…
പെട്ടന്നായിരുന്നു ഗംഗയുടെ ഫോൺ റിങ് ചെയ്തത്… അവൾ ഫോണുമെടുത്ത് അകത്തേക്ക് പോയി….ഞാൻ കസേരയിലേക്ക് ഒന്ന് കൂടെ ചാരിയിരുന്നു…. മോളുടെ പുറത്ത് മെല്ലെ തലോടി കൊണ്ടിരുന്നു….ഉറക്കം മതിയായിട്ടില്ലന്ന് തോന്നുന്നു എന്റെ വാവയ്ക്ക്….. കുഞ്ഞി കണ്ണുകൾ പതിയെ അടയുന്നുണ്ടായിരുന്നു….. പതിയെ മോള് വീണ്ടും ഉറക്കത്തിലേക്ക് വീഴുന്നത് കണ്ട ഞാൻ ആ കുഞ്ഞ്നെറ്റിയിൽ മുത്തി…
മോളുറങ്ങിയതിന് ശേഷം ഫോൺ നോക്കിയപ്പോഴായിരുന്നു രാജശേഖർ സാറിന്റെ മിസ്സ്ഡ് കാൾ കണ്ടത്….ഫോൺ സൈലന്റിൽ ഇട്ടിരുന്നത് കൊണ്ട് കാൾ വന്നത് അറിഞ്ഞില്ലായിരുന്നു…….