എനിക്കിപ്പോഴും ആഹ് മരത്തിനു കീഴിൽ നിന്നാൽ കാണാം…”
കൈ കൊണ്ട് ഒരു ഓർമയിൽ ആണ്ടു പോയ പോലെ അജയ് സ്വന്തം കവിളുകൾ തഴുകിയപ്പോൾ
അവന്റെ നെഞ്ചിൽ ചാരി വിടർന്ന മിഴിയിണയിൽ ഒരു കൊച്ചു കുട്ടിയുടെ ആകാംഷയോടെ നീതു കേട്ടിരുന്നിരുന്നു.
അവനെ സ്വപ്നത്തിൽ നിന്നും ഉണർത്താൻ എന്ന വണ്ണം അവന്റെ കവിളിൽ വച്ചിരുന്ന കൈക്ക് മുകളിൽ നീതു അവളുടെ കൈകൂടി വച്ചു.
അവളെ മുഖം കുനിച്ചു നോക്കിയ അവന്റെ കണ്ണുകൾ പതിയെ സജലങ്ങളാവുന്നത് നീതു നോക്കികണ്ടപ്പോൾ ഉള്ളിൽ വല്ലാതെ നീറ്റൽ പടരുന്നത് അവളറിഞ്ഞു.
“എന്നെ നോക്കി കിലുക്കാം പെട്ടിപോലെ ചിരിച്ചുകൊണ്ടോടുന്ന ആദിയെ നോക്കി ആഹ് ചുവട്ടിൽ അന്ന് ഞാൻ നിൽക്കുമ്പോൾ ഓർത്തിരുന്നില്ല, വിടർന്നു തുടങ്ങിയ പ്രണയം ഒരു ദിവസത്തിനപ്പുറം ഏതൊരു പൂവും കൊഴിയുംപോലെ കൊഴിഞ്ഞു വീഴുമെന്ന്.
പിറ്റെന്നവൾക്കായി പറിച്ചുകൂട്ടിയ മുല്ലപ്പൂക്കൾ വാഴയിലകുമ്പിളിലാക്കി എത്തിയ എന്നെ കാത്ത് അവൾ നിന്നത് തൊടിയിലെ കുളത്തിൽ മരവിച്ചു വിളറിയ വെറും ശരീരം മാത്രമായിട്ടായിരുന്നു.
ഒരു നോക്കേ എനിക്ക് നോക്കാൻ കഴിഞ്ഞുള്ളു നീതു, അവളുടെ പ്രകാശം പടർത്തുന്ന മുഖം കണ്ടു ശീലിച്ച എനിക്ക് അവളെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല.
തലയിലേക്ക് കയറിക്കൂടിയ ഇരുട്ട് മാറുമ്പോഴേക്ക് എന്റെ ആദി എന്നെ വിട്ടു യാത്ര ആയിരുന്നു.
കാൽ വഴുതി കുളത്തിലേക്ക് വീണു തലയ്ക്ക് പറ്റിയ പരിക്കുമായി ഞാൻ വരുന്നതും കാത്ത് അവൾ കിടന്നിരുന്നു, ‘എന്നെയും കാത്ത്….’
ആഹ് തോന്നൽ എന്നെ വേട്ടയാടിയതിന് കണക്കുകൾ ഇല്ല…
അവളുടെ ഓര്മ നെഞ്ചിൽ നിറഞ്ഞു നിന്നിരുന്നത് കൊണ്ട് വേറെ ഒരു പെണ്ണും ഹൃദയത്തിലേക്ക് കയറിയില്ല….കയറ്റാൻ എനിക്ക് കഴിയുമായിരുന്നില്ല.”
അജയ്യുടെ ഓരോ വാക്കും അവന്റെ നെഞ്ചിന്റെ താളം ശ്രെവിച്ചു കൊണ്ട് കിടന്നിരുന്ന നീതുവിന്റെ നെഞ്ചിനെ തുളച്ചുകൊണ്ടിരുന്നു.
ആഹ് വേദന നീർക്കണങ്ങളായി കണ്ണിലൂടെ പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.
” ബോധം പൂർണ്ണമായി നശിച്ചു കിടന്നുറങ്ങുന്ന ചില രാത്രികളിൽ അവളെ ഞാൻ കാണാറുണ്ട് എന്റെ സ്വപ്നത്തിൽ, എന്റെ അടുത്തവൾ വന്നിരിക്കും എന്നെ തലോടും, എന്നാൽ പതിയെ എന്റെ സ്വപ്നത്തിൽ നിന്ന് കൂടി അവൾ മായാൻ തുടങ്ങിയപ്പോൾ എനിക്ക് പേടി ആയി.
ഇതിനിടയിൽ അന്തികൂട്ടിനു എന്നെ തേടി വന്നതും ഞാൻ പോയതുമായ പെണ്ണുങ്ങൾ, ഇവരാരും പക്ഷെ എന്റെ ഹൃദയം കണ്ടിട്ടില്ല, അത് കൊണ്ടവൾ അവൾ മാത്രം ആയിരുന്നു ആദി.
അതങ്ങനെ ആവണം എന്ന എന്റെ വാശി ആയിരുന്നു ഇതുവരെ ഉള്ള ഒറ്റയ്ക്കുള്ള ജീവിതം.”
അജയ് പറഞ്ഞു നിർത്തിയപ്പോൾ നീതു തല ഉയർത്തി സംശയത്തോടെ അവനെ നോക്കി.
“എന്നിട്ടെന്തു പറ്റി ഇപ്പോൾ…..”
നീതു സംശയം വിടാതെ അവനെ നോക്കി.