കവിളിൽ തലോടി അജയ് ചോദിച്ചു.
“എനിക്കില്ലേ….എനിക്കാ…പാലമരത്തിന്റെ അടുത്ത് പോണം.”
അവളുടെ ഉദ്ദേശം വ്യകതമായില്ലെങ്കിലും, ഉദ്ദേശിച്ച സ്ഥലം മനസ്സിലായ അജയ് കണ്ണിൽ
വിരിഞ്ഞ കൗതുകത്തോടെ അവളെ നോക്കി.
“എന്തിനാ ഇപ്പോൾ അങ്ങോട്ട് പോവുന്നെ നീതു….”
“ആഹ് എനിക്ക് പോണോന്നു തോന്നി കൊണ്ടോവാൻ പിന്നെ ഞാൻ വേറെ ആരേലും വിളിക്കണോ…”
കുറച്ചു നേരം മുൻപ് തന്റെ നെഞ്ചിൽ കടി കിട്ടും മുൻപ് കണ്ട അതേ ഭാവത്തിൽ മുകളിൽ കിടക്കുന്ന നീതുവിനെ കണ്ടതും, അജയ് യുടെ നെഞ്ചിലെ അവളുടെ പല്ലു പതിഞ്ഞ പാടിൽ ഒരു വിറ കയറി ഇറങ്ങി പോയി.
“ഇപ്പോൾ രാത്രി ആയില്ലേ നീതുസേ….ഈ സമയം അങ്ങോട്ടൊക്കെ ചെന്നാൽ….വല്ലോരും കണ്ടാൽ നമുക്ക് പ്രാന്താണെന്നു പറയും….
നാളെ പോയാൽ പോരെ…”
“എന്നെ ഇപ്പൊ കൊണ്ടോയില്ലെങ്കിൽ,….ഞാൻ ഒറ്റയ്ക്ക് പോവും….
അന്ന് കേട്ടപ്പോൾ തൊട്ടു ഞാൻ ഉറപ്പിച്ചതാ, ഇച്ഛായൻ കെട്ടിയ താലിയുമായി, ആദിയെ പോയി കാണാണോന്നു, ഇനി ഇച്ഛായനെ ഒറ്റയ്ക്കാക്കി വിടില്ലെന്ന് ആദിയോട് പറയണോന്നു…
എനിക്ക് പോണം ഇച്ഛായാ…”
അവളുടെ പ്രതീക്ഷ നിറഞ്ഞ കണ്ണുകൾ നോക്കിയ അജയ്ക്ക് നിരാശപ്പെടുത്താൻ തോന്നിയില്ല. പ്രായക്കുറവുള്ള ഒരു പെൺകുട്ടിയെ കൂടെ സഖിയായി കൂട്ടുമ്പോൾ അവളുടെ പക്വതയില്ലാത്ത ചില കുറുമ്പുകളും പിടിവാശികളും സഹിച്ചു കൊടുക്കേണ്ടി വരും എന്ന് അജയ് മനസ്സിൽ കണക്ക് കൂട്ടിയിരുന്നു..
എന്നാൽ നീതുവിലെ കുറുമ്പിലും പിടിവാശിയിലും എല്ലാം എവിടെയോ ഒരു നേരും സത്യവും അനിവാര്യതയും ഒളിഞ്ഞു കിടക്കുന്നത് കണ്ട അജയ് താനേ എഴുന്നേറ്റു.
“ഡി പെണ്ണെ ഒച്ചയുണ്ടാക്കാതെ വരണം…..ആരേലും ഉണർന്നു വരനും വധുവും ആദ്യരാത്രി പകുതിക്ക് വച്ച് തൊടിയിൽ കറങ്ങി നടക്കുന്നത് കണ്ടാൽ മതി ഓരോന്ന് പറഞ്ഞുണ്ടാക്കാൻ,
ഇതെങ്ങാനും ഇന്ദിരാമ്മ അറിഞ്ഞാൽ പിന്നെ പറയുകേം വേണ്ട….പൊന്നുമോളെ, അമ്മ ഒന്നും ചെയ്യത്തില്ലാ കാത്തിരുന്നു കിട്ടിയ തങ്കകുടം അല്ലെ, കിട്ടുന്ന മുഴുവൻ എനിക്കായിരിക്കും….
അതോണ്ട് സൂക്ഷിച്ചു എന്റെ പിറകെ തന്നെ വന്നോണം…”
അജയ് പറയുന്നതിനൊക്കെ തല കുലുക്കിയ നീതു വാതിൽ തുറന്നു പൂച്ചയെ പോലെ പതുങ്ങി പുറത്തേക്ക് ഇറങ്ങി അജയ് യുടെ നിഴൽപറ്റി നീതുവും.
ഹരിയുടെയും പെണ്ണുങ്ങളുടെയും മുറിയുടെ അടുത്തൂടെ പോയപ്പോൾ കുണുങ്ങി ചിരിയും അടക്കിയ സംസാരവും കേട്ട നീതു പതിയെ ശബ്ദമില്ലാതെ ചിരിച്ചു.
താഴേക്കുള്ള പടികൾ കടന്നു ഹാളിൽ വിരിച്ച പായയിൽ നീണ്ടു നിവർന്നു കിടന്നുകൊണ്ട് ഉറക്കത്തിലും തുമ്പിയെ വിളിക്കുന്ന രാമേട്ടനെയും കടന്നു, ഉമ്മറ വാതിൽ തുറന്നു പുറത്തു കടന്നപ്പോഴാണ് അജയ് യും നീതുവും ഒന്ന് ശ്വാസം വിട്ടത്.