യുഗങ്ങൾക്കപ്പുറം നീതു [Achillies]

Posted by

“ദേ മനുഷ്യാ കുഴിക്കകത് മനസമാധനോയിട്ടു കിടന്നുറങ്ങുന്ന എന്റെ അപ്പനെ പറഞ്ഞാലുണ്ടല്ലോ….”

നീതുവിന്റെ ഓരോ കുസൃതികളും തൊട്ടവാക്കിന് എടുത്തടിച്ചപോലുള്ള മറുപടികളും അജയ് യെ നീതുവിലേക്ക് കാന്തം പോലെ അടിപ്പിച്ചു കൊണ്ടിരുന്നു.

രാത്രി ഏറെ വൈകിയും ചാറ്റ് നീണ്ടു പോയി…

തുടർച്ച പോലെ രാവിലെ ഗുഡ് മോർണിംഗ് മെസ്സേജ് കൂടി അവർക്കിടയിൽ അവരറിയാതെ ഒരു ഹൃദയബന്ധം പുലരുന്നതിനു കാരണമായി.
********************************

“സർ നു ഇന്നെന്താ പറ്റിയെ….?”

“എന്ത്…!!!”

“അല്ല ഇന്നെന്തോ മാറ്റം പോലെ…ഡ്യൂട്ടിയിൽ ഇരുന്ന സംഗീത അടക്കം ചോദിക്കുകയും ചെയ്തു.”

രാവിലെ നീതുവുമായി ചെറിയൊരു കത്തിവെപ്പു കഴിഞ്ഞു ഡ്യൂട്ടിക്ക് കയറിയ അജയ് പതിവ് മുഖത്തണിയുന്ന ഗൗരവം വീട്ടിൽ വച്ച് മറന്നു അറിയാതെ മുഖത്ത് വന്ന പുഞ്ചിരിയുമായാണ് സ്റ്റേഷനിൽ വന്നെത്തിയത്.
ഓരോന്ന് ചെയ്യുമ്പോഴും ഓര്മയിലെത്തുന്ന നീതു കാരണം, പലപ്പോഴും മുഖത്തെ ഭാവം പുഞ്ചിരിയിലേക്ക് കൂപ്പുകുത്തി.
സ്റ്റേഷനിൽ അജയ് ഉള്ളപ്പോഴെല്ലാം സി സി ടി വി പോലെ അജയ് യുടെ മുഖം ഒപ്പിയെടുക്കുന്ന സംഗീത അത് ഉടനെ പിടിച്ചെടുക്കുകയും ചെയ്തു.
കാടിളക്കി നടക്കുന്ന മദയാനയാണെങ്കിലും സ്റ്റേഷനിൽ ഉള്ള സ്ത്രീകളെ അജയ് അധികം അടുപ്പിക്കാറില്ലയിരുന്നു,…വിധേയത്വം അത് എന്തിന്റെ പേരിൽ ആണെങ്കിലും തന്റെ ജോലിയെ ബാധിക്കുന്നതാണെങ്കിൽ അജയ് അനുവദിച്ചു കൊടുക്കില്ലയിരുന്നു. അതിനു ഒരു പരിധിവരെ എങ്കിലും താഴ്ന്നത് ഹരിക്ക് വേണ്ടി ആയിരുന്നു…അജയ് യുടെ പെങ്ങൾമാർക്ക് വേണ്ടി ആയിരുന്നു.

“എനിക്ക് ഒന്നുമില്ല….,
പുതിയ കേസിന്റെ ചാർജ് ഷീറ്റ് എഴുതാൻ ഏൽപ്പിച്ചത് രാവിലെ ഞാൻ വരുമ്പോൾ ടേബിളിൽ ഉണ്ടാവണം എന്ന് പറഞ്ഞിട്ട് എവിടെ….?”

കൈ വിട്ടു പോയ സ്റ്റേഷനിലെ സ്ഥായിഭാവം വീണ്ടെടുത്തു കൊണ്ട് അജയ് മുന്നിൽ നിന്ന എ എസ് ഐ യോട് മുരണ്ടതും അയാൾ ഉടനെ ചാർജ് ഷീറ്റ് എടുക്കാനായി അജയ്ക്ക് സല്യൂട്ട് നൽകി പുറത്തേക്ക് പോയി.

തനിക്കെന്താണ് പറ്റിയത്….നീതു എന്താണ് തന്നിൽ ചെയ്തത്…

കസേരയിലേക്ക് ചാഞ്ഞു കൊണ്ട് അജയ് ആലോചനയിൽ ആണ്ടു…
ആഹ് നിമിഷം അവളെ അവനു കാണണം എന്നു തോന്നി.

ഫോണെടുത്തു വാട്സ് ആപ്പിലെ അവളുടെ ഡി പി എടുത്ത് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *