എന്നോടെന്തിനാ ഇവൾക്ക് ഇത്ര ദേഷ്യം.
അത് ചിന്തിച്ചിരിക്കേ താടക വീണ്ടും റൂമിലേക്ക് കയറിവന്നു. പക്ഷേ ഇപ്രാവിശ്യം എനിക്ക് വല്യ ഞെട്ടലൊന്നും ഉണ്ടായില്ല.
ഇനിയെന്ത് പണിയും കൊണ്ടാണാവോ തടകയുടെ വരവ്.
അവൾ പയ്യെവന്ന് കസേര വലിച്ച് ബെഡിന് അടുത്തൊട്ട് ഇട്ട് അതിൽ ഇരുന്നു.
” രാഹുൽ… സോറി… വയ്യാണ്ടിരിക്കുവാണെന്ന് എനിക്കറിയില്ലായിരുന്നു… ”
താടകയുടെ കുറ്റസമ്മതം കേട്ട് എനിക്ക് ചിരിയാണ് വന്നത്. പക്ഷേ ചിരിച്ചില്ല. ഇനിയെങ്ങാനിവളുടെ മനസ് മാറി കസേരക്കടിച്ചാലോ എന്ന ചെറിയൊരു പേടിയുണ്ടായിരുന്നെന്ന് കൂട്ടിക്കോ.
” എന്നെയിങ്ങനെ ഉപദ്രവിക്കാനുമ്മാത്രം ഞാൻ തന്നോടെന്താടോ ചെയ്തേ… ”
താൻ എന്ന എന്റെ അഭിസംബോധന കെട്ടിട്ടാവണം അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കിയത്.
” നോക്കണ്ട…. മാഡം ഒക്കെ ഓഫീസിൽ. അവിടെയെ എന്റെ മേലധികാരി എന്ന ബഹുമാനം തനിക്ക് തരേണ്ട ആവിശ്യമുള്ളൂ… അതിനകത്തെ താനെന്ത് പറഞ്ഞാലും വായടച്ചു നിൽക്കേണ്ട ആവിശ്യമെനിക്കുള്ളു… അത്കൊണ്ട് പുറത്തൂന്ന് മെക്കിട്ട് കേറാൻ നിന്നാ ഞാൻ നോക്കി നിൽക്കില്ല… ”
ഞാൻ പറഞ്ഞുകഴിഞ്ഞപ്പോൾ തടകയുടെ കണ്ണൊക്കെ ചുവന്നു. ആ പഴയ രൗദ്ര ഭാവം വീണ്ടും അവിടെ തെളിഞ്ഞുവന്നു.
” അതിന് നീ ഉണ്ടായാലല്ലേ….! ”
എന്നുംപറഞ്ഞ് അവളുടെ കൈകൾ എന്റെ കഴുത്തിനെ ചുറ്റിവരിഞ്ഞു.
എന്റെ കണ്ണൊക്കെ തുറിച്ചുവന്നു. ശ്വാസം കിട്ടാതെ ഞാൻ കിടന്ന് പിടഞ്ഞു. എന്റെ മരണം കണ്മുന്നിൽ വന്നുനിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.
” ഡീ….. ”
ജിൻസിയുടെ അലർച്ച അവിടെ മുഴങ്ങിയതും അവളുടെ കൈ ആയഞ്ഞു.
എന്നെയൊന്ന് തറപ്പിച്ചുനോക്കിയവൾ ജിൻസിയെയും തട്ടിമാറ്റി പുറത്തേക്ക് നടന്നു.
ജിൻസിയാവട്ടെ ഒരുനിമിഷം പകച്ചെന്നെ നോക്കിയിട്ട് അവൾക്ക് പിന്നാലെ ഇറങ്ങിയോടി.
എന്താണിപ്പോ സംഭവിച്ചതെന്ന് കൃത്യമായി മനസിലായില്ലെങ്കിലും ജീവൻ തിരിച്ച് കിട്ടിയതിൽ ഞാൻ അറിയാതെ ദൈവത്തെ വിളിച്ചുപോയി.
ദൈവമേ പണ്ടാരക്കാലിക്ക് വട്ടാണോ…?