പതിവുപോലെ ഉച്ചയ്ക്ക് തുഷാരായെത്തി. അവൾ എന്റെ കൂടെയാണ് എന്നും ഊണ് കഴിക്കുന്നത്. ഷോപ്പിന് ഉള്ളിൽ തന്നെ ഒരു ഓഫീസ് മുറിയുണ്ട്. ടേബിളിൽ ഇരുവശത്തുമിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒരു രസമാണ്. പക്ഷെ പെണ്ണിന് ഒരു കുഴപ്പമുണ്ട്. കഴിച്ചു കഴിഞ്ഞാൽ കോളേജിലേക്ക് പോകാൻ ഭയങ്കര മടിയാണ്. ഉന്തി പറഞ്ഞുവിടണം.
: ഹലോ..വീണ്ടും ഇരിക്കാനുള്ള പ്ലാനാണോ… എഴുന്നേൽക്കെടി. സമയായി, കോളേജിൽ പോവാൻ നോക്ക്..
: പ്ലീസ് മുത്തേ… ഇന്ന് ക്ലാസ് കാട്ടാക്കാം
: ഇറങ്ങെടി…പോത്തേ.
: ആഹ്… ചെവിക്ക് പിടിക്കണ്ട, ഞാൻ പൊക്കോളാം…
പോകാൻ നേരം എന്നെനോക്കി കൊഞ്ഞനം കുത്താൻ മറന്നില്ല അവൾ. അവളുടെ ഓരോ സമയത്തുള്ള കളി കാണാൻ നല്ല ഭംഗിയാണ്. കുറുമ്പിയുടെ കൂടെ ഇരിക്കുമ്പോൾ സമയം പോകുന്നതറിയില്ല. ഓരോ കുസൃതി കാണിച്ചുകൊണ്ടിരിക്കും. വൈകുന്നേരം ലെച്ചു വരുന്നതുവരെയാണ് എന്റെ ജോലി. അത് കഴിഞ്ഞ് വീട്ടിലൊക്കെ പോയി കട അടക്കാൻ നേരത്ത് വീണ്ടും വരും. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. എന്താണെന്നറിയില്ല മീരയുടെ മെസ്സേജും കോളുമൊന്നും ഇപ്പൊ കാണാറില്ല. ചിലപ്പോ ഭർത്താവ് കയ്യോടെ പിടിച്ചുകാണും. ഹേ…അങ്ങനെ വരാൻ വഴിയില്ലല്ലോ… കാരണം അവളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ആരെയെങ്കിലുമായിരിക്കുമല്ലോ കെട്ടിയത്. എന്ത് തേങ്ങയെങ്കിലും ആവട്ടെ. ഞാൻ എന്തിനാ ചുമ്മാ അതൊക്കെ ഓർത്ത് സമയം കളയുന്നെ അല്ലേ….
*************
തുഷാരയുടെ അവസാന സെമസ്റ്റർ പരീക്ഷകൾ കഴിഞ്ഞ് രണ്ടാം ദിവസമാണ് കിച്ചാപ്പിയുടെ കല്യാണം. അങ്ങനെ നീതുവിന്റെ മനസിലെ വലിയൊരാഗ്രഹം പൂവണിഞ്ഞു. ഇതിൽ അധികം ആർക്കും അറിയാത്ത വലിയൊരു രഹസ്യമുണ്ട്. ഞങ്ങൾ കുറച്ചുപേർക്ക് മാത്രമേ അറിയൂ രണ്ടാളും പ്രേമത്തിലായിരുന്നെന്ന്. നീതുവിന്റെ വീട്ടിൽ പെണ്ണുകാണാൻ പോയ അന്നത്തെ കിച്ചാപ്പിയുടെ അഭിനയം കണ്ടാൽ നാഷണൽ അവാർഡ് കൊടുത്തുപോകും. ഒടുവിൽ നീതുവിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു എന്ന് വിളിച്ചു പറയുന്നത് വരെ അവന്റെ കുണ്ടിക്ക് തീ പിടിച്ച അവസ്ഥയായിരുന്നു. തുഷാരയുടെ വീട്ടിലും ക്ഷണമുണ്ട്. തുഷാരയ്ക്ക് എന്റെ കൂടെ അടിച്ചുപൊളിക്കാനുള്ള അവസരം കിട്ടിയതല്ലേ… പെണ്ണ് വിടുമോ…
കാലത്ത് പുതച്ചുമൂടി കിടക്കുന്ന എന്റെ തലയിൽ നിന്നും പുതപ്പ് നീങ്ങിയപ്പോൾ ഞാൻ വിചാരിച്ചത് ലെച്ചുവാണെന്നാണ്. ലെച്ചുവിന് ഞാൻ ഉറങ്ങുന്നത് കണ്ടാൽ കൈ തരിക്കും. പുതപ്പ് മാറിയിട്ടും ഞാൻ കണ്ണുതുറന്നില്ല. ചുരുണ്ടുകൂടി കിടക്കുന്ന എന്റെ കവിളിൽ തുണത്ത വിരലുകൾ പതുക്കെ തലോടിയപ്പോൾ രോമാഞ്ചത്താൽ രോമകൂപങ്ങൾ എഴുന്നേറ്റ് നിന്നു. മുക്കിയും മൂളിയും മലർന്ന് കിടന്നതും അവളുടെ കൈകൾ എന്റെ രണ്ട് പള്ളയിലും ഇക്കിളിപെടുത്തി. പിടഞ്ഞ് എഴുന്നേറ്റ ഞാൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത് എന്നെനോക്കി ചിരിക്കുന്ന തുഷാരയുടെ മുഖമാണ്. കണ്ണ് തിരുമ്മി ഒന്നുകൂടി അവളെ നോക്കി… അതെ.. ഇത് തുഷാരയാണല്ലോ.ചന്ദനക്കുറിയൊക്കെ തൊട്ട് രാവിലെതന്നെ ഇവളിതെവിടുന്നാ…… ചുറ്റും നോക്കി. ഇത് എന്റെ മുറിയാണല്ലോ…ഇവളെങ്ങനെ ഇവിടെത്തി ….